കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം ലോക്ക് ഡൌണിലേക്ക് പോകുമ്പോള്‍ ജാഗ്രതാ നിര്‍ദേശങ്ങളുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ബിഗ് ബോസ് മത്സരാര്‍ഥി ആയിരുന്ന ആര്‍ജെ രഘു. ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്തിറങ്ങിയിട്ട് വീട് തന്നെ മറ്റൊരു ബിഗ് ബോസ് ഹൌസ് ആയതുപോലെയുള്ള ദിനങ്ങളാണിതെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ രഘു പറഞ്ഞു. മറ്റുള്ളവരുടെകൂടി സുരക്ഷയെ കരുതി ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

"21 ദിവസത്തേക്ക് നമ്മുടെ രാജ്യം ലോക്ക് ഡൗണ്‍ ചെയ്യാന്‍ പോവുകയാണ്. സുരക്ഷിതരായി ഇരിക്കുക. ഞാനൊക്കെ ബിഗ് ബോസ് ഹൌസില്‍നിന്ന് ഇറങ്ങിയിട്ട് വീടും ബിഗ് ബോസ് ഹൌസ് പോലെ അങ്ങനെ നില്‍ക്കുകയാണ്. നമ്മള്‍ എല്ലാവരും അത്രയും സ്നേഹത്തോടെ മറ്റുള്ളവര്‍ക്കുകൂടി വേണ്ടി.. നമ്മുടെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന സമയമാണ്. ഒരു അപേക്ഷയാണ്. സുരക്ഷിതമാവുക എന്നേ പറയാനുള്ളൂ. ലോകത്ത് ഇതുവരെ വരാത്ത സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യ അതിനെ ശക്തമായി ചെറുക്കുകയാണ്. നമുക്ക് ഒരുമിച്ച് നിന്നിട്ട് ആ ചെറുക്കലില്‍ പങ്കുചേരാം", രഘു പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് കൊവിഡ് 19 പശ്ചാത്തലത്തില്‍ 75-ാം ദിനം അവസാനിപ്പിക്കുകയായിരുന്നു. പത്ത് മത്സരാര്‍ഥികള്‍ ഹൌസില്‍ തുടരുമ്പോഴായിരുന്നു തീരുമാനം. ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യയും ഏഷ്യാനെറ്റും ഷോ അവസാനിപ്പിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. 75-ാം ദിവസം ബിഗ് ബോസ് അവതാരകനായ മോഹന്‍ലാല്‍ ഹൌസിലേക്ക് നേരിട്ടെത്തിയാണ് മത്സരാര്‍ഥികളോട് കാര്യം അവതരിപ്പിച്ചത്.