ലക്നൗ: ഉത്തർപ്രദേശിൽ 7.97 ലക്ഷം വിദ്യാർത്ഥികൾ ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സെക്കന്ററി ബോർഡ് പരീക്ഷ​കളിലാണ് ഇത്രയധികം വിദ്യാർത്ഥികൾ തോറ്റത്. ജൂൺ 27 ശനിയാഴ്ചയായിരുന്നു ഫലപ്രഖ്യാപനം. പത്താം ക്ലാസിലെ 2.70 ലക്ഷം കുട്ടികൾക്ക് ഹിന്ദിക്ക് പാസ്മാർക്ക് പോലും നേടാൻ സാധിച്ചില്ല. അതുപോലെ തന്നെ ഹൈസ്കൂളിൽ 5.28 ലക്ഷം കുട്ടികളാണ് ഹിന്ദി പരീക്ഷയിൽ തോറ്റുപോയത്. 

പത്താം ക്ലാസിലെയും ഹൈസ്കൂളിലെയും 2.39 ലക്ഷം കുട്ടികൾ ഹിന്ദി  ഒഴിവാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസിലെ ഹിന്ദി പരീക്ഷാ പേപ്പർ പരിശോധിച്ച ടീച്ചർ പറയുന്നു. ''ചില ചെറിയ വാക്കുകൾ പോലും എഴുതാൻ പല കുട്ടികൾക്കും അറിയില്ല. പലർക്കും സ്പെല്ലിം​ഗ് പോലും കൃത്യമായി എഴുതാൻ കഴിഞ്ഞിട്ടില്ല. ഇവയിൽ നിന്നെല്ലാം മനസ്സിലാകുന്നത് ഭാഷാ പഠനത്തിൽ വിദ്യാർത്ഥികൾ വളരെയധികം പിന്നിലാണെന്നാണ്.'' ഹിന്ദി പഠിക്കാൻ വിദ്യാർത്ഥികളിൽ പലരും താത്പര്യം കാണിക്കാറില്ലെന്നും അധ്യാപിക കൂട്ടിച്ചേർത്തു. ഭാഷ പഠിച്ചത് കൊണ്ട് ഭാവിയിൽ പ്രയോജനമൊന്നും ഉണ്ടാകില്ല എന്ന ചിന്തയാണ് വിദ്യാർത്ഥികൾക്കുള്ളതെന്നും ഇവർ വെളിപ്പെടുത്തി. 

കഴിഞ്ഞ വർഷം പത്ത് ലക്ഷം വിദ്യാർത്ഥികളാണ് ഹിന്ദി പരീക്ഷയിൽ പരാജയപ്പെട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഈ വർഷം 56 ലക്ഷം വിദ്യാർത്ഥികളാണ് യുപിയിൽ പരീക്ഷയെഴുതിയത്.