തിരുവനന്തപുരം: സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതി ആവിഷ്‌ക്കരിച്ച് സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങൾക്ക് പ്രയോജനകരമാകും.

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിലും ഓൺലൈൻ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും പോലെ മുതിർന്നവരെയും ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരാക്കാൻ ഇ-കേരളം പദ്ധതി സഹായിക്കും. ഓൺലൈൻ ബാങ്കിംഗ്, ഓൺലൈൻ മാർക്കറ്റിംഗ്, സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ നൽകുന്ന ക്ലാസ് സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിന് ജനങ്ങളെ പ്രാപ്തരാക്കും. സ്‌കൂൾ തലം മുതൽ ഉള്ളവരെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. റൂട്രോണിക്സിന്റെ നെറ്റ്വർക്കിലുള്ള അധ്യാപകരുടെ സേവനവും ഇതിനായി ലഭ്യമാക്കും. ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ആവശ്യാനുസരണം കോണ്ടാക്ട് ക്ലാസുകളും നൽകാൻ സാധിക്കും.

രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി ലോഞ്ച് ചെയ്യുന്ന പദ്ധതി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്.   ആദ്യ ഘട്ടമെന്ന നിലയിൽ മട്ടന്നൂർ മണ്ഡലത്തിൽ ഇ-കേരളം പദ്ധതി നടപ്പാക്കും. ഒരു മുൻസിപ്പാലിറ്റിയും എട്ട് പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ ജനസംഖ്യ രണ്ടരലക്ഷത്തോളമാണ്. ഇതിൽ 70,000ത്തോളം പേർക്ക് അടിസ്ഥാന ഇന്റർനെറ്റ് വിദ്യാഭ്യാസം ആവശ്യമെന്നാണ് കണക്കാക്കുന്നത്. 30 മുതൽ 50 ദിവസത്തിനകം ക്ലാസുകൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് മറ്റ് മണ്ഡലങ്ങളിലും ഇ-കേരളം പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് സമ്പൂർണ ഇ സാക്ഷരത കൈവരിക്കാനാകും.