ദില്ലി: ഐസിഎസ്ഇ (10–ാം ക്ലാസ്), ഐഎസ്‍സി (12–ാം ക്ലാസ്) പരീക്ഷകളിൽ വിജയശതമാനം കൂടി. 10–ാം ക്ലാസിൽ ദേശീയതലത്തിൽ 0.79 %, കേരളത്തിൽ 0.05 % വീതമാണു വർധന. 12–ാം ക്ലാസിൽ യഥാക്രമം 2.02 %, 0.51 %. എഴുതിയ വിഷയങ്ങളിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് കോവിഡ് മൂലം ഒഴിവാക്കിയ പരീക്ഷകൾക്കു മാർക്ക് നിശ്ചയിച്ചത്. എഴുതിയ വിഷയങ്ങളിലെ മാർക്കിൽ പുനഃപരിശോധനയ്ക്കു 16 വരെ അപേക്ഷിക്കാമെന്നു കൗൺസിൽ അറിയിച്ചു. 

‌10–ാം ക്ലാസ് പരീക്ഷ എഴുതിയ 2,07,902ൽ 2,06,525 പേരും വിജയിച്ചു. 12–ാം ക്ലാസിലെ 88,409ൽ 85,611 പേരാണു വിജയിച്ചത്. കേരളത്തിൽ ഇരു ക്ലാസുകളിലുമായി 10,702ൽ 10,685 പേർ വിജയിച്ചു. മുൻവർഷത്തെക്കാൾ കൂടുതൽ പേർ കേരളത്തിൽ പരീക്ഷയെഴുതി. ദേശീയതലത്തിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ പരീക്ഷയെഴുതിയതിൽ പെൺകുട്ടികളാണു കൂടുതൽ.