തിരുവനന്തപുരം: കേരള ഭരണസര്‍വീസ് (കെ.എ.എസ്.) മുഖ്യപരീക്ഷ നവംബര്‍ 20, 21 തീയതികളില്‍ നടത്തും. ഒന്നാം കാറ്റഗറിയിലും രണ്ടാം കാറ്റഗറിയിലുമായി മുഖ്യപരീക്ഷ എഴുതാന്‍ അര്‍ഹത നേടിയവരുടെ പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു.

ഒന്നാം കാറ്റഗറിയില്‍ 2160 പേരും രണ്ടില്‍ 1048 പേരുമാണുള്ളത്. നേരിട്ട് അപേക്ഷിച്ചവരുടെ ഒന്നാം കാറ്റഗറിക്ക് 77 ആണ് കട്ട്-ഓഫ് മാര്‍ക്ക്. ഗസറ്റഡ് റാങ്കിലല്ലാത്ത ജീവനക്കാര്‍ക്കുള്ള രണ്ടാം കാറ്റഗറിക്ക് 60 മാര്‍ക്ക് കട്ട്-ഓഫായി നിശ്ചയിച്ചു. ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവര്‍ എഴുതിയ മൂന്നാം കാറ്റഗറിയുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. കോടതിയില്‍ കേസുള്ളതുകൊണ്ടാണ് ഫലപ്രഖ്യാപനം മാറ്റിയത്.

കട്ട്-ഓഫ് മാര്‍ക്കില്‍ ഇളവനുവദിച്ച് സംവരണ വിഭാഗക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നവിധം ഏകീകൃത പട്ടികയാണ് മുഖ്യപരീക്ഷയ്ക്കായി തയ്യാറാക്കിയത്. 200 മാര്‍ക്കിനുള്ള പ്രാഥമിക പരീക്ഷയ്ക്ക് നേടിയ മാര്‍ക്ക് മുഖ്യപരീക്ഷയെഴുതാനുള്ള അര്‍ഹതയ്ക്കു മാത്രമാണ് പരിഗണിച്ചത്. ഫെബ്രുവരി 22-നാണ് പ്രാഥമിക പരീക്ഷ നടത്തിയത്. പുനര്‍മൂല്യനിര്‍ണയത്തിനും ഒ.എം.ആര്‍. ഉത്തരക്കടലാസിന്റെ പകര്‍പ്പിനും ആവശ്യമുള്ളവര്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം.

മുഖ്യപരീക്ഷയുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കും ചേര്‍ത്താണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായിരിക്കും മുഖ്യപരീക്ഷ. 100 വീതം മാര്‍ക്കുള്ള മൂന്ന് പേപ്പറുകളാണുള്ളത്. നവംബര്‍ 20-ന് ആദ്യ രണ്ട് പേപ്പറുകളും 21-ന് മൂന്നാം പേപ്പറുമായിരിക്കും. അടുത്ത മാര്‍ച്ചിനുള്ളില്‍ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമന ശുപാര്‍ശ ആരംഭിക്കാനാണ് പി.എസ്.സി. പദ്ധതിയിട്ടിരിക്കുന്നത്. 90 ഒഴിവുകളിലേക്കായിരിക്കും ആദ്യബാച്ചില്‍ നിയമനം.

കെ.എ.എസ് മുഖ്യപരീക്ഷ

നവംബര്‍ 20 (രാവിലെ) - പേപ്പര്‍ I ജനറല്‍ സ്റ്റഡീസ് (2 മണിക്കൂര്‍, 100 മാര്‍ക്ക്)
നവംബര്‍ 20 (ഉച്ചകഴിഞ്ഞ്) - പേപ്പര്‍ II ജനറല്‍ സ്റ്റഡീസ് (2 മണിക്കൂര്‍, 100 മാര്‍ക്ക്)
നവംബര്‍ 21 (രാവിലെ) - പേപ്പര്‍ III ജനറല്‍ സ്റ്റഡീസ് (2 മണിക്കൂര്‍, 100 മാര്‍ക്ക്)
പാഠ്യപദ്ധതി

പേപ്പര്‍ I - ചരിത്രം (ഇന്ത്യ, കേരളം), ചരിത്രം (ലോകം), കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം.
പേപ്പര്‍ II - ഇന്ത്യന്‍ ഭരണഘടന, പൊതുഭരണം, രാഷ്ട്രീയ സംവിധാനം, ഭരണം, സാമൂഹിക നീതി, അന്താരാഷ്ട്ര ബന്ധങ്ങള്‍, ശാസ്ത്രവും സാങ്കേതിക വിദ്യയും, ഈ വിഷയങ്ങളിലെ ആനുകാലിക സംഭവങ്ങള്‍
പേപ്പര്‍ III - സാമ്പത്തിക ശാസ്ത്രവും ആസൂത്രണവും, ഭൂമിശാസ്ത്രം, ഈ വിഷയങ്ങളിലെ ആനുകാലിക സംഭവങ്ങള്‍