നാഷണല്‍ സ്‌പോര്‍ട്സ് യൂണിവേഴ്സിറ്റി, മണിപ്പൂര്‍ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ബിരുദതലത്തില്‍ സ്പോര്‍ട്സ് കോച്ചിങ്ങില്‍ (ആര്‍ച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ബോക്സിങ്, ഫുട്ബോള്‍, ഹോക്കി, ഷൂട്ടിങ്, സ്വിമ്മിങ്, വെയ്റ്റ് ലിഫ്റ്റിങ്) നാല് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ്, മൂന്ന് വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (ബി.പി.ഇ.എസ്) എന്നീ പ്രോഗ്രാമുകളാണുള്ളത്. യോഗ്യത: പ്ലസ് ടു.

മാസ്റ്റേഴ്സ് തലത്തില്‍ സ്പോര്‍ട്സ് കോച്ചിങ്ങില്‍ (അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ഫുട്ബോള്‍) മാസ്റ്റര്‍ ഓഫ് സയന്‍സ്, സ്പോര്‍ട്സ് സൈക്കോളജിയില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് എന്നീ രണ്ടുവര്‍ഷ പ്രോഗ്രാമുകളാണുള്ളത്.

ബി.എസ്‌സി. സ്പോര്‍ട്സ് കോച്ചിങ് (നാല് വര്‍ഷം)/ഏതെങ്കിലും വിഷയത്തിലെ ബിരുദം + സ്പോര്‍ട്സ് കോച്ചിങ് ഡിപ്ലോമ/ബി.പി.ഇ.എസ്. + സ്പോര്‍ട്സ് കോച്ചിങ്് ഡിപ്ലോമ/ബി.പി.ഇ.എഡ്. (2/4 വര്‍ഷം)/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് എം.എസ്‌സി. സ്പോര്‍ട്സ് കോച്ചിങ്് പ്രോഗ്രാമിന് അപേക്ഷിക്കാം. -ബി.പി.ഇ.എസ്./ബി.പി.എഡ്./സൈക്കോളജി ബി.എ. (ഓണേഴ്സ്)/ സൈക്കോളജി/സ്പോര്‍ട്സ് സൈക്കോളജി ഒരു വിഷയമായുള്ള ബാച്ചിലര്‍ ബിരുദം ഉള്ളവര്‍ക്ക് എം.എ. (സ്പോര്‍ട്‌സ് സൈക്കോളജി) പ്രവേശനത്തിന് അര്‍ഹതയുണ്ട്.

വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്റെ ഭാഗമായി നിരീക്ഷണ വിധേയമായ ഓാണ്‍ലൈന്‍ പരീക്ഷ ഉണ്ടാകും. പ്രോഗ്രാമിനനുസരിച്ച്, പരീക്ഷയിലെ മികവ്, സ്പോര്‍ട്സ് നേട്ടങ്ങള്‍, വൈവ (പി.ജി) എന്നിവ പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്.

അപേക്ഷ ഓഗസ്റ്റ് 31- നകം www.nsu.ac.in വഴി ഓണ്‍ലൈനായി നല്‍കാം. ബിരുദതല യോഗ്യതാപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവര്‍ക്കും മാസ്റ്റേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.