ദില്ലി: 'പരാജയങ്ങളാണ് എന്നെ വിജയത്തിലേക്ക് നയിച്ചത്.' 40 ലധികം പരീക്ഷകളിൽ തോൽവി ഏറ്റുവാങ്ങിയിട്ടും പതറാതെ അവസാനം സിവിൽ സർവ്വീസ് എന്ന സ്വപ്നം നേടിയെടുത്ത അവധ് കിഷോർ പവാർ എന്ന ഉദ്യോ​ഗസ്ഥന്റെ വാക്കുകളാണിത്. തോറ്റുപിൻമാറുക എന്നതിന് പകരം തോറ്റിട്ടും മുന്നേറുകയാണ് അവധ് ചെയ്തത്. സിവിൽ സർവ്വീസ് പരീക്ഷയിലും നാലുതവണ പരാജയപ്പെട്ടതിന് ശേഷമാണ് അവധ് ലക്ഷ്യത്തിലെത്തിയത്. ഒടുവിൽ അഞ്ചാം തവണ, 2015ൽ ദേശീയതലത്തിൽ 657 റാങ്ക് വാങ്ങിയാണ് അവധ് ജയിച്ചത്.  ഭോപ്പാൽ ആദായ നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറായിട്ടാണ് അദ്ദേഹം ഇപ്പോൾ ജോലി ചെയ്യുന്നത്. ​

ഗോദ്റെജ് കമ്പനിയിലെ മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലി വെണ്ടെന്ന് വച്ചാണ് അദ്ദേഹം സിവിൽ സർവ്വീസിന് ഇറങ്ങിത്തിരിച്ചത്. 'ഒരിക്കൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സമയത്ത് റിക്ഷാവലിക്കുന്നയാളുടെ മകൻ സിവിൽ സർവ്വീസ് നേടിയതിനെ കുറിച്ചുളള അഭിമുഖം കാണാനിടയായി. വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് അദ്ദേഹം ആ വിജയം നേടിയത്. ഈ അഭിമുഖമാണ് ജോലി ഉപേക്ഷിച്ച് സിവിൽ സർവ്വീസ് എന്ന എന്റെ സ്വപ്നത്തിന് വേണ്ടി പരിശ്രമിക്കാൻ എനിക്ക് പ്രചോദനം നൽകിയത്.' ദില്ലിയിലേക്കാണ് സിവിൽ സർവ്വീസ് പഠിക്കാൻ പോയെതെന്ന് അവധ് പറയുന്നു. 

ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം മാത്രമാണ് ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നത്. ഹിന്ദി മീഡിയത്തിൽ പഠിച്ച അവധിനെ സംബന്ധിച്ചിടത്തോളം പഠനസാമ​ഗ്രികൾ കണ്ടെത്തുകയെന്നതും ഒരു വെല്ലുവിളിയായി തീർന്നു. അതുകൊണ്ട് തന്നെ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് മുമ്പ് തന്നെ മറ്റ് സംസ്ഥാന തല പരീക്ഷകളും ബാങ്ക് പരീക്ഷകളും എഴുതി. എന്നാൽ എല്ലാ പരീക്ഷയിലും അവധിനെ കാത്തിരുന്നത് പരാജയമായിരുന്നു. നാലുതവണ സിവിൽ സർവ്വീസ് എഴുതിയെങ്കിലും അതിലും പരാജയപ്പെട്ടു. എന്നാൽ തോൽവികളൊന്നും തന്നെ തന്റെ സ്വപ്നം ഉപേക്ഷിക്കാനുള്ള കാരണമായി അവധ് കണ്ടില്ല. 

'മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു ​ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഞങ്ങളുടെ ​​ഗ്രാമത്തിൽ നിന്ന് ജോലിക്കായി പുറത്തു പോകുന്നത് വളരെ ദുർഘടമായി കണക്കാക്കിയിരുന്നു. അതുകൊണ്ട് തന്നെ സിവിൽ സർവ്വീസ് എന്നത് വളരെ വെല്ലുവിളിയായിരുന്നു. ഭോപ്പാലിൽ എഞ്ചിനീയറിം​ഗ് പഠിച്ചില്ലായിരുന്നെങ്കിൽ ​​വിദ്യാഭ്യാസത്തിൽ​ ​ഗ്രാമവും ന​ഗരവും തമ്മിലുളള അന്തരം മനസ്സിലാക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അതിനാൽ തുടക്കം മുതൽ എനിക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വന്നു. എന്നാൽ തുടർച്ചായി പരാജയപ്പെട്ടിട്ടും പിൻമാറാൻ ഞാൻ ഒരുക്കമായിരുന്നില്ല.' അവധിന്റെ വാക്കുകൾ. 

യുപിഎസ്‍സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും ജോലിയും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവധ് പറയുന്നു. തങ്ങൾക്ക് പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നതാണ് മറ്റൊരു കാര്യം. പരസ്പരം സഹായിക്കാനും സഹകരിക്കാനും സാധിക്കുന്ന സുഹൃദ്ബന്ധങ്ങളുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. കഠിനാധ്വാനം ചെയ്തുവെങ്കിൽ പോലും തനിക്ക് ചില തെറ്റുകൾ സംഭവിച്ചിരുന്നതായും അവധ് വ്യക്തമാക്കുന്നു. 

'പ്രാവീണ്യം നേടിയ വിഷയത്തിന് പകരം എനിക്ക് യാതൊരു അറിവുമില്ലത്ത പബ്ലിക് അഡ്മിനിസ്ട്രേഷനാണ് ഓപ്ഷണൽ വിഷയമായി തെരഞ്ഞെടുത്തത്. പഠിച്ചതോ ഇഷ്ടപ്പെട്ടതോ ആയ വിഷയങ്ങൾ ഓപ്ഷണലായി തെരഞ്ഞെടുത്താൽ അത് പഠന സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. എനിക്ക് അറിവുള്ള ഹിന്ദി സാഹിത്യമാണ് ഞാൻ ഒടുവിൽ തെരഞ്ഞെടുത്തത്. അങ്ങനെ അഞ്ചാമത്തെ ശ്രമത്തിൽ എനിക്ക് വിജയിക്കാൻ സാധിച്ചു.'  അവധ് വ്യക്തമാക്കി. 

'നാലാമത്തെ ശ്രമത്തിൽ പോലും കോച്ചിം​ഗ് സെന്ററിന്റെ സഹായം തേടാതിരുന്നതാണ് മറ്റൊരു തെറ്റ്. അധ്യാപന പരിചയമുള്ള ഒരാളെ വിശ്വസിക്കുന്നതിന് പകരം ഞാൻ സ്വയം പഠിക്കാനാണ് തീരുമാനിച്ചത്. പരിചയ സമ്പന്നനായ ഒരു വ്യക്തിയുടെ നിർദ്ദേശങ്ങൾക്ക് നിങ്ങളെ നല്ല രീതിയിൽ നയിക്കാൻ സാധിക്കും. അതുപോലെ ദിവസേന പത്രങ്ങൾ വായിക്കുന്നതും കുറിപ്പുകൾ തയ്യാറാക്കി വക്കുന്നതും നല്ല ശീലമാണ്.' സിവിൽ സർവ്വീസ് ആ​ഗ്രഹിക്കുന്നവരെ സഹായിക്കാനായി അവധും സുഹൃത്തുക്കളും ജൂനിയേഴ്സും ചേർന്ന് ഒരു ഫേസ്ബുക്ക് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.