Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്: വിദ്യാശ്രീ പദ്ധതിക്ക് തുടക്കമായി

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയപ്പോൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനാണ് സർക്കാർ വിദ്യാശ്രീ പദ്ധതി ആരംഭിച്ചത്.

vidhyasree project of laptop students
Author
Trivandrum, First Published Feb 20, 2021, 10:40 AM IST

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകുന്ന ‘വിദ്യാശ്രീ പദ്ധതി’ 10 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ14 ജില്ലകളിലായി 200 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. മന്ത്രി ടി.എം. തോമസ് ഐസക് അധ്യക്ഷനായി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയപ്പോൾ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനാണ് സർക്കാർ വിദ്യാശ്രീ പദ്ധതി ആരംഭിച്ചത്.

സാധാരണക്കാരായ അയൽക്കൂട്ട അംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുകയും1500 രൂപ അടച്ചാൽ തന്നെ ലാപ്ടോപ് നൽകുകയും പരമാവധി ഡിസ്‌ക്കൗണ്ട് നൽകിക്കൊണ്ട് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ലാപ്ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയൽക്കൂട്ട അംഗങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 1,23,005 പേരാണ് ലാപ്ടോപ് വാങ്ങാൻ തയാറായി മുന്നോട്ടുവന്നത്. 17343 പേർ ലാപ്ടോപ്പിന്റെ മോഡലും തിരഞ്ഞെടുത്തു.

വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങൾക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പട്ടികജാതി പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അർഹരായവർക്ക് പിന്നാക്ക-മുന്നാക്ക കോർപ്പറേഷനുകൾക്ക് അവരുടെ ഫണ്ടിൽ നിന്നും സബ്സിഡി നൽകാനാവും. ടെൻഡറിൽ പങ്കെടുത്ത സാങ്കേതികമേൻമ പുലർത്തുന്ന എല്ലാ ലാപ്ടോപ് കമ്പനികളെയും എംപാനൽചെയ്തു കൊണ്ട് കുട്ടികൾക്ക് ആവശ്യമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാൻ അവസരം നൽകി. 

ഇതിനു നേതൃത്വം വഹിച്ചതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇയും കുടുംബശ്രീയും മാറി. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ കുടുംബശ്രീ അംഗങ്ങൾ ലാപ്ടോപ് വാങ്ങാനായി മുന്നോട്ടു വരുന്നുണ്ടെന്നും കോവിഡ്കാലത്തെ മാതൃകാപദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടികളുമായി അദ്ദേഹം ഓൺലൈനായി സംവദിക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios