തിരുവനന്തപുരം: ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ നിയമനത്തിന് 14 ജില്ലകള്‍ക്കുമായി 5000-ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. മുഖ്യപട്ടികയില്‍ 2650 പേരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ പി.എസ്.സി. യോഗം അനുമതി നല്‍കി. ആനുപാതികമായി ഉപപട്ടികകളും തയ്യാറാക്കും. സാധ്യതാപട്ടിക ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കാനാണ് സാധ്യത. പാലക്കാട്, മലപ്പുറം ജില്ലകള്‍ ക്കായിരിക്കും വലിയ പട്ടിക തയ്യാറാക്കുന്നത്. ഇവയില്‍ 500 വീതം ആള്‍ക്കാരുണ്ടാകും.

ഈ തസ്തികയ്ക്ക് അഭിമുഖം നടത്താനുള്ള നിര്‍ദേശം നേരത്തെ പി.എസ്.സി. യോഗം തള്ളിയിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ ക്രിയാത്മകമായി നടപ്പാക്കേണ്ട ഉത്തരവാദപ്പെട്ട തസ്തികയാണെന്നും റാങ്ക് നിര്‍ണയത്തിന് അഭിമുഖം വേണമെന്നുമായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ബുദ്ധിമുട്ടാണെന്ന് മറ്റുള്ളവര്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്.

അഭിമുഖം നിശ്ചയിക്കുന്നതോടെ റാങ്ക് പട്ടികയും നിയമനവും അനിശ്ചിതമായി നീളുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഈ തസ്തികയിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അതുകൊണ്ടാണ് നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്.