തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളിൽ വിപണയിൽ വൻ സ്വാധീനം നേടി മലയാളികളുടെ അഭിമാനം വർധിപ്പിച്ച ബൈജൂസ് ആപ്പ് അമേരിക്കൻ വിപണിയിലേക്ക് കടക്കുന്നു. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വ്യത്യസ്തമായ പരിപാടികളാണ് തങ്ങൾ അമേരിക്കയിൽ ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് സ്ട്രാറ്റജിസ്റ്റ് അനിത കിഷോർ പറഞ്ഞു.

ബൈജൂസിനെ സംബന്ധിച്ച് അമേരിക്ക വലിയ വിപണിയാണെന്നും അവിടെ വിദ്യാഭ്യാസത്തിന് ഉയർന്ന പ്രാധാന്യം ഉണ്ടെന്നും മനസിലാക്കിയാണ് ഈ നീക്കം. അതേസമയം ഏഷ്യൻ രാജ്യങ്ങളിലും വരും നാളുകളിൽ ആപ്പിന് സ്വീകാര്യത വർധിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

ഉള്ളടക്കം ഇംഗ്ലീഷിലായതിനാലാണ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് ആദ്യം തങ്ങളുടെ ഇടപെടൽ വ്യാപിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇതിനുള്ള പദ്ധതികൾ പൂർത്തീകരണത്തിലെത്തും.

ഈ വർഷം 3,000 കോടി വരുമാനമാണ് കമ്പനി ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലേക്ക് മാറുമ്പോൾ ഉയർന്ന നിക്ഷേപമാണ് പ്രൊഡക്ട് ഡവലപ്മെന്റ് രംഗത്ത് നടത്തുന്നത്.