കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ഫുഡ് ‍ഡെലിവറി ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹോട്ടൽ ഉടമകളുടെ സംഘടന. രസോയ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഓൺലൈൻ സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുകയാണ് ലക്ഷ്യമെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്ററൻഡ് അസ്സോസിയേഷൻ വ്യക്തമാക്കുന്നു. നവംബർ 30 മുതൽ എറണാകുളം ജില്ലയിൽ ട്രയൽ റൺ നടത്തിയ ശേഷം മറ്റ് ജില്ലകളിലും ആപ്പ് ലഭ്യമാക്കും.

ഓൺലൈൻ ഭക്ഷ്യവിതരണ രംഗത്ത് സ്വകാര്യ കമ്പനികൾ ചുവടുറപ്പിച്ചത് മൂലം ഹോട്ടൽ ഉടമകൾക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്ന് സംഘടന അഭിപ്രായപ്പെ‌ട്ടു. 20 മുതൽ 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുന്നത് ഈ കമ്പനികൾ തുടർന്നതോടെ കൊവിഡ് കാലത്ത് കച്ചവടം വലിയ പ്രതിസന്ധിയിലായി. രോഗവ്യാപന ഭീഷണിയിൽ ഉപഭോക്താക്കൾ ആരും ഹോട്ടലുകളിലേക്ക് നേരിട്ടെത്തുന്നുമില്ല.ഇതോടെയാണ് ഹോട്ടൽ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ലക്ഷ്യമിട്ട് രസോയ് ആപ്പിന് കേരള ഹോട്ടൽ ആന്‍റ് റസ്റ്ററൻഡ് അസ്സോസിയേഷൻ തുടക്കമിടുന്നത്. വലിയ മുതൽമുടക്കിൽ ‍‍ഡിജിറ്റൽ എംപവർ സെന്‍ററിന് രൂപം നൽകിയാണ് ആപ്പിന്‍റെ സാങ്കേതിക കാര്യങ്ങൾ നടപ്പാക്കുന്നത്. 

ആദ്യഘട്ടത്തിൽ ഓൺലൈൻ ബുക്കിംഗും, വിതരണവും മാത്രം. തുടർന്ന് ഹോട്ടൽ റൂം ബുക്കിംഗിനും സൗകര്യമുണ്ടാകും. എറണാകുളം ജില്ലയിൽ മാത്രം  ഓൺലൈൻ ഡെലിവറിക്കായി 1,500 തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് സംഘടന പറയുന്നു. വൻകിട ഇടത്തരം ചെറുകിട ഹോട്ടലുകൾക്ക് ഒരേ പോലെ അവസരം നൽകും.

സംസ്ഥാനത്ത് സംഘടനക്ക് കീഴിൽ 33,000 അധികം ഹോട്ടലുകളുണ്ട്. കൃഷിവകുപ്പിന്‍റെ ജീവനി പദ്ധതിയുമായി സഹകരിച്ച് ഹോട്ടലുകളിലേക്ക് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കാനും അടുത്ത ഘട്ടത്തിൽ ആപ്പ് വഴി സൗകര്യം ഏർപ്പെടുത്തും.