Asianet News MalayalamAsianet News Malayalam

ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഒഎൻജിസി എന്ന പൊതുമേഖലാ സ്ഥാപനത്തെ വെറും അഞ്ചുവർഷം കൊണ്ട് പൊളിച്ചടുക്കിയത് ഇങ്ങനെ

2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ക്യാഷ് റിസർവ്, കഴിഞ്ഞ കൊല്ലത്തെ 13,000 കോടിയിൽ നിന്ന്, 1000 കോടിയിലേക്ക് ചുരുങ്ങി. ഒരൊറ്റ വർഷം കൊണ്ടുണ്ടായത് 90 ശതമാനത്തിന്റെ ഇടിവ്. 

How ONGC the profit-making public sector corporation was pushed to debt in the last five years
Author
Mumbai, First Published Nov 22, 2019, 2:56 PM IST

ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് എന്നത് കടബാധ്യതകൾ ഒന്നുമില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം മാത്രമായിരുന്നില്ല, ഏറ്റവും ലാഭത്തിലോടുന്ന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നുകൂടിയായിരുന്നു. രാജ്യത്ത് ഏറ്റവുമധികം കാഷ് അസറ്റ്സ് ഉള്ള കമ്പനികളിൽ ഒന്ന് കൂടിയായിരുന്നു ഒഎൻജിസി എന്ന ഈ എണ്ണ പര്യവേക്ഷണ സ്ഥാപനം. ആ സുവർണ്ണകാലം ഇന്ന് അസ്തമിച്ചുകഴിഞ്ഞു. ബാലൻസ് ഷീറ്റിൽ വർഷങ്ങളായി നഷ്ടങ്ങളുടെ കണക്കുമാത്രം ബോധിപ്പിക്കാനുണ്ടായിരുന്ന എയർ ഇന്ത്യ, ബിഎസ്എൻഎൽ തുടങ്ങിയ വെള്ളാനകളുടെ പട്ടികയിലേക്ക് ഈ അഭിമാനസ്ഥാപനവും ചേർക്കപ്പെട്ടിരിക്കുകയാണ്. ഇതൊക്കെ സംഭവിച്ചത് വെറും അഞ്ചുവർഷം കൊണ്ടാണ്. എങ്ങനെ?

മാറിവരുന്ന സർക്കാരുകൾക്ക് എന്നും ഒഎൻജിസി ഒരു പൊന്മുട്ടയിടുന്ന താറാവായിരുന്നു. അതുകൊണ്ടുതന്നെ, അതിനെ എന്നും നവരത്ന കമ്പനികളുടെ കൂട്ടത്തിൽ ലാഭത്തിൽ തന്നെ നിലനിർത്തടാൻ അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷങ്ങളായി ഒഎൻജിസിയുടെ ബാലൻസ് ഷീറ്റ് ക്ഷയിച്ചു ക്ഷയിച്ചു വരികയാണ്. 

കമ്മീഷനായി തുടങ്ങി, കോർപ്പറേഷനായി വളർന്നു 

സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ തുടങ്ങിയതാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എണ്ണയ്ക്കായുള്ള തിരച്ചിൽ. സ്വതന്ത്ര ഇന്ത്യയിൽ രണ്ടു കമ്പനികൾ എണ്ണപര്യവേക്ഷണം നടത്തുന്നുണ്ടായിരുന്നു, ഒന്ന്, അസം ഓയിൽ, രണ്ട് അറ്റോക്ക് ഓയിൽ. എന്നാൽ അവർ പോലും നടത്തിയിരുന്നത് വളരെ പരിമിതമായ രീതിയിലുള്ള പ്രവർത്തനങ്ങൾ മാത്രമായിരുന്നു. ഇന്ത്യൻ മണ്ണിൽ നിന്ന് എണ്ണ കിട്ടാൻ സാധ്യതയില്ല എന്നായിരുന്നു അന്നൊക്കെ വിശ്വസിക്കപ്പെട്ടിരുന്നത്. 
 

How ONGC the profit-making public sector corporation was pushed to debt in the last five years
 

സ്വാതന്ത്ര്യം കിട്ടിയ ശേഷം നെഹ്രുവിന്റെ നേതൃത്വത്തിൽ ആദ്യമന്ത്രിസഭ അധികാരമേറിയ ശേഷമാണ്, സമ്പദ് വ്യവസ്ഥയിൽ ക്രൂഡ് ഓയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ഇന്ത്യക്ക് ബോധ്യം വരുന്നത്. അതോടെ വ്യാവസായിക, പ്രതിരോധ മേഖലകളിൽ നിർണ്ണായകസ്വാധീനം ചെലുത്തുന്ന എണ്ണപര്യവേക്ഷണത്തിൽ ശ്രദ്ധപതിപ്പിക്കണം എന്ന തീരുമാനത്തിലെത്തുകയും, അത് 1948-ലെ വ്യാവസായിക നയപ്രഖ്യാപന രേഖയിൽ പരാമർശിക്കപ്പെടുകയും ചെയ്തു. 1955 വരെ സ്വകാര്യകമ്പനികളാണ് എണ്ണയ്ക്ക് വേണ്ടിയുള്ള തിരച്ചിലിൽ ഏർപ്പെട്ടിരുന്നത്. 1889-ൽ ദിഗ്‌ബോയിയിൽ, ഇന്ത്യയിൽ ആദ്യമായി എണ്ണ കണ്ടുപിടിക്കപ്പെട്ടതുമുതൽ അസം ഓയിൽ അവിടെ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കുന്നുണ്ടായിരുന്നു. ഓയിൽ ഇന്ത്യ ലിമിറ്റഡ് എന്ന ഇന്ത്യൻ സർക്കാരിന്റെയും ബർമ ഓയിൽ കമ്പനിയുടെയും തുല്യപങ്കാളിത്തത്തിലുള്ള സ്ഥാപനമായിരുന്നു അവിടെ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരുന്നത്. അതേ സമയം തന്നെ പശ്ചിമ ബംഗാളിലും വിദേശപങ്കാളിത്തത്തോടെ ചില്ലറ തിരച്ചിലുകൾ വേറെയും നടന്നുകൊണ്ടിരുന്നു. 

1955-ന്റെ അവസാനത്തോടെയാണ് രാജ്യത്തെ എണ്ണ പര്യവേക്ഷണം ഊർജിതമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സഹകരണത്തിൽ ഓയിൽ ആൻഡ് ഗ്യാസ് ഡയറക്ടറേറ്റ് സ്ഥാപിക്കപ്പെടുന്നത്.  1956 ഓഗസ്റ്റിൽ ഡയറക്ടറേറ്റിനെ കമ്മീഷൻ സ്റ്റാറ്റസിലേക്ക് ഉയർത്തപ്പെടുന്നു. ഒഎൻജിസി എന്ന പേരിൽ അതറിയപ്പെടാൻ തുടങ്ങുന്നു. അതോടെ വർദ്ധിതവീര്യത്തോടെ പര്യവേക്ഷണത്തിനിറങ്ങിയ ഇന്ത്യൻ ജിയോളജിസ്റ്റുകൾ ആസാമിന്‌ പുറമെ ഗുജറാത്തിലെ കാമ്പേ ബേസിനിലും എണ്ണ കണ്ടെത്തുന്നു. എഴുപതുകളുടെ തുടക്കത്തിൽ കടലിലേക്ക് പര്യവേക്ഷണം വ്യാപിപ്പിച്ച ഒഎൻജിസിക്ക് ആദ്യവർഷത്തിൽ തന്നെ ലോട്ടറിയടിക്കുന്നു, അതാണ് ഇന്ന് 'ബോംബെ ഹൈ' എന്നറിയപ്പെടുന്ന മഹാരാഷ്ട്ര തീരത്തുള്ള എണ്ണപ്പാടം. 

1994-ൽ ഒഎൻജിസി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുന്നു. 20 ശതമാനം ഓഹരികൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നു. അന്ന് ഒഎൻജിസിയിൽ ഏകദേശം അരലക്ഷത്തോളം ജീവനക്കാരും ഏകദേശം 10,000 കോടി രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇത് ഒഎൻജിസിയുടെ സ്ഥാവരസ്വത്തുക്കൾക്ക് പുറമെയായിരുന്നു എന്നോർക്കുക. 

തൊണ്ണൂറുകളിൽ തന്നെ ഒഎൻജിസിയുടെ പതനത്തിനുള്ള വഴികൾ തുറക്കപ്പെട്ടിരുന്നു. അന്നത്തെ സർക്കാരുകൾ ഒഎൻജിസിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന, എണ്ണയുണ്ട് എന്ന് പര്യവേക്ഷണത്തിൽ കടുത്തപ്പെട്ടിരുന്ന, പല ബ്ലോക്കുകളും വളരെ തുച്ഛമായ നിരക്കിൽ റിലയൻസ്, എസ്സാർ അടക്കമുളള കമ്പനികൾക്ക് കൈമാറി. എന്നാൽ, അന്നും ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 70 ശതമാനവും നിറവേറ്റിക്കൊണ്ടിരുന്നത് ഒഎൻജിസി തന്നെയായിരുന്നു. 

കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ക്യാഷ് റിസർവിൽ വന്ന ഇടിവ് 

എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കമ്പനിയുടെ ക്യാഷ് റിസർവിൽ ഉണ്ടായ ഇടിവ് അമ്പരപ്പിക്കുന്നതാണ്. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ക്യാഷ് റിസർവ്, കഴിഞ്ഞ കൊല്ലത്തെ 13,000 കോടിയിൽ നിന്ന്, 1000 കോടിയിലേക്ക് ചുരുങ്ങി. ഒരൊറ്റ വർഷം കൊണ്ടുണ്ടായത് 90 ശതമാനത്തിന്റെ ഇടിവ്. ആ വർഷം രേഖപ്പെടുത്തപ്പെട്ടത്, 2001-നു ശേഷം ഏറ്റവും കുറഞ്ഞ ക്യാഷ് റിസർവ്. താഴെ കൊടുത്തിരിക്കുന്ന കണക്കിൽ, കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ക്യാഷ് റിസർവ് ഇടിഞ്ഞതിനെ വിശദാംശങ്ങളുണ്ട്. അതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് ഇടിവിനെ 90 ശതമാനവും നടന്നത്. 

How ONGC the profit-making public sector corporation was pushed to debt in the last five years

നരേന്ദ്ര മോദി സർക്കാർ ഭരണത്തിലേറിയ ശേഷമുള്ള ആദ്യ സാമ്പത്തിക വർഷത്തിൽ, തന്നെ ഒഎൻജിസിയുടെ ക്യാഷ്‌ ലെവലിൽ 74  ശതമാനത്തോളം ഇടിവുണ്ടായി. ആ ധനമത്രയും വിനിയോഗിക്കപ്പെട്ടത് കാപിറ്റൽ എക്സ്പെൻഡിച്ചർ അഥവാ പുതുതായി വസ്തുവകകളോ, സ്ഥാപനങ്ങളോ, യന്ത്രസാമഗ്രികളോ വാങ്ങുന്നതിലേക്കായി നടത്തപ്പെടുന്ന ചെലവുകളായിട്ടാണ്. ആനുവൽ ഡിവിഡന്റുകൾ നൽകാനും ഈ ക്യാഷ് റിസർവുകൾ എടുത്തു ചെലവാക്കപ്പെട്ടു. അതേ വർഷം തന്നെ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്  ലാഭത്തിൽ ഒഎൻജിസിക്ക് മുന്നിലെത്തി. നെറ്റ് പ്രോഫിറ്റ് ആയി 18,334 കോടി രൂപ ബാലൻസ് ഷീറ്റിൽ രേഖപ്പെടുത്തിയ ഒഎൻജിസി ആ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. തുടർന്നുവന്ന രണ്ടു വർഷങ്ങളിൽ (2015-’16 & 2016-’17) ക്യാഷ് ലെവലുകൾ മെച്ചപ്പെട്ടെങ്കിലും,  അതിനെത്തുടർന്നുവന്ന ഒരൊറ്റ സാമ്പത്തികവർഷം കൊണ്ട് ക്യാഷ് ലെവൽ ഇടിഞ്ഞുപോയത് 92  ശതമാനമാണ്. 

 തത്വദീക്ഷയില്ലാതെ നൽകിയ ഡിവിഡന്റുകൾ 

വിവേചനമില്ലാതെ നൽകിയ ലാഭവിഹിതങ്ങളും ഒഎൻജിസിക്ക് വിനയായി. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഡിവിഡന്റ് നൽകുന്നത് ഒഎൻജിസിയാണ്. 2013-14 -ൽ  8,127 കോടി, അടുത്ത കൊല്ലം അതേ തുക,  2016-’17 -ൽ  7,764 കോടി, 2017-’18 -ൽ  8,470 കോടി എന്നിങ്ങനെ വൻതോതിലുള്ള ഡിവിഡന്റുകൾ ഒഎൻജിസി നൽകി. അതോടൊപ്പം കേന്ദ്രസർക്കാരിൽ നിന്ന് ഇന്ധന സബ്‌സിഡിയുടെ അധികബാധ്യത പങ്കിടാനുള്ള വലിയ സമ്മർദ്ദവും ഒഎൻജിസിക്കുമേൽ ഉണ്ടായി. 2014-ൽ മാത്രം സബ്സിഡിയിനത്തിൽ ഒഎൻജിസിക്ക് വഹിക്കേണ്ടി വന്നത്, 56,384 കോടിയാണ്.  ഇത് കഴിഞ്ഞ കൊല്ലത്തേക്കാൾ 14 ശതമാനം അധികമായിരുന്നു. ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ പോലുളള ക്രൂഡോയിൽ ശുചീകരണ സ്ഥാപനങ്ങൾക്ക് ഉണ്ടായ നഷ്ടത്തിൽ നിന്ന് അവയെ കരകയറ്റാൻ വേണ്ടിയാണ് ഒഎൻജിസി പോലെ വളരെ പ്രൊഫഷണൽ ആയി നടന്നുപോയിരുന്ന ഒരു സ്ഥാപനത്തിനുമേൽ അനാവശ്യമായ സമ്മർദ്ദങ്ങളും, ബാധ്യതകളും എടുത്തുവെച്ചത്. 

എങ്ങനെയാണ് ഒഎൻജിസിയുടെ ക്യാഷ് റിസർവ് ഒരു വർഷം കൊണ്ട് 92  ശതമാനം ഇടിഞ്ഞത്?

കേന്ദ്രസർക്കാരിന്റെ രണ്ടു നീക്കങ്ങളാണ് ഇതിനിടയാക്കിയത്.  നഷ്ടത്തിലോടിക്കൊണ്ടിരുന്ന ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനെ കരകയറ്റാനുള്ള ബാധ്യത ഒഎൻജിസിക്കുമേൽ കെട്ടിവെച്ചു. രണ്ട്, ഹിന്ദുസ്ഥാൻ പെട്രോളിയം ലിമിറ്റഡിലുള്ള കേന്ദ്രത്തിന്റെ ഓഹരികൾ ഒഎൻജിസിയെക്കൊണ്ട് വാങ്ങിപ്പിച്ചു. 

ജിഎസ്‌പിസി എന്ന നഷ്ടത്തിലോടിക്കൊണ്ടിരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്  കൃഷ്ണ-ഗോദാവരി(KG) ബേസിനിലുണ്ടായിരുന്ന ആസ്തിയുടെ 80 ശതമാനം ഓഹരികളും കേന്ദ്രം ഒഎൻജിസിക്കുമേൽ കെട്ടിവെച്ച്, ആ പണം തങ്ങൾക്ക് ചെലവഴിക്കാൻ വേണ്ടി എടുത്തു. അങ്ങനെ ഒഎൻജിസിക്ക് ചെലവായത് ഏകദേശം 8000 കോടി രൂപയാണ്.   ഇന്ന് ജിഎസ്‌പിസിക്കുള്ള കടം 19,576 കോടിയാണ്. ഈ കടത്തിന്മേൽ അവർ കൊടുത്തുകൊണ്ടിരിക്കുന്ന പലിശ 1,804.06 കോടിയോളമാണ്. ഇത്രയും നഷ്ടത്തിലുള്ള ഒരു സ്ഥാപനത്തിൽ മിനക്കെട്ടു നടത്തിയ നിക്ഷേപം, അത്രയും പണം, കാപ്പിറ്റൽ എക്സ്പെൻസ്‌ ആയി അവിടെ അകപ്പെട്ടുപോകുന്ന സാഹചര്യമുണ്ടാക്കി. അത്രയും പണം നൽകി അവർ ജിഎസ്‌പിസിയിൽ നിന്ന് വാങ്ങിയ ആ ബേസിൻ ഇതുവരെ പ്രൊഡക്ഷൻ തുടങ്ങുകയോ, ഒഎൻജിസിക്ക് കാൽക്കാശിന്റെ വരുമാനമുണ്ടാക്കി നൽകുകയോ ഉണ്ടായിട്ടില്ല. 
 

How ONGC the profit-making public sector corporation was pushed to debt in the last five years
 

2018 ജനുവരിയിൽ HPCL -ലുള്ള കേന്ദ്രത്തിന്റെ 51.11% ഇക്വിറ്റിയും ഒഎൻജിസിയെക്കൊണ്ട് നിർബന്ധിച്ച് വാങ്ങിപ്പിച്ചുകൊണ്ടാണ് അക്കൊല്ലത്തെ ധനക്കമ്മി മോദി സർക്കാർ മറികടന്നത്. 36,915 കോടി രൂപയാണ് ആയിനത്തിൽ പൊടിഞ്ഞുകിട്ടിയത്. അത് മാർക്കറ്റിൽ HPCL -നുണ്ടായിരുന്ന ഓഹരി നിലവാരത്തിൽ നിന്ന് 14 ശതമാനം കൂടിയ വിലക്കാണ് വാങ്ങേണ്ടി വന്നതും. ഇത് ഒഎൻജിസിയെ കടുത്ത കടത്തിലേക്ക് തള്ളിവിട്ടു. ഒഎൻജിസിക്ക് അടിയന്തരമായി 35,000 കോടി രൂപയുടെ കടം വാങ്ങേണ്ട അവസ്ഥവന്നു. നാലു പൊതുമേഖലാ ബാങ്കുകളിൽ നിന്നും മൂന്നു സ്വകാര്യ മേഖലാ ബാങ്കുകളിൽ നിന്നുമായി  കുറഞ്ഞകാലത്തേക്കുള്ള കടമായിട്ടാണ് ഈ തുക ഒഎൻജിസി സംഘടിപ്പിച്ചത്. എസ്ബിഐയിൽ നിന്ന് 7,340 കോടി, ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 4,460 കോടി,  പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 10,600 കോടി,  എക്സ്പോർട്ട്  ഇമ്പോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 1,600 കോടി,  എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 4,000 കോടി, ഐസിഐസിഐ ബാങ്കിൽ നിന്ന് 4,000കോടി, ആക്സിസ് ബാങ്കിൽ നിന്ന്  3,000എന്നിങ്ങനെയായിരുന്നു കടമെടുപ്പ്. 2017-18-ലെ ഒഎൻജിസിയുടെ ബാലൻസ് ഷീറ്റ് പ്രകാരം ആകെ കടം 25,592.2 കോടി രൂപയാണ്. ഈ കണക്കുകൾ ഒഎൻജിസിയുടെ വാർഷിക റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത് .

ഈ പ്രതിസന്ധികളെ മറികടക്കാൻ വേണ്ടി ഒഎൻജിസി തങ്ങളുടെ പക്കലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 13.77%ഓഹരികളും, ഗെയിലിന്റെ  4.86% ഓഹരികളും വിറ്റഴിക്കുന്നതിനെപ്പറ്റി ആലോചനയിലാണ്. ക്യാഷ് റിസർവ് വളരെ ഇടിഞ്ഞു നിൽക്കുന്ന ഈ അവസ്ഥ ഒഎൻജിസിയെപ്പോലെ വളരെയധികം അപകടസാദ്ധ്യതയുള്ള ഒരു വ്യവസായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ സംബന്ധിച്ചിടത്തോളം അനഭികാമ്യമാണ്.  വിപണിയിൽ മറ്റുള്ള പര്യവേക്ഷണക്കമ്പനികളോട് പിടിച്ചു നിൽക്കണമെങ്കിൽ ഒഎൻജിസിക്ക് വളരെയധികം മത്സരവീര്യത്തോടെ വേണ്ടത്ര നിക്ഷേപങ്ങൾ പര്യവേക്ഷണത്തിന് സഹായകരമാകും വിധം നടത്തി, എത്രയും കൂടുതൽ എണ്ണപ്പാടങ്ങൾ കണ്ടെത്താമോ അങ്ങനെ ചെയ്തെങ്കിലേ പറ്റൂ. അത്തരത്തിൽ ഒരു മത്സരത്തിന് വിലങ്ങുതടിയായി നിൽക്കുകയാണ് ഇപ്പോഴത്തെ കമ്പനിയുടെ ക്യാഷ് റിസർവിന്റെ പരിതാപാവസ്ഥ. പുതുതായി സർക്കാർ അനുവദിച്ചിട്ടുള്ള 55 പര്യവേക്ഷണ ബ്ലോക്കുകളിൽ 41 എണ്ണവും ലേലത്തിലെടുത്തത് അനിൽ അഗർവാളിന്റെ വേദാന്ത റിസോഴ്സസ്  ആണ്. ഒഎൻജിസിക്ക് പിടിക്കാൻ സാധിച്ചത് ആകെ 2 ബ്ലോക്കുകൾ മാത്രമാണ്. 
 

How ONGC the profit-making public sector corporation was pushed to debt in the last five years
 

മോദി സർക്കാരിന് തൊഴിലാളി യൂണിയനുകളുടെ അന്ത്യശാസനം 

മേൽപ്പറഞ്ഞ വിഷയങ്ങളിലെ തങ്ങളുടെ ആശങ്കകൾ സൂചിപ്പിച്ചുകൊണ്ട് ഒഎൻജിസി മസ്ദൂർ സഭ എന്ന തൊഴിലാളി സംഘടനാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ ഒരു കത്തയക്കുകയുണ്ടായി.  ഇനിയെങ്കിലും, ഒഎൻജിസിയെ തകർക്കുന്ന രീതിയിലുള്ള നടപടികളിൽ നിന്ന് വിട്ടുനിന്നില്ലെങ്കിൽ, കമ്പനിയുടെ തീരുമാനങ്ങളിൽ കൈകടത്താതെ മാറിനിന്നിലെങ്കിൽ, ഇനിയൊരു മുന്നറിയിപ്പില്ലാതെ ഒഎൻജിസിയിലെ  ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമായ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ഇൻ ഒഎൻജിസി അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കും എന്നൊരു താക്കീതും പ്രധാനമന്ത്രിക്കുള്ള ആ കത്തിലുണ്ട്. 

കടപ്പാട് : ന്യൂസ് ക്ലിക്ക്

 

Follow Us:
Download App:
  • android
  • ios