തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിന്റെ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ നികുതിക്ക് ശേഷമുളള സംയോജിത ലാഭം 52 ശതമാനം വര്‍ധിച്ച് 858 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം സമാന കാലയളവിൽ ഇത് 563 കോടി രൂപയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധിച്ച് 46,501 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 40,228 കോടി രൂപയായിരുന്നു. ഈ ത്രൈമാസത്തില്‍ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളില്‍ 370 കോടി രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്. 

മഹാമാരി ആഗോള തലത്തില്‍ തന്നെ ബിസിനസ് പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും വായ്പാ ദാതാക്കളുടേയും പിന്തുണയോടെ മികച്ച പ്രകടനം നടത്താനായി എന്ന് പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ച് പ്രതികരിച്ച ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

ലോക്ഡൗണിന് ശേഷം ശാഖകള്‍ തുറന്നപ്പോള്‍ വിതരണത്തേക്കാള്‍ കൂടുതല്‍ തിരിച്ചടവാണുണ്ടായിരുന്നതെന്നും ജൂണ്‍ മാസം മുതല്‍ വായ്പാ വിതരണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായെന്നും മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.