മുംബൈ: ആഗോള അതിസമ്പന്ന പട്ടികയിൽ മുകേഷ് അംബാനിയുടെ കുതിപ്പിന് തിരിച്ചടി. ഓഹരി വിപണിയിൽ കനത്ത നഷ്ടം നേരിട്ടതോടെ ഫോർബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ അംബാനി മൂന്ന് സ്ഥാനം താഴേക്ക് പോയി. സെപ്തംബർ മാസത്തിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം ഇടിവ് ലാഭത്തിൽ നേരിട്ടതോടെയായിരുന്നു ഇത്.

ഇന്ധന വിപണിയിൽ നേരിട്ട തിരിച്ചടിയാണ് റിലയൻസിന് ഓഹരി വിപണിയിൽ കനത്ത ആഘാതമായത്. റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി മൂല്യത്തിൽ ഇന്നലെ 8.5 ശതമാനത്തിന്റെ ഇടിവുണ്ടായി. ഇത് ആർഐഎല്ലിന്റെ ഓഹരി മൂലധനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ ഇടിവ് ഉണ്ടാക്കി.

ഇതോടെയാണ് അംബാനിയുടെ ആസ്തിയിലും ഇടിവുണ്ടായത്. ഏഴ് ബില്യൺ ഡോളറിന്റെ നഷ്ടമാണ് അംബാനിക്കുണ്ടായത്. ഇതോടെ അംബാനി 71.3 ബില്യൺ ഡോളർ ആസ്തിയുമായി ഒൻപതാം സ്ഥാനത്ത് എത്തി.

മഹാമാരിയുടെ കാലത്ത് വിപണിയിൽ നിന്ന് നേരിട്ട തിരിച്ചടിയാണ് ഇതിന് കാരണമായതെന്നും, അതിനാൽ തന്നെ ഇതൊരു താത്കാലിക പ്രതിഭാസം മാത്രമാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. റിലയൻസിന്റെ വളർച്ചയിൽ ബ്രോക്കറേജ് സ്ഥാപനങ്ങളും വലിയ പ്രതീക്ഷയാണ് നിലനിർത്തുന്നത്.