ജയ്‌പൂർ: സംസ്ഥാനത്ത് 1200 കോടിയുടെ നിക്ഷേപം നടത്താനുള്ള സെയ്ന്റ് ഗൊബെയ്ൻ കമ്പനിയുടെ പദ്ധതിക്ക് രാജസ്ഥാൻ സർക്കാർ അനുവാദം നൽകിയെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കമ്പനിക്ക് പ്രവർത്തിക്കാൻ ആവശ്യമായ എല്ലാവിധ സഹകരണവും ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ പ്രധാന ഗ്ലാസ് മാനുഫാക്ചറിങ് കമ്പനിയാണ് സെയ്ന്റ് ഗൊബെയ്ൻ. സംസ്ഥാനത്ത് നിലവിലെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. സംസ്ഥാനത്തിൽ കമ്പനി അർപ്പിക്കുന്ന വലിയ വിശ്വാസത്തിന്റെ തെളിവാണ് ഇത്രയും വലിയ നിക്ഷേപമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ പരിസ്ഥിതിയിൽ ഇതിലും വലിയൊരു പ്രോത്സാഹനം സംസ്ഥാനത്തിന് കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിവാഡിയിലെ ഫാക്ടറിയിൽ പുതിയ ഫ്ലോട്ട് ഗ്ലാസ് പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് കമ്പനിയുടെ ഇന്ത്യയിലെ ചെയർമാൻ ബി സന്താനം പറഞ്ഞു. നിർമ്മാണ മേഖലയ്ക്കും ഓട്ടോമോട്ടീവ് മേഖലയ്ക്കും ആവശ്യമായ വിവിധ ഉൽപ്പന്നങ്ങളാണ് പുതിയ നിക്ഷേപ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിനും ബിസിനസ് സൗഹൃദ മുന്നേറ്റത്തിലും കരുത്താകുന്നതാണ് ഈ വമ്പൻ നിക്ഷേപം.