മുംബൈ: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ദക്ഷിണ കൊറിയയിൽ ഉപകമ്പനിയായ സാങ്‌യോങ് മോട്ടോർ കമ്പനി പാപ്പരത്വ ഹർജി സമർപ്പിച്ചു. സിയൂൾ കോടതിയെ പാപ്പരത്വ നടപടികൾക്കായി സമീപിച്ചെന്ന് കമ്പനി കൊറിയൻ സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചു. 

ദക്ഷിണ കൊറിയയിലെ ജെപി മോർഗൻ ചേസ് ബാങ്കിൽ ഡിസംബർ 14 ന് 480 കോടി രൂപ സാങ്‌യോങ് മോട്ടോർ കമ്പനി തിരിച്ച‌ടയ്ക്കേണ്ടിയിരുന്നു. എന്നാൽ, കമ്പനിക്ക് ഇതിന് സാധിച്ചില്ല. ഓട്ടോണോമസ് റീസ്ട്രക്‌ചറിങ് പിന്തുണക്ക് കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കമ്പനി സ്റ്റോക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ പുനസംഘടന സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കോടതി പിന്നീട് തീരുമാനമെടുക്കും. വായ്പാ ദാതാക്കളിൽ നിന്നുള്ള നിയമ നടപടിയിൽ നിന്ന് കമ്പനിയെ രക്ഷിക്കുന്നതിനായുള്ള ഉത്തരവുകളും ബാങ്കിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.