ദില്ലി: നിലവിലെ നിരക്കിൽ നിലനിൽപ്പില്ലെന്ന് ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ. താരിഫ് ഉയർത്തിയാലേ പിടിച്ചുനിൽക്കാൻ സാധിക്കൂ. താരിഫ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ തന്നെയാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.

പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് മിത്തലിന്റെ വിശദീകരണം. വിപണിയിലെ സാഹചര്യം നോക്കി നിരക്ക് എപ്പോൾ ഉയർത്തണമെന്ന കാര്യത്തിൽ തീരുമാനമെടുക്കും. 

നിലവിലെ നിരക്കുകൾ കമ്പനിക്ക് വലിയ ബാധ്യതയാണെന്ന് നേരത്തെ മിത്തൽ വ്യക്തമാക്കിയിരുന്നു. 160 രൂപയ്ക്ക് 16 ജിബി എന്നത് പ്രശ്നകരമായ സാഹചര്യമാണ്. ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം മാസം 200 രൂപയായും ക്രമേണ 300 രൂപയായും ഉയരണം. എങ്കിൽ മാത്രമേ നിലനിൽക്കാനാവുന്ന ബിസിനസ് മാതൃകയാവൂ എന്നാണ് ഈ വർഷം ഓഗസ്റ്റിൽ സുനിൽ മിത്തൽ പറഞ്ഞത്.

സെപ്തംബറിൽ അവസാനിച്ച പാദത്തിൽ എയർടെലിന്റെ ശരാശരി ഉപഭോക്തൃ വരുമാനം 162 രൂപയായിരുന്നു. ജൂൺ മാസത്തിൽ അവസാനിച്ച പാദത്തിൽ ഇത് 157 രൂപയായിരുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഈ വരുമാന ശരാശരി 128 രൂപയായിരുന്നു.