ജോലിയില്‍ നിന്നും വിരമിച്ചിട്ടും ആ ഫയലുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഞാന്‍ അന്വേഷിച്ച് കൊണ്ടിരുന്നത് വരാനിരിക്കുന്ന നിരവധി അമ്മമാരെയും അച്ഛന്മാരെയും ഓര്‍ത്തുകൊണ്ടാണ്. ഫയലുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന അന്വേഷണങ്ങള്‍ക്കിടയില്‍ ഓരോ തവണ മടുപ്പ് തോന്നുമ്പോഴും ആ അമ്മയുടെ മുഖം എന്‍റെ മുന്നിലേക്ക് കടന്നുവരും.


രണകൂട വ്യവസ്ഥ ഏങ്ങനെയാണ് സ്വന്തം ജനതയെ അവര്‍ പോലും അറിയാതെ വേട്ടയാടിയിരുന്നതെന്നത് ആനന്ദിന്‍റെ നോവലുകളിലൂടെ മലയാളി അടുത്ത് അറിഞ്ഞിരുന്നത് തൊണ്ണൂറുകളിലാണ്. കുരുക്കിനൊത്ത കയറില്‍ തൂങ്ങാന്‍ വിധിക്കപ്പെട്ട ഗോവര്‍ദ്ധനും രഹസ്യ സൈനിക ക്യാമ്പിലെ ലേബര്‍ ഓഫീസര്‍ കുന്ദനും ഈ പ്രശ്നങ്ങളെ അതിസങ്കീര്‍ണ്ണമായി തന്നെ വരച്ച് കാട്ടുന്നു. ഒരു ഭരണകൂടം എങ്ങനെയാണ് അതിന്‍റെ അതിസങ്കീര്‍ണ്ണമായ വ്യവസ്ഥയിലൂടെ നിലനില്‍ക്കുന്നതെന്ന് കാണിക്കുന്ന ആനന്ദിന്‍റെ രചനകളുടെയെല്ലാം ഒടുവില്‍ വായനക്കാരനും ആ മരുഭൂമികളില്‍ നിസഹായനായി ഒപ്പം നില്‍ക്കാന്‍ മാത്രമാണ് കഴിയുക. എന്നാല്‍, കഴിഞ്ഞ ദിവസം കേരളത്തില്‍ സങ്കീര്‍ണ്ണമായ ആ ഭരണകൂട വ്യവസ്ഥിതികളെ മറികടന്ന് പൗരന് സഹായകരമായ ഒരു നിയമ ഭേദഗതിക്കും അതിലൂടെ ഇനി വരുന്ന അനേകം ജീവിതങ്ങള്‍ക്കും ആശ്വാസകരമായ ഒരു നീക്കം നടത്താന്‍ ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രദാസിന് സാധിച്ചു. അതിലൂടെ ഏങ്ങനെയാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിയമ വ്യവസ്ഥയെ കൂറെ കൂടി ജനകീയവും ജനപ്രദവുമാക്കി മാറ്റാമെന്ന് അദ്ദേഹം തെളിയിച്ചു. അതിനായുള്ള നീണ്ട 'യാത്രകള്‍' ആലപ്പുഴം പഴവീട് സ്വദേശിയായ ചന്ദ്രദാസുമായുള്ള സംസാരത്തില്‍ നിന്നും... 

2007 -ലാണ് ആലപ്പുഴ കലക്ടറേറ്റില്‍ ജോലിക്കായെത്തുന്നത്. അന്ന് കലക്ടറേറ്റിലെ 'ഗുണ്ടാ ആക്റ്റാ'യിരുന്നു കൈകാര്യം ചെയ്തിരുന്നത്. വി കെ ബാലകൃഷ്ണനായിരുന്നു അന്ന് ജില്ലാ കലക്ടര്‍. ഓരോ പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി തയ്യാറാക്കിയ ജില്ലയിലെ കാപ്പാ ലിസ്റ്റും അതിന്‍റെ തുടര്‍ നടപടികളും ഹൈക്കോടതിയുടെ പോലും പ്രത്യേക പരാമര്‍ശത്തിന് ഇടയാക്കി. തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ കാപ്പാ നിയമം പ്രായോഗിക വത്ക്കരിച്ച രീതി മറ്റ് ജില്ലകളിലും പിന്തുടരുകയുണ്ടായി. പിന്നീട് മിനി ആന്‍റണി ഐഎഎസ്, വേണുഗോപാല്‍ ഐഎഎസ്, പത്മകുമാര്‍ ഐഎഎസ്, സൗരവ് ജയ്ന്‍ ഐഎഎസ് തുടങ്ങിയ ജില്ലാ കലക്ടര്‍മാര്‍ മാറി മാറി വന്നപ്പോഴും ജില്ലയിലെ കാപ്പാ നിയമത്തിന്‍റെ ചുമതല 2011 വരെ എനിക്ക് തന്നെയായിരുന്നു. ആ അഞ്ച് വര്‍ഷക്കാലയളവിലാണ് ജില്ലയിലെ ഗുണ്ടാ ലിസ്റ്റിലുണ്ടായിരുന്നവരെല്ലാം അകത്ത് കിടക്കേണ്ടി വന്നത്, 

2017 -ല്‍ പാലക്കാട്, മുണ്ടൂര്‍ വില്ലേജ് ഓഫീസറായി പ്രമോഷന്‍ ലഭിച്ചു. എന്നാല്‍ ഞാനത് വേണ്ടെന്ന് വച്ചു. 2017 സെപ്തംബര്‍ മാസത്തില്‍ ആലപ്പുഴ ജില്ലയിലെ ആശ്രിത നിയമനത്തിന്‍റെ ചുമതല ഏറ്റെടുത്തു. തൊട്ടടുത്ത മാസം, ഓക്ടോബറില്‍ ഒരു അമ്മ എന്‍റെ കസേരയ്ക്ക് മുന്നിലേക്ക് കടന്ന് വന്നു, 'മോനേ ... ' എന്ന് വിളിച്ചു കൊണ്ടായിരുന്നു അവര്‍ തുടങ്ങിയത്. ജീവിക്കാനുള്ള കഷ്ടപ്പാടുകളുടെ നീണ്ട കെട്ടായിരുന്നു അത്. 'ഭര്‍ത്താവ് മരിച്ചു. മൂത്ത മകന് അച്ഛന്‍റെ ആശ്രിത നിയമം നല്‍കാന്‍ ആ അമ്മ തന്നെയാണ് ഒപ്പിട്ട് കൊടുത്തത്. അവനൊരു സ്ഥിര വരുമാനമാകുമ്പോള്‍ ഇളയ മകനെയും തന്നെയും അവന്‍ നോക്കുമെന്ന് അവര്‍ കരുതി. മൂത്ത മകന്‍റെ വിവാഹം കഴിയുന്നത് വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീങ്ങി. എന്നാല്‍, വിവാഹം കഴിഞ്ഞ് അധികം വൈകാതെ പല കാര്യങ്ങളിലും ചെറിയ ചെറിയ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഒടുക്കം അവന്‍ താമസം മാറ്റി. ജീവിക്കാന്‍ മറ്റ് നിവര്‍ത്തികളില്ല. മോനെന്തെങ്കിലും ചെയ്യണം... ' കണ്ണീരോടെ അവര്‍ പറഞ്ഞു. 

പ്രത്യേകിച്ച് കലക്ടറേറ്റ് പോലുള്ള സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും അക്ഷരങ്ങള്‍ കുടുങ്ങിക്കിടക്കുന്ന നിരവധി ജീവിതങ്ങളുടെ ഫയലുകളിലൂടെ കയറിയിറങ്ങുന്നതിനിടെയാണ് പലപ്പോഴും ഇതുപോലെ നിസഹായരായ അമ്മമാരും അച്ഛന്മാരും നമ്മുടെ മുന്നിലേക്ക് എത്തുന്നത്. കടലാസിലുള്ള ജീവിതങ്ങള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുക്ക് മുന്നില്‍ ജീവിക്കുകയാണ്. സത്യത്തില്‍ 'എല്ലാം ശരിയാകും, മകന്‍ തിരിച്ച് വരും. അവന്‍ അമ്മയെ നോക്കും...' എന്ന ആശ്വാസ വാക്കുകള്‍ക്കപ്പുറത്ത് ആ കടലാസ് കെട്ടുകളില്‍ക്കിടയില്‍ നിന്ന് നമ്മുക്കൊന്നും ചെയ്യാന് കഴിയാത്ത അവസ്ഥയാണ്. നമ്മുടെ ഓരോ ചലനവും ആ കടലാസുകളില്‍ കുരുക്കപ്പെട്ടിരിക്കുന്നു. അതിന് കടലാസുകളിലൂടെ മാത്രമേ ജീവിതത്തിലേക്ക് കയറാന്‍ കഴിയൂ. നമ്മുടെ ആശ്വാസത്തിനും അപ്പുറമായിരിക്കും അവരുടെ ഓരോരുത്തരുടെയും ജീവിതവും. 'ഇളയ കുട്ടിയെ അവന്‍ നോക്കുമെന്ന് കരുതിയാണ് അച്ഛന്‍റെ ജോലി അവന് നല്‍കിയത്. പക്ഷേ, വിവാഹ ശേഷം രണ്ടാമത്തെ മകനെ കൂടി എന്നില്‍ നിന്നും അകറ്റാനുള്ള ശ്രമങ്ങളിലാണ് അവനിപ്പോള്‍. അവനും കൂടി പോയാല്‍, താന്‍ ഒറ്റയ്ക്കാവും. ഈ പ്രായത്തില്‍ ഇനിയും ഇങ്ങനെ കയറിയിറങ്ങാന്‍ കഴിയില്ല....' ഒരാള്‍ വന്ന് നമ്മുടെ മുന്നിലിരുന്ന് കണ്ണുകളിലേക്ക് നോക്കി സ്വന്തം സങ്കടക്കടലിന്‍റെ കെട്ടഴിക്കുമ്പോള്‍... ആശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്തതിന്‍റെ നിസഹായത എന്നെ വല്ലാതെ വേട്ടയാടി. ദിവസങ്ങളോളം ആ പ്രശ്നത്തിന് ഒരു പരിഹാരം തേടി ഞാന്‍ അസ്വസ്ഥനായി. 

നമ്മുടെ സംസ്ഥാനത്ത് ഏതാണ്ട് നാല് ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുണ്ട്. അതില്‍ ഏതാണ്ട് മുപ്പത് ശതമാനത്തോളം പേര്‍ ആശ്രിത നിയമത്തില്‍ ജോലിക്ക് കയറിയവരാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. പിന്നീട് അങ്ങോട്ടുള്ള ആഴ്ചകളില്‍... മാസങ്ങളില്‍... ആ കസേരയിലിരിക്കുന്ന ഉദ്യോഗസ്ഥനായ എന്നെ തേടി നിരവധി ഫോണ്‍ കോളുകള്‍, എഴുത്തുകള്‍, മുഖതാവിലുള്ള പരാതികളെത്തി... എല്ലാറ്റിനും ഒരേ രൂപം. ഒരേ ഭാവം. എല്ലാ അക്ഷരങ്ങളും പറഞ്ഞതൊന്ന്. ആശ്രിത നിയമനം ലഭിച്ച ശേഷം ആശ്രിതരെ സംരക്ഷിക്കാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന മക്കളെ കുറിച്ച്. 

1978 -ല്‍ അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് കേരള സര്‍ക്കാര്‍ ആശ്രിത നിയമനം കൊണ്ടുവരുന്നത്. 2018 ആകുമ്പോഴേക്കും നിയമം നാല്പത് വര്‍ഷത്തെ പ്രായോഗികത നേടിയിരിക്കുന്നു. പക്ഷേ, ഇത്രയും കാലത്തിനിടെ ആശ്രിത നിയമ വ്യവസ്ഥയില്‍ കാതലായൊരു ഭേദഗതി വന്നിരുന്നില്ല. ആശ്രിത നിയമ വ്യവസ്ഥയില്‍ ജോലിക്ക് കയറുന്നൊരാള്‍, അച്ഛനെ/അമ്മയെ/സഹോദരങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, അത്തരത്തില്‍ ജോലിക്ക് കയറുന്നൊരാള്‍ തന്‍റെ ഉത്തരവാദിത്വം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു നിയമം ഇല്ലായിരുന്നു. ഇതിന് ഒരു ഭേദഗതി ആവശ്യമാണെന്ന് തോന്നി. പിന്നീട് ആ ഭേദഗതിയെക്കുറിച്ചായി എന്‍റെ ആലോചന. 

അങ്ങനെ 'മാതൃപിതൃ സംരക്ഷണ സമ്മതമൊഴി' വയ്ക്കുന്നവര്‍ക്ക് മാത്രം ഇനി ആശ്രിത ജോലി നല്‍കുകയെന്നൊരു ഭേദഗതിയെ കുറിച്ച് ആലോചിക്കുന്നത്. അതായത്, ആശ്രിത നിയമനം വഴി ജോലി ലഭിക്കുന്നയാള്‍ മാതാവിനെ അല്ലെങ്കില്‍ പിതാവിനെ അതുമല്ലെങ്കില്‍ മാനസിക, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതോ അല്ലാത്തതോ ആയ സഹോദരങ്ങളെ, അവിവാഹിതരായ സഹോദരിമാരെ സംരക്ഷിക്കുമെന്ന് നോട്ടറിയെ കൊണ്ട് രേഖപ്പെടുത്തി ഒപ്പ് വച്ച് സമര്‍പ്പിച്ചാല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്ന് ഞാന്‍ ഫയലില്‍ നോട്ടെഴുതി. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര സെക്രട്ടറിക്ക് എഴുതിയ ആ ഫയല്‍ അന്നത്തെ ജില്ലാ കലക്ടറായിരുന്ന ടി വി അനുപമ ഐഎഎസ് കാണുകയും സര്‍വ്വ പിന്തുണയും അറിയിക്കുകയും ചെയ്തു. 2017 ഓക്ടോബര്‍ - നവംബര്‍ മാസങ്ങളിലാണ് ആദ്യത്തെ ഫയല്‍ അയക്കുന്നത്. എന്നെ പോലും അതിശയിപ്പിച്ച് കൊണ്ട് വലിയൊരു നീക്കം പിന്നാലെ നടന്നു. 2018 ഫെബ്രുവരിയില്‍ 21 ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. അതില്‍ കൂടുതല്‍, ഞാനെന്തോണോ ആ നോട്ടിലെഴുതിയത് അതില്‍ നിന്ന് ഒരു വാക്ക് പോലും മാറ്റാതെയായിരുന്നു ആ ഉത്തരവ് ഇറങ്ങിയതെന്നായിരുന്നു. അന്ന് മുതല്‍ ഈ ആശ്രിത നിയമന വ്യവസ്ഥയില്‍ ജോലിക്ക് കയറുന്നവര്‍ സംരക്ഷണ സമ്മത മൊഴി നല്‍കുകയും അത് സര്‍വ്വീസ് ബുക്കില്‍ ചേര്‍ക്കുകയും വേണമെന്നത് നിര്‍ബന്ധമാക്കി. റവന്യൂ ഡയറിയില്‍ പോലും അത് രേഖപ്പെടുത്തപ്പെട്ടു. 

സര്‍ക്കാര്‍ സംവിധാനത്തിന് അകത്ത് ഒരു സാധാരണ ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശം ഒരു ഉത്തരവായി ഇറങ്ങുകയെന്നാല്‍ അത് അനിതരസാധാരണമായ കാര്യമാണ്. നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടതിന് പിന്നാലെ അതേ വര്‍ഷം തന്നെ എന്നെ തേടി ഉദ്യോഗക്കയറ്റവുമെത്തി. ഭാഷാ അധ്യാപകരുടെ പത്താം ക്ലാസിലെ കുട്ടികളുടെ പ്രവര്‍ത്തി പരിചയ പുസ്തകത്തില്‍ ഈ നിര്‍ദ്ദേശം പിന്നീട് ചേര്‍ക്കപ്പെട്ടതായി കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. പക്ഷേ, ഒരു സമ്മതപത്രം എഴുതി തന്നുവെന്നത് കൊണ്ട് ആശ്രിത നിയമനത്തിലൂടെ ജോലിക്ക് കയറുന്നവര്‍ അത് പാലിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അത് എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാം. മാര്‍ച്ചില്‍ ഉത്തരവ് കൈയില്‍ കിട്ടിയെങ്കിലും ഈ പ്രശ്നം എന്നെ വല്ലാതെ അലട്ടി. പാലിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത, ഒരു നിര്‍ദ്ദേശം മാത്രമായി അത് മാറുമെന്ന യാഥാര്‍ത്ഥ്യം അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. മെയ് ആയപ്പോഴേക്കും എനിക്ക് അക്കാര്യത്തില്‍ മറ്റൊരു കുറിപ്പ് എഴുതാന്‍ കഴിഞ്ഞു. 'ആശ്രിത നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ജോലി കയറുന്ന വ്യക്തി, പിന്നീട് ആശ്രിതത്വം ആവശ്യമുള്ള മാതാവ്, പിതാവ്, മാനസികമായോ ശാരീരികമായോ അവശത അനുഭവിക്കുന്ന സഹോദരങ്ങള്‍, അവിവാഹിതരായ സഹോദരങ്ങള്‍ എന്നിവര്‍ക്ക് സാമ്പത്തികവും ഭൗതികവുമായ സംരക്ഷണം നല്‍കാത്ത ജീവനക്കാര്‍ക്കെതിരെ ആരെങ്കിലും ആക്ഷേപം ഉന്നയിക്കുന്ന പക്ഷം അവരുടെ ശമ്പളത്തിന്‍റെ 20 ശതമാനം പിടിച്ചെടുത്ത് ആക്ഷേപം ഉന്നയിക്കുന്ന ആശ്രിതര്‍ക്ക് നല്‍കണമെന്ന്' ഞാന്‍ വീണ്ടും കുറിപ്പെഴുതി. 2018 മെയ് മാസത്തില്‍ കലക്ടര്‍ ടി വി അനുപമ ഐഎഎസിന്‍റെ ഒപ്പോടെ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര കമ്മീഷന് ആ കുറിപ്പ് നല്‍കി. 

2019 -ല്‍ ആശ്രിത നിയമന വകുപ്പില്‍ നിന്നും ഞാന്‍ മാറി. വകുപ്പ് മാറിയെങ്കിലും സെക്രട്ടേറിയേറ്റില്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പില്‍ നിരന്തരം കയറി ഇറങ്ങിയും വിവരാവകാശം തേടിയും ആ ഫയലിന് പുറകേ ഞാനുണ്ടായിരുന്നു. ഒടുവില്‍ ആ ഉത്തരവ് ധനവകുപ്പിനും നിയമവകുപ്പിനും വിട്ടു. നിയമവകുപ്പ് എന്‍റെ നിര്‍ദ്ദേശം അംഗീകരിച്ചുവെന്ന് മാത്രമല്ല, ഞാന്‍ നിര്‍ദ്ദേശിച്ച 20 ശതമാനം ഒന്ന് കൂടി കൂട്ടി, 25 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ധനവകുപ്പ് ആ ഭേദഗതി അംഗീകരിച്ചു. പക്ഷേ, പിന്നീടും ഫയല്‍ നീക്കം വൈകി. ഓരോ തവണ ഫയല്‍ നീക്കം വൈകുമ്പോഴും സമാന പ്രശ്നനങ്ങളുമായി ആളുകള്‍ കലക്ടറേറ്റിലെ ആ കസേരയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥനെ തേടിയെത്തും അവരുടെ വേദനകള്‍ പങ്കുവയ്ക്കും അപ്പോള്‍ ഞാന്‍ വീണ്ടും ആ ഫയലുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിച്ചിറങ്ങും. 

അക്കാലത്താണ് 'ഓരോ ഫയലും ഓരോ ജീവിത'ങ്ങളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ വാക്കുകള്‍ക്കൊപ്പം 'ഈ ഫയലുകള്‍ ഒരായിരം ജീവിത'ങ്ങളാണെന്ന് കൂട്ടി ചേര്‍ത്ത് കൊണ്ട് ഞാന്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിരവധി തവണ കത്തുകള്‍ അയച്ചു. ഒടുവില്‍ 2019 ല്‍ ഫയല്‍ മുഖ്യമന്ത്രി കാണുകയും മറ്റ് വകുപ്പുകളുടെ കൂടി അഭിപ്രായം തേടി കരട് ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കൊവിഡിന് ശേഷം 2022 ല്‍ മുഖ്യമന്ത്രിയുടെ അടുത്ത് നിയമ ഭേദഗതിയുടെ കരട് എത്തി. തുടര്‍ന്ന് ചീഫ് സെക്രട്ടറിക്ക് കരട് സമര്‍പ്പിക്കാന്‍ അദ്ദേഹം വീണ്ടും നിര്‍ദ്ദേശം നല്‍കി. വീണ്ടും ഒരു വര്‍ഷം ആ ഫയല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കിടയില്‍ കയറിയിറങ്ങി. ഈ സമയമൊക്കെ വിവരാവകാശ പ്രകാരവും നേരിട്ടും ഞാന്‍ ആ ഫയലുകളുടെ ഓരോ നീക്കത്തെയും പിന്തുടര്‍ന്നു. ഒടുവില്‍ നിരന്തരമായ അന്വേഷണങ്ങള്‍ക്ക് ശേഷം 2023 ല്‍ ഏപ്രില്‍ മുഖ്യമന്ത്രി ഫയല്‍ ഒപ്പിടുകയും ക്യാബിനറ്റില്‍ വയ്ക്കുകയും ചെയ്തു. അങ്ങനെ 2023 ജൂലൈ 14 ഭേദഗതി ഉത്തരവായി പുറത്തിറങ്ങി. 

അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ മാതാപിതാക്കളെ സംരക്ഷിക്കാനാണ് ഇന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്. നാളെ ഇത് ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളിലും സംഭവിക്കും. ഇന്ന് ഇന്ത്യയില്‍ 20 -40 ഇടയില്‍ പ്രായമുള്ള യുവതലമുറ പല കാരണങ്ങളാല്‍ രാജ്യം വിടാനാണ് ആഗ്രഹിക്കുന്നത്. അവര്‍ വിദേശത്ത് സ്ഥിര താമസം തേടുന്നു. ഇത് കേരളത്തിലടക്കം ഭാവിയില്‍ സംരക്ഷിക്കാന്‍ ആളില്ലാത്ത ഒരു വൃദ്ധ സമൂഹത്തെ സൃഷ്ടിക്കും. പുറത്ത് പോയ മക്കള്‍ തിരിച്ച് വരാന്‍ കഴിയാത്തവിധം പുറം രാജ്യത്ത് സ്ഥിര താമസമാക്കുമ്പോള്‍ പ്രത്യേകിച്ചും. ഭാവിയില്‍ വിഷാദ രോഗത്തിലേക്കും അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളിലേക്കും ഈ മാതാപിതാക്കളെ അവരുടെ ഒറ്റപ്പെടല്‍ തള്ളിവിടുന്നു. അത്തരമൊരു കാലത്താണ് ഈ നിയമം ഏത്രമാത്രം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നത്. 

ഇനി, ഒരു ചന്ദ്രദാസായി എനിക്ക് ജന്മമില്ല. ഇത് ഇവിടെ തീരുന്നു. എന്നാല്‍, എന്‍റെ മരണാനന്തരം ഈ ആശ്രിത നിയമ ഭേദഗതിക്ക് വിരുദ്ധമായ നീക്കം ഏതെങ്കിലും ജീവനക്കാരില്‍ നിന്ന് ഉണ്ടാവുകയും തുടര്‍ന്ന് അത് പരാതിയായി ഉന്നയിക്കപ്പെടുകയും നിയമപരമായി ശമ്പളത്തിന്‍റെ 25 ശതമാനം പരാശ്രയമില്ലാത്ത ആ പരാതിക്കാരന് ലഭിക്കുകയും ചെയ്യുമ്പോള്‍ അവിടെയാണ് എന്‍റെ പുനര്‍ജന്മമെന്നാണ് ഞാന്‍ കരുതുന്നത്. ഞാനാരാണെന്ന് പോലുമറിയാതെ തന്നെ എന്നിലൂടെ അവര്‍ക്ക് ലഭിക്കുന്ന ആശ്വാസം അത് തന്നെയാണ് എന്‍റെ പുനര്‍ജന്മം. 

ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ചെയ്ത് തീര്‍ക്കേണ്ട നിരവധി കടമകളുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നത് കടലാസുകളില്‍ കുറിപ്പെഴുതി വിടാനുള്ള ഒരു ഉപകരണം മാത്രമല്ല. അയാള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ നിരവധി കടമകളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു സ്വകാര്യ നേട്ടമായിട്ടല്ല ഞാന്‍ കാണുന്നത്. ജോലിയില്‍ നിന്നും വിരമിച്ചിട്ടും ആ ഫയലുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഞാന്‍ അന്വേഷിച്ച് കൊണ്ടിരുന്നത് വരാനിരിക്കുന്ന നിരവധി അമ്മമാരെയും അച്ഛന്മാരെയും ഓര്‍ത്തുകൊണ്ടാണ്. ഫയലുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന അന്വേഷണങ്ങള്‍ക്കിടയില്‍ ഓരോ തവണ മടുപ്പ് തോന്നുമ്പോഴും ആ അമ്മയുടെ മുഖം എന്‍റെ മുന്നിലേക്ക് കടന്നുവരും. ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അവന്‍റെ സമൂഹത്തോട് പ്രതിബദ്ധതയുള്ളവനാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെയും പ്രവര്‍ത്തിയെന്നത് വെറുമൊരു ജോലിയോ സ്ഥിര വരുമാനത്തിനുള്ള ഒരു ഉപാധിയോ മാത്രമല്ല. അത് അവനവനടക്കമുള്ള അനേകം മനുഷ്യരുടെ ജീവിതത്തെ സുഖമമാക്കുകയെന്നതാണ്. അല്ലാതെ സങ്കീര്‍ണ്ണമാക്കുകയല്ലെന്ന് തിരിച്ചറിയണം. വ്യാജ രേഖകളുടെ കാലത്ത് ആ കാഴ്ചപ്പോട് നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നും കരുതുന്നു.

ഇതിനിടെ 2021 ല്‍ ഞാന്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കാര്‍ണ്ണാടക മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു. തമിഴ്നാട്ടില്‍ നിന്നും ചീഫ് സെക്രട്ടറിയുടെ കത്ത് ലഭിച്ചു. അവര്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചുവെന്ന് അറിയിച്ചതിലും സന്തോഷം. ഇന്ത്യയില്‍ മുഴുവനും ഈ നിയമനം പ്രാവര്‍ത്തികമാകട്ടെയെന്നാണ് ഇന്ന് ഞാന്‍ സ്വകാര്യമായി ആഗ്രഹിക്കുന്നത്. മാത്രമല്ല, ആശ്രിത നിയമനം കിട്ടിയ പലരും ജോലി ലഭിച്ച ശേഷം അവധി എടുത്ത് വിദേശത്ത് പോകുന്ന പ്രവണതയും കൂടിവരുന്നുണ്ട്. ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ ഇക്കാര്യം കൂടി സൂചിപ്പിച്ചിരുന്നു. പിന്നാലെ ഇത്തരം അവധികള്‍ ഇനി അനുവദിക്കില്ലെന്ന് കാട്ടി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഉത്തരവിറക്കി. അതെ, മാറ്റമുണ്ടാകും. പക്ഷേ, അതിനായി നമ്മള്‍ നിരന്തരം ശ്രമിച്ച് കൊണ്ടേയിരിക്കണം. അടുത്തതായി മക്കള്‍ തന്നെ മാതാപിതാക്കളെ സംരക്ഷിക്കണം എന്നുള്ള ഒരു ബില്ല് കൊണ്ടുവരിക എന്നതാണ് ഇനിയുള്ള തന്‍റെ നീക്കമെന്നും ചന്ദ്രദാസ് പറഞ്ഞു നിര്‍ത്തി. 

ഭരണകൂടത്തിന്‍റെ ഏടാകൂടത്തില്‍പ്പെട്ട് ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതയില്‍ കുരുക്കപ്പെട്ട ആനന്ദിന്‍റെ കഥാപാത്രങ്ങളില്‍ നിന്നും ചന്ദ്രദാസ് ഒരു പടികൂടി മുന്നേറിയിരിക്കുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രതയും നിരന്തരമായ അന്വേഷണങ്ങളും ആ സങ്കീര്‍ണ്ണതകളെ ലളിതമാക്കാനും കുരുക്കുകള്‍ അഴിക്കാനും സഹായിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. 2021 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചിട്ടും മറ്റുള്ളവരുടെ ജീവിതം ഏങ്ങനെ കുറച്ച് കൂടി മനോഹരമാക്കാമെന്നുള്ള അന്വേഷണങ്ങളിലാണ് അദ്ദേഹമിന്ന്.