കപില ഇപ്പോള്‍ കൂടുതലും ഓണ്‍ലൈനിലാണ് പരിപാടികള്‍ നടത്തുന്നത്. ഒരുപാട് അവതരണങ്ങള്‍ live stream ചെയ്യുന്നു. ലോക്ക് ഡൗണ്‍ സമയത്ത് മുദ്രകളിലൂടെ കൊച്ചുകുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സ്റ്റോറി ടെല്ലിങ് രീതിയും കപില പരീക്ഷിച്ചിരുന്നു. അത് വലിയ വിജയമായി. കൂടാതെ ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്ത് സമ്പൂര്‍ണാവാതരണം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ഒപ്പം, ദേവീമാഹാത്മ്യത്തിലെ മഹിഷാസുരവധം നങ്ങ്യാര്‍കൂത്ത് വെര്‍ച്വലായി അവതരിപ്പിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ലണ്ടനിലെ സഹൃദയര്‍ക്ക് മുന്നില്‍ അത് അവതരിപ്പിച്ചത്. 

 

 

അരങ്ങില്ലാതാവുക എന്നത് രംഗകലകളുടെ മരണമാണ്. അരങ്ങൊഴിയുക എന്നത് കലാകാരന്‍മാരുടെയും. അതിനാലാണ്, ശ്വാസം പോലെ അവര്‍ അരങ്ങിനെ കൊണ്ടുനടക്കുന്നത്. കാണികളും വേദിയുമെല്ലാം ചേരുന്ന ഈ ജൈവവ്യവസ്ഥയെയാണ്, കൊവിഡ് രോഗം അടച്ചുകളഞ്ഞത്. മനുഷ്യരെ വീടകങ്ങളിലേക്ക് ഒതുക്കിക്കെട്ടിയ ലോക്ക്ഡൗണ്‍ കാലം, രംഗകലകളുടെ ശ്വാസോച്ഛാസമാണ് ഇല്ലാതാക്കിയത്. അരങ്ങുകള്‍ കൊണ്ട് ജീവിക്കുന്ന കലാകാരന്‍മാര്‍ വെള്ളമില്ലാത്ത മീനുകളെപ്പോലായി. ഭാവനയില്‍ പോലുമില്ലാത്ത ഈ പുതിയ അവസ്ഥയോടുള്ള ചെറുത്തുനില്‍പ്പും പോരാട്ടവുമായി ലോകമെങ്ങുമുള്ള കലാകാരന്‍മാരുടെ ജീവിതം മാറിയപ്പോയത് ഇങ്ങനെയൊക്കെയാണ്. 

ലോകമാകെ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന, പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവും അനുഭവിച്ചത് സമാനമായ പ്രതിസന്ധിയാണ്. അരങ്ങുകളും യാത്രകളുമായി ജീവിതം തിരക്കിട്ട് മുന്നോട്ട് പോകുന്നതിനിടെ, കൊവിഡ് വന്ന് ബ്രേക്കിട്ടു. അതോടെ, എങ്ങും പോവാതായി. അരങ്ങുകള്‍ ഇല്ലാതായി. മനുഷ്യര്‍ ഒത്തുചേരാതായി. മറ്റ് പല കലാകാരന്‍മാരെയും പോലെ, മഹാമാരി കപിലയുടെ ജീവിതത്തെയും ആഴത്തില്‍ മാറ്റിയെഴുതി. 

''സത്യമാണ്, കലാകാരന്‍മാരെല്ലാം വലിയ പ്രതിസന്ധിയെയാണ് നേരിട്ടത്. സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന വേദികള്‍ ഇല്ലാതായി. വരുമാനമാര്‍ഗം ഒറ്റയടിക്ക് അടഞ്ഞു. രംഗകലാകാരന്‍മാരില്‍ പലരുടെയും വീട്ടില്‍ പട്ടിണിയും, ദാരിദ്രവുമായി. വിശപ്പ് അതിജീവിക്കാന്‍ പലരും മറ്റ് തൊഴിലുകള്‍ തേടി പോകാന്‍ നിര്‍ബന്ധിതരായി. മാസംതോറും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയാണ് പലരെയും ജീവിപ്പിക്കുന്നത്. ''കപില പറയുന്നു. 

എന്നാല്‍, ഈ വിധിക്കുമുന്നില്‍ എല്ലാം തകര്‍ന്നു നില്‍ക്കാന്‍ കപില തയ്യാറായില്ല. അവരതിനോട് പൊരുതി. ഓണ്‍ലൈന്‍ പോലുള്ള സാദ്ധ്യതകള്‍ ആരാഞ്ഞു. കൂടിയാട്ടം പോലുള്ള, പാരമ്പര്യവേരുകളുള്ള ഒരു കലാരൂപത്തെ ഡിജിറ്റല്‍ ലോകത്തേക്ക് പറിച്ചുനടുക എളുപ്പമല്ലാതിരുന്നിട്ടും കപില ശ്രമം തുടരുക തന്നെ ചെയ്തു. 

കപില ഇപ്പോള്‍ കൂടുതലും ഓണ്‍ലൈനിലാണ് പരിപാടികള്‍ നടത്തുന്നത്. ഒരുപാട് അവതരണങ്ങള്‍ live stream ചെയ്യുന്നു. ലോക്ക് ഡൗണ്‍ സമയത്ത് മുദ്രകളിലൂടെ കൊച്ചുകുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്ന സ്റ്റോറി ടെല്ലിങ് രീതിയും കപില പരീക്ഷിച്ചിരുന്നു. അത് വലിയ വിജയമായി. കൂടാതെ ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്ത് സമ്പൂര്‍ണാവാതരണം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ഒപ്പം, ദേവീമാഹാത്മ്യത്തിലെ മഹിഷാസുരവധം നങ്ങ്യാര്‍കൂത്ത് വെര്‍ച്വലായി അവതരിപ്പിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ലണ്ടനിലെ സഹൃദയര്‍ക്ക് മുന്നില്‍ അത് അവതരിപ്പിച്ചത്. 

 

 

വെര്‍ച്വല്‍ അവതരണ സാദ്ധ്യതകള്‍
സദസ്സിന് മുന്നിലുള്ള അവതരണം പോലെയല്ല വെര്‍ച്വല്‍ അവതരണമെന്ന് കപില പറയുന്നു. സദസ്യരുടെ മുന്നില്‍ പ്രകടനം നടത്തുമ്പോള്‍ ലഭിക്കുന്ന ഊര്‍ജ്ജവും, ആനന്ദവും മറ്റൊന്നാണ്. എന്നാല്‍, വെര്‍ച്വല്‍ അവതരണം മറ്റു സാദ്ധ്യതകള്‍ തുറന്നിടുന്നു. 

''കാണികള്‍ക്ക് മുന്നിലായാലും, ക്യാമറയ്ക്ക് മുന്നിലായാലും, രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്. കാണികളുടെ മുന്‍പില്‍ പ്രകടനം നടത്തുമ്പോള്‍ അവരുടെ പ്രതികരണത്തെ കുറിച്ച് നമ്മള്‍ ശ്രദ്ധാലുക്കളായിരിക്കും. അവര്‍ അത് ആസ്വദിക്കുന്നുണ്ടോ എന്ന ആശങ്ക ഉള്ളില്‍ കാണും. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ അത്തരം ചിന്തകള്‍ ഒന്നും തന്നെ നമ്മളെ അലട്ടുന്നില്ല. കാണികളെ തല്‍സമയം പ്രീതിപ്പെടുത്തുക എന്ന ഭാരം അവിടെയില്ല. സ്വയം ആസ്വദിച്ച്, സമയമെടുത്ത് ചെയ്യാന്‍ നമുക്ക് സാധിക്കുന്നു. ഇന്ദ്രിയസംവേദനങ്ങളുടെ പരിധി വിട്ട് പൂര്‍ണ്ണമായും അന്തര്‍ലീനമായ ഏകാന്ത ധ്യാനമായി തീരും അപ്പോള്‍ പ്രകടനം. അവതാരകയും, ആസ്വാദകയും ഒരാളാകുന്ന അവസ്ഥ. നമ്മുടെ ഉള്ളിലുള്ള ആത്മചേതനയെ ഉണര്‍ത്തുന്ന നിമിഷങ്ങളാണ് അവ. ഏകാന്ത തപസ്യയ്ക്ക് തുല്യമാണ് അത്''- കപില പറയുന്നു

 

കലയുടെ വീട് 
നൂറ്റാണ്ടുകളിലായി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കലയാണ് കൂടിയാട്ടം. കൂടിയാട്ടത്തെ പുതിയ കാലത്തിനും പുതുതലമുറയ്ക്കും അനുസൃതമായി മുന്നോട്ടുകൊണ്ടുപോവാന്‍ ശ്രമിച്ച ഒരു ചെറിയ സംഘം കലാകാരന്‍മാരുടെ പിന്‍ഗാമിയാണ് കപില. അന്യം നിന്ന് പോകുന്ന ഒരു പ്രാചീന ക്ഷേത്ര കലയെ ഭാവിയിലേക്ക് നിലനിര്‍ത്താനായിരുന്നു ആ ശ്രമങ്ങള്‍. 

കപില ജനിച്ച് വീണത് തന്നെ കലയുടെ ലോകത്താണ്. കൂത്തിന്റെയും, കൂടിയാട്ടത്തിന്റെയും, കഥകളിയുടെയും ഈറ്റില്ലമായ ഇരിഞ്ഞാലക്കുടയിലായിരുന്നു ജനനം. ചാക്യാര്‍, നങ്ങ്യാര്‍ സമുദായക്കാരുടെ മാത്രം കലയായിരുന്ന കൂടിയാട്ടത്തിന്റെ ജാതീയമായ ചട്ടക്കൂടുകള്‍, അമ്മന്നൂര്‍ പാരമ്പര്യത്തിലൂടെ ഭേദിച്ച ജി. വേണുവിന്റെയും മോഹിനിയാട്ട നര്‍ത്തകിയും നൃത്തഗവേഷകയുമായ നിര്‍മലാ പണിക്കരുടെയും മകളാണ് അവര്‍.  കൂത്തമ്പലത്തില്‍ മാത്രം ഒതുങ്ങി നിന്ന ആ അനുഷ്ഠാന കലയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ ജി വേണു  വഹിച്ച പങ്ക് ചെറുതല്ല. കലാകാരിയായ അമ്മ 'നടനകൈശികി'യെന്ന നടന ഗവേഷണ-പഠനകേന്ദ്രത്തിന്റെ സ്ഥാപകയാണ്. 

 

 

പിച്ചവച്ച് നടക്കുന്ന കാലത്തേ കൂത്തും, കൂടിയാട്ടവും നൃത്തവും കപിലയ്ക്ക് സുപരിചിതമായിരുന്നു. എന്നാല്‍, സ്വന്തം വീട്ടിലായിരുന്നില്ല, കപിലയുടെ വളര്‍ച്ച. കപില പഠിച്ചതും വളര്‍ന്നതുമെല്ലാം ഊട്ടിയിലെ ലൗഡേലിലായിരുന്നു. അമ്മ നിര്‍മലാ പണിക്കര്‍ അവിടെ നൃത്ത അധ്യാപികയായിരുന്നു. 750 ഏക്കറില്‍ നില്‍ക്കുന്ന ഒരു ഒറ്റപ്പെട്ട കെട്ടിടമായിരുന്നു കപിലയുടെ സ്‌കൂള്‍. അതിന് ചുറ്റും കാടായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അത് മറ്റൊരു സംസ്‌കാരമായിരുന്നു എന്ന് കപില പറയുന്നു. തീര്‍ത്തും പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസം നേടിയ കപില അവധിക്കാലത്താണ് വീട്ടില്‍ എത്തിയിരുന്നത്. അവിടെ അവളെ സ്വാഗതം ചെയ്തത് കലയുടെ മായിക ലോകമായിരുന്നു. 

നൃത്തത്തിന്റെ ആദ്യചുവടുകള്‍ കപിലയെ പഠിപ്പിച്ചത് അമ്മ തന്നെയാണ്. മൂന്നോ, നാലോ വയസുള്ളപ്പോഴാണ് കപില മോഹിനിയാട്ടം പഠിക്കാന്‍ തുടങ്ങുന്നത്. ഊട്ടി ഫേണ്‍ ഹില്ലിലെ നിത്യ ചൈതന്യ യതിയുടെ ആശ്രമത്തില്‍വെച്ചായിരുന്നു അരങ്ങേറ്റം. ഏഴാമത്തെ വയസ്സില്‍ കപില കൂടിയാട്ടം പഠിക്കാന്‍ ആരംഭിച്ചു. ഒന്‍പതാമത്തെ വയസ്സില്‍ അരങ്ങേറ്റം.  കൂടിയാട്ടത്തില്‍ അച്ഛനായിരുന്നു ആദ്യ ഗുരു. പിന്നീട്, അമ്മന്നൂര്‍ മാധവ ചാക്യാരുടെ അടുത്തെത്തി. ഉഷാ നങ്ങ്യാര്‍, കിടഞ്ഞൂര്‍ സി എന്‍ രാമചാക്യാര്‍ തുടങ്ങിയവരും കപിലയ്ക്ക് വഴികാട്ടികളായി തീര്‍ന്നു.  

 

 

 

അമ്മന്നൂര്‍ എന്ന നടനസാഗരം  

പ്ലസ്ടു വിന് ശേഷം എന്ത് തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ കപിലയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു, കൂടിയാട്ടം! അമ്മന്നൂര്‍ ഗുരുകുലത്തില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. 

അമ്മന്നൂര്‍ മാധവ ചാക്യാരുടെ അയല്‍ക്കാരി കൂടിയായിരുന്ന കപില അദ്ദേഹം പറഞ്ഞ് കൊടുത്ത അനുഭവകഥകളും, പുരാണകഥകളും കേട്ടാണ് വളര്‍ന്നത്. തികഞ്ഞ ഭക്തിയോടും, ആദരവോടും, കൗതുകത്തോടുമാണ് കുഞ്ഞുകപില ആ കഥകള്‍ കേട്ടിരുന്നത്. 

ഒരു കണ്ണില്‍ സിംഹത്തിന്റെ രൗദ്രതയും മറുകണ്ണില്‍ മാന്‍പേടയുടെ സാമ്യതയും ഒരേസമയം പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്ന അഭിനയ ചക്രവര്‍ത്തിയായിരുന്നു അമ്മന്നൂര്‍. കപിലയുടെ അച്ഛനും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ആ കുടുംബത്തിന് അദ്ദേഹവുമായി ഉണ്ടായിരുന്ന അഭേദ്യ ബന്ധം കൂടിയാട്ടത്തിലേക്കുള്ള കപിലയുടെ ചുവട് വയ്പ്പിന് അടിത്തറ പാകി. ശരീരവും മനസ്സും ഓട്ടുപാത്രം പോലെയാണ് എന്നും തേച്ചുമിനിക്കിയില്ലെങ്കില്‍ ക്ലാവ് പിടിക്കുമെന്നും, ഒരു നടന്റെ മനസ്സ് സ്ഫടികം പോലെ ശുദ്ധമായിരിക്കണമെന്നും അദ്ദേഹം എപ്പോഴും കപിലയോട് പറയുമായിരുന്നു.  

അമ്മന്നൂര്‍ പറഞ്ഞുകൊടുത്ത പുരാണ കഥകളിലെ സീതയും, സൂര്‍പ്പണഖയും കപിലയുടെ ഇളം മനസ്സില്‍ വേഷപ്പകര്‍ച്ചയോടെ മിന്നിമാഞ്ഞു. വലുതായപ്പോഴും അത്തരം സ്ത്രീപക്ഷ കഥാപാത്രങ്ങളാണ് കപിലയെ ആകര്‍ഷിച്ചതും. ശാകുന്തളത്തിലെ ശകുന്തള, സീതാപരിത്യാഗത്തിലെ സീത, ഊരുഭംഗത്തിലെ ഗാന്ധാരി, വിക്രമോര്‍വ്വശീയത്തിലെ ഉര്‍വശി എന്നിവയാണ് പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. 

 

 

കഥാപാത്രമായി മാറല്‍
മനസിനെ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ കണ്ടെത്തിയാല്‍ പിന്നെ ആ കഥാപാത്രത്തിനെ കുറിച്ച് കൂടുതല്‍ വായിക്കുകയും മനനം ചെയ്യുകയും ചെയ്യുന്നതാണ് കപിലയുടെ രീതി. ''കഥാപാത്രത്തെ എല്ലാവശങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കും. പഠിക്കുമ്പോള്‍ മുതല്‍ തന്നെ കഥാപാത്രമായി മാറാനുള്ള പരിശീലനം ഞങ്ങള്‍ക്ക് ലഭിക്കും.  വേഷം അരങ്ങില്‍ അവതരിപ്പിക്കുന്ന ദിവസം മൂന്ന് നാല് മണിക്കൂര്‍ മുന്‍പ് തന്നെ കുളിച്ച് ശുദ്ധമായി വിളക്ക് കൊളുത്തി ആചാര അനുഷ്ഠാനങ്ങളോടെ കലാകാരന്‍ വേഷം കെട്ടുന്നു. അതോടെ ബാഹ്യമായ ലോകവുമായി നമ്മള്‍ പൂര്‍ണമായും വിച്ഛേദിക്കപ്പെടുന്നു. മനസ്സുകൊണ്ടും ശരീരം കൊണ്ട് നമ്മള്‍ പിന്നെ ആ കഥാപാത്രമായി മാറുന്നു''-കപില പറയുന്നു.

എന്നാല്‍ മറ്റ് കലകളില്‍ കാണുന്ന പോലെ അരങ്ങ് വിട്ടാലും കഥാപാത്രത്തില്‍ നില്‍ക്കുന്ന ഒരവസ്ഥ കൂടിയാട്ടത്തിന് ഇല്ലെന്ന് കപില പറയുന്നു. ഒരു കഥാപാത്രത്തിലേക്ക് പ്രവേശിക്കാനും, അതില്‍ ഇന്ന് ഇറങ്ങാനും വ്യക്തമായ വഴികള്‍ കൂടിയാട്ടത്തിലുണ്ട്.  അരങ്ങത്ത് നിന്ന് വന്ന് വേഷം അഴിച്ച് മാറ്റിയാല്‍ പിന്നെ കലാകാരന്റെ മനസ്സില്‍ ആ കഥാപാത്രമില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ അനുഷ്ഠാന കലയ്ക്ക് കാലം ചെല്ലുന്തോറും തഴക്കവും, ഇരുത്തവും വന്നുചേര്‍ന്നിട്ടുണ്ട്. അത് തന്നെയാണ് ഇതിനെ മറ്റ് കലകളില്‍ നിന്ന് വ്യത്യസ്തമാകുന്നതെന്ന് കപില പറയുന്നു. 

വിശദംശങ്ങളില്‍ ഊന്നല്‍ നല്‍കിയിട്ടുള്ള അവതരണമാണ് കൂടിയാട്ടത്തിന്. ''കൂടിയാട്ടം ഒരിക്കലും ഒരു വലിയ സദസിനെ ആകര്‍ഷിക്കുന്ന ഒന്നല്ല. അതൊരു സാധനയാണ്. വര്‍ഷങ്ങളുടെ പരിശീലത്തിനൊടുവില്‍ ഒരു നടന്‍ അരങ്ങില്‍ അത് അവതരിപ്പിക്കുമ്പോള്‍, കണ്ടിരിക്കുന്ന കാണികള്‍ക്കും ഒരുത്തരവാദിത്വമുണ്ട്. ആയിരകണക്കിന് ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശമല്ല ഇതിനുള്ളത് മറിച്ച് ഇത് തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവ തലത്തിലേക്കാണ് സദസിനെ കൊണ്ടുപോകുന്നത്. അത് ആസ്വദിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല,''-കപില പറഞ്ഞു.

 

 

കപിലയുടെ നേട്ടങ്ങള്‍

നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള കപില രംഗകലകളിലെ ലോകോത്തര പ്രതിഭകളുമായി ഇടപഴകിയിട്ടുണ്ട്.  ജപ്പാനിലെ ലോകപ്രശസ്ത നര്‍ത്തകനായ മിന്‍ തനകയ്ക്കൊപ്പം 2005 മുതല്‍ 2010 വരെ കപില പരിശീലനം നേടി. അദ്ദേഹത്തിന്റെ  'റൈറ്റ് ഓഫ് ദി ഫോറസ്റ്റ്', തോറ്റങ്ങളെ അടിസ്ഥാനമാക്കിയ  സോളോ ഡാന്‍സ് എന്നിവയില്‍ കപില പങ്കാളിയായിരുന്നു.  സ്വീഡിഷ് നാടക സംവിധായകന്‍ പീറ്റര്‍ ഓസ്‌കാര്‍സണ്‍, അമേരിക്കന്‍ പരീക്ഷണ നര്‍ത്തകന്‍ വോളി കാര്‍ഡോണ, സ്‌കോട്ടിഷ് വിഷ്വല്‍ പെര്‍ഫോമിസ്റ്റ് ഹന്ന ടുലിക്കി എന്നിവര്‍ക്കൊപ്പവും കപില പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തില്‍ അദ്ധ്യാപികയായ കപില ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും സിംഗപ്പൂരിലെ ഇന്റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും വിസിറ്റിംഗ് ഫാക്കല്‍റ്റിയാണ്. അവരുടെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും അടിസ്ഥാനമാക്കിയുള്ള 'കപില' എന്ന ചിത്രം 2014 -ലെ ദേശീയ അവാര്‍ഡ് നേടി. 

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ല ഖാന്‍ യുവ പുരസ്‌കാര്‍, രാഷ്ട്രീയ കുമാര്‍ ഗാന്ധര്‍വ സമന്‍ സംസ്‌കൃതി അവാര്‍ഡ്, ഭാരത് കലാച്ചറില്‍ നിന്നുള്ള യുവ കലാഭാരതി അവാര്‍ഡ്, സംഗീത നാടക അക്കാദമിയയുടെ ഗുരുകുല്‍ സ്‌കോളര്‍ഷിപ്പ് എന്നീ പുരസ്‌കാരങ്ങള്‍ നേടി. 

കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1975 -ല്‍ വേണുജി ആരംഭിച്ച നടനകൈരളിയുടെ ഡയറക്ടര്‍ കൂടിയാണ്

കപില.