ലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനയ്ക്ക് രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ മഹര്‍ഷി ബാദരായണ്‍ വ്യാസ് സമ്മാന്‍ അവാര്‍ഡ് ലഭിച്ചത് യുവ എഞ്ചിനീയറായ സന്തോഷ് തോട്ടിങ്ങലിനാണ്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിനെ കുറിച്ച് കേട്ടവര്‍ക്ക് അതില്‍ പുതുമ തോന്നണമെന്നില്ല. പക്ഷെ സൈബര്‍ ലോകത്ത് മലയാള ഭാഷയുടെ സംരക്ഷണത്തിനും അതിന്റെ വരുംകാല നിലനില്‍പ്പിനുമായി ഇദ്ദേഹം ചെയ്ത കാര്യങ്ങള്‍ ചില്ലറയല്ല. 

മുപ്പത് വയസ്സിനും നാല്‍പ്പത്തഞ്ച് വയസ്സിനും ഇടയ്ക്കുള്ള യുവപ്രതിഭകള്‍ക്ക് സംസ്‌കൃതം, പേര്‍ഷ്യന്‍, അറബി, പാലി, ശ്രേഷ്ഠഭാഷകളായ ഒറിയ, കന്നഡ, തെലുഗു, മലയാളം എന്നീ ഭാഷകളിലെ മികച്ച സംഭാവനകള്‍ക്ക് നല്‍കുന്ന ഈ അവാര്‍ഡ് 2016 -ലാണ് ആരംഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സന്തോഷ് തോട്ടിങ്ങല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

ആരാണ് സന്തോഷ് തോട്ടിങ്ങല്‍?

കമ്പ്യൂട്ടറെന്നാല്‍ ഇംഗ്ലീഷ് എന്ന കാലത്ത് നിന്ന് മലയാളത്തില്‍ ടൈപ്പ് ചെയ്യാനും വായിക്കാനും പറ്റുന്ന നിലയിലേക്ക് സാങ്കേതിക വിദ്യയുടെ ഗതി തന്നെ മാറ്റിമറിച്ച കൂട്ടായ്മയുടെ മുന്‍നിര പ്രവര്‍ത്തകരിലൊരാളാണ് ഇദ്ദേഹം. ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ ഭാഷാസാങ്കേതികവിദ്യാവിഭാഗം പ്രിന്‍സിപ്പല്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ്. മലയാളമുള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളുടെ കമ്പ്യൂട്ടേഷനില്‍ വിവിധ അല്‍ഗോരിതങ്ങള്‍, ടൂളുകള്‍ എന്നിവ വികസിപ്പിച്ചിട്ടുള്ള സന്തോഷ്, മലയാളത്തിലെ വളരെ പ്രചാരമുള്ള ഒരു ഡസനോളം ഫോണ്ടുകളുടെ പരിപാലനത്തിന് നേതൃത്വം കൊടുക്കുന്നു.

ഇവയില്‍ത്തന്നെ ചിലങ്ക, മഞ്ജരി എന്നീ രണ്ടു മലയാളം ഫോണ്ടുകള്‍ രൂപകല്‍പന ചെയ്തതും സന്തോഷാണ്. മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ ഒട്ടുമിക്ക മേഖലകളിലും സംഭാവന ചെയ്തിട്ടുള്ള സന്തോഷ് ഭാഷാസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഭാഷാ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് മലയാളത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയുടെ മുന്‍നിരക്കാരനുമാണ് സന്തോഷ്. 

കമ്പ്യൂട്ടറിലെ മലയാളത്തിന്റെ വളര്‍ച്ച

സാങ്കേതിക വിദ്യയുടെ വികാസത്തിനൊപ്പം തന്നെ വന്‍കുതിപ്പ് നടത്തുകയാണ് മലയാള ഭാഷയും. അതിന്റെ മുന്നൊരുക്കം നടത്തുകയാണിപ്പോള്‍ സന്തോഷടക്കമുള്ളവര്‍. 'ഞാനീ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 10-12 വര്‍ഷമായി. ഇംഗ്ലീഷ് പോലെ മലയാളവും ടൈപ്പ് ചെയ്യാന്‍ സാധിക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. 2010 -ലാണ് ഈ പ്രയത്‌നം ലക്ഷ്യം കാണുന്നത്. 2014 -ല്‍ പുറത്തിറങ്ങിയ ആന്റഡ്രോയ്ഡ് വേര്‍ഷനില്‍ മലയാളം കൂടി ഉള്‍പ്പെടുത്തിയതോടെയാണ് മലയാളഭാഷയ്ക്ക് ഇത്രയേറെ പ്രചാരം ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ മലയാളത്തില്‍ എത്രമാത്രമാണ് ആളുകള്‍ ടൈപ്പ് ചെയ്യുന്നത്. അച്ചടിമാധ്യമത്തിന്റെ എത്രയോ മടങ്ങാണ് ഇത്' അദ്ദേഹം പറഞ്ഞു.

'ഇനിയുള്ള കാലത്ത് കൂടുതല്‍ വലിയ മുന്നേറ്റമാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും വ്യാകരണം തെറ്റാതെ കൃത്യമായി കംപ്യൂട്ടര്‍ ഉപയോഗിച്ച് വിവര്‍ത്തനം ചെയ്യുകയാണ് ലക്ഷ്യം. അതിന് നമ്മുടെ ഭാഷയും വ്യാകരണവും അതിന്റെ ഉപയോഗരീതിയും മെഷീനിനെ(കംപ്യൂട്ടറിനെ) പഠിപ്പിക്കേണ്ടതുണ്ട്. അതിലാണ് ഞാനിപ്പോള്‍ ഗവേഷണം ചെയ്യുന്നത്. കംപ്യൂട്ടര്‍ മലയാളം കേട്ടെഴുതുന്ന തരത്തിലുള്ള മാറ്റം ഇനിയുണ്ടാകും' സന്തോഷ് പറയുന്നു.

ഇത് പാഠ്യവിഷയമാക്കണം

'ഞങ്ങളൊരു ഹോബിയായി തുടങ്ങിയതാണെന്ന് കരുതുന്നവരുണ്ട്. ഇത് ഹോബിയല്ല, ആശയവിനിമയം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം തന്നെയാണ് ഉള്ളത്. മുന്‍പ് ഇത് തീര്‍ത്തും അനൗദ്യോഗികമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഞങ്ങളുടെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കുന്നുണ്ട്. മലയാളം ഭാഷ ഇ മെയിലിലും വെബ്‌സൈറ്റിലും സര്‍ക്കാര്‍ ഉത്തരവുകളിലുമടക്കം നിര്‍ബന്ധമാക്കിയത് വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. മലയാളം ടൈപ്പിംഗ് ഇന്ന് ഐടി അറ്റ് സ്‌കൂളിലൊക്കെ പഠിപ്പിക്കുന്നുണ്ട്. അതിന് പരിശീലനം നല്‍കിവരുന്നുമുണ്ട്. അതുമാത്രം പോര. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ എല്ലാവശങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള അറിവ് നല്‍കേണ്ടതുണ്ട്. ഭാവിയില്‍ ഗവണ്‍മെന്റ് സേവനങ്ങളടക്കം ഓണ്‍ലൈനാകും. എല്ലാ സേവനങ്ങളും മലയാളത്തില്‍ തന്നെ ലഭിക്കും. വീട്ടില്‍ ഒരാള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാം മലയാളത്തില്‍ തന്നെ ലഭിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്. ഇത് വലിയ വലിയ അവസരങ്ങളാണ് തുറന്നിടുക' -സന്തോഷ്.

തൊഴില്‍ സാധ്യതകള്‍

'ഇന്റര്‍നെറ്റ് വ്യാപകമാകുന്നതോടെ ടെക്‌നോളജി രംഗത്ത് പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരും. അതില്‍ മലയാള ഭാഷയ്ക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താനാകും. ഇപ്പോള്‍ കടലാസില്‍ എഴുതി വായിക്കുന്നത് പോലെ തന്നെ ഭാവിയില്‍ കംപ്യൂട്ടറില്‍ എഴുതാനും വായിക്കാനും സാധിക്കുന്നത് തൊഴില്‍ ലഭിക്കാന്‍ ഏറ്റവും ആവശ്യമായി വേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുമ്പോള്‍ അവിടെയും തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കും. ടൈപ്പിംഗ് അദ്ധ്യാപനമടക്കമുള്ള കാര്യത്തില്‍ വലിയ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.'

'നമുക്ക് വേണ്ടിയോ, നമ്മുടെ ഭാഷയ്ക്ക് വേണ്ടിയോ അമേരിക്കന്‍ കമ്പനികള്‍ ഇവിടെ വന്ന് പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുമെന്ന് കരുതരുത്. അതിന് നമ്മള്‍ തന്നെ പരിശ്രമിച്ചേ മതിയാകൂ. അങ്ങനെ വരുമ്പോള്‍ ബിഎ മലയാളം പഠിക്കുന്നതും ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പഠിക്കുന്നതും ഒരേപോലെ ആവശ്യമാകും. ഇതൊക്കെ എല്ലാവര്‍ക്കും പഠിച്ചാലേ പറ്റൂ എന്ന സ്ഥിതിവരും. ഇപ്പോഴത്തെ തൊഴിലിന്റെ സ്വഭാവത്തെ ഇത് മാറ്റിമറിച്ചേക്കാം. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയേ ഉള്ളൂ.'

ഭാഷയുടെ പ്രാദേശിക വകഭേദങ്ങളെ എങ്ങനെ ബാധിക്കും

'കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും ഭാഷയ്ക്ക് വകഭേദങ്ങളുണ്ട്. എന്നാല്‍ ഒരു പത്രം വായിക്കുകയോ, ടിവി കാണുകയോ ചെയ്യുന്ന ഒരാള്‍ക്ക് കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ഭാഷ മനസിലാകാത്ത അവസ്ഥയില്ല. അതിനാല്‍ തന്നെ സ്വാഭാവിക രീതിയില്‍ ഉപയോഗിക്കുന്ന ഭാഷയില്‍ പ്രാദേശിക വകഭേദങ്ങള്‍ ഇല്ലാതിരുന്നാലും കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല. ഒന്നാമതായി ഇതൊക്കെ പഴയകാലത്ത് ദൂരവും ആശയവിനിമയ സൗകര്യവും ഇല്ലാതിരുന്ന കാലത്തേതാണ്. ഇന്ന് അന്യജില്ലക്കാരനായ ഒരാളോട് സംസാരിക്കുമ്പോള്‍ നമ്മള്‍ വീട്ടിലെ ഭാഷയല്ലല്ലോ ഉപയോഗിക്കുന്നത്. ഇത് മുന്‍പ് ബ്രിട്ടീഷ് - അമേരിക്കന്‍ ഇംഗ്ലീഷ് ഭാഷാഭേദത്തിന്റെ കാര്യത്തിലും സംഭവിച്ചതാണ്. ഇപ്പോള്‍ ആ പ്രശ്‌നം തീര്‍ത്തും ഇല്ലാതായില്ലേ,' സന്തോഷ് ചൂണ്ടിക്കാട്ടി.