തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ വയോധികയെ പട്ടാപകല്‍ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി തലക്കടിച്ച് സ്വർണ്ണം കവർന്നു. കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ചാണ് മൂന്ന് പവൻ തൂക്കമുള്ള സ്വർണ്ണ മാല കവർന്നത്. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒരു യുവാവും യുവതിയും ചേര്‍ന്ന് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് ധരിപ്പിച്ച് സുശീലയെ നിർബന്ധപൂർവ്വം ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. മാല പൊട്ടിച്ചെടുത്ത ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളി അതിവേഗം ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു. കരച്ചിൽ കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലിസ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാനാരംഭിച്ചിട്ടുണ്ട്.