Asianet News MalayalamAsianet News Malayalam

Driving Tips ; വണ്ടിയോടിക്കുമ്പോള്‍ നിങ്ങള്‍ക്ക് കലിപ്പ് വരാറുണ്ടോ; മറ്റുള്ളവരോട് പുച്ഛം തോന്നാറുണ്ടോ?

ഉദാഹരണത്തിന്, ആ വരുന്നതൊരു മധ്യവയസ്‌കയാണെങ്കില്‍. നിങ്ങളുടെ മനസ്സില്‍ ചിലപ്പോള്‍ ഇങ്ങനെ തോന്നാം.. ''തള്ള രാവിലെത്തന്നെ എങ്ങട്ടാണാവോ വണ്ടീം തള്ളിക്കോണ്ട്...!  നോക്കീട്ട് എടുക്ക് തള്ളെ. മെയിന്‍ റോട്ടീക്കൂടെ ഞാന്‍ പോണ കണ്ടൂടെ. ഒരു നിയമോം അറിയില്ല. രാവിലെത്തന്നെ വണ്ടീം കൊണ്ടെറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താന്‍.. അങ്ങനെ നിങ്ങളിപ്പോ പോണ്ട.. നിക്കവിടെ.. (പോം.. പോം..ഹോണ്‍.) 

Basics of driving psychology article on driving behavioral changes
Author
Thiruvananthapuram, First Published Jan 13, 2022, 6:13 PM IST
  • Facebook
  • Twitter
  • Whatsapp

റോഡിലൂടെ വാഹമോടിക്കുമ്പോള്‍ നിങ്ങള്‍ എന്തൊക്കെയാണ് ചിന്തിക്കാറുള്ളത്? എന്താണ് ആ ചിന്തകള്‍ക്ക് അടിസ്ഥാനം. അക്കാര്യം അന്വേഷിക്കുകയാണ് ഈ ലേഖനം. ഡോ. ലിയോണ്‍ ജെയിംസിന്റെ പഠനത്തിന് സ്വതന്ത്ര പരിഭാഷ നിര്‍വഹിച്ചത് ബാബു രാമചന്ദ്രന്‍  

 

Basics of driving psychology article on driving behavioral changes

 

വിവിധ സാമൂഹിക സാഹചര്യങ്ങളില്‍ വ്യക്തികള്‍ എന്തു ചെയ്യും എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചൊക്കെ പഠനങ്ങള്‍ നടത്തുകയും, പരീക്ഷണങ്ങളുടെയും പഠന അപഗ്രഥനങ്ങളുടെയുമൊക്കെ അടിസ്ഥാനത്തില്‍ പ്രവൃത്തികളെയും പ്രതികരണങ്ങളെയും ഒക്കെ വിശദീകരിക്കുകയുമൊക്കെയാണ് നമ്മുടെ മന:ശാസ്ത്ര വിദഗ്ധര്‍ ചെയ്യാറ്. ഒരര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, നമ്മളോരോരുത്തരും  നിത്യജീവിതത്തില്‍ പൊടിക്കൊരു മന:ശാസ്ത്രവിശകലനമൊക്കെ നടത്തേണ്ടി വരും,  എന്ത്... ഏത്... എന്തിന്...? എന്നൊക്കെയുള്ള സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരം വേണമെങ്കില്‍. 

ബി. എ. സൈക്കോളജി ഒന്നും പാസ്സായിട്ടല്ലെങ്കിലും, ഒരു പരിധി വരെ വിജയകരമായിത്തന്നെ നമ്മളോരോരുത്തരും ഇതൊക്കെ ചെയ്യുന്നുണ്ട് നമ്മുടെ ദൈനം ദിന ജീവിതത്തില്‍. 

വിജയ സാധ്യത എന്നത് നമുക്ക് നമ്മളെക്കുറിച്ചും നമ്മുടെ ജീവിതത്തില്‍ നമ്മള്‍ നിത്യസമ്പര്‍ക്കം പുലര്‍ത്തുന്ന മറ്റുള്ള വ്യക്തികളെക്കുറിച്ചുമൊക്കെ എത്രത്തോളം അവബോധമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കുമെന്നു മാത്രം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു സുഹൃത്തിന്റെ കൂടെ ഉച്ചഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു എന്നു കരുതുക. നിങ്ങള്‍ ജോലിക്കിടയില്‍ ഉച്ചഭക്ഷണത്തിനുള്ള ചുരുങ്ങിയ സമയത്ത് ഒരു അഡ്ജസ്റ്റുമെന്റില്‍ ഓഫീസില്‍ നിന്നും ഇറങ്ങി വന്നതാണ്. റെസ്റ്റോറന്റില്‍ വരാമെന്നു പറഞ്ഞ സമയം കഴിഞ്ഞിട്ടും സുഹൃത്ത് വരുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഒരു മേശയും മിനക്കെടുത്തി നിങ്ങളിങ്ങനെ ഇരിക്കുകയാണ്. വെയ്റ്റര്‍ ഇടയ്ക്കിടെ വന്ന് നിങ്ങളെ ചൊറിഞ്ഞിട്ടു പോവുന്നുണ്ട്. റെസ്റ്റോറന്റില്‍ ആണെങ്കില്‍ നല്ല കച്ചവടമുള്ള സമയവുമാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഒരു യുക്തമായ തീരുമാനത്തില്‍ എത്തേണ്ടതുണ്ട്. എടുക്കാവുന്ന തീരുമാനങ്ങള്‍ പലതുണ്ട്. ഒന്നുകില്‍ നിങ്ങള്‍ക്ക് ക്ഷമകെട്ട് അവിടന്നിറങ്ങി തിരിച്ച് ഓഫീസിലേക്ക് പോവാം, ജോലി തുടരാം. അല്ലെങ്കില്‍ ഫോണ്‍ ചെയ്ത് തിരക്കാം സുഹൃത്തിനെ, എന്തേ വരാത്തതെന്ന്. അല്ലെങ്കില്‍ അവനെ തിരക്കി ഇറങ്ങാം. അതൊന്നും ചെയ്യാതെ, അവന്‍ പറഞ്ഞ വാക്കുപാലിക്കും എന്ന് പ്രതീക്ഷിച്ച്, എന്നാല്‍ ഉള്ളില്‍ ചെറിയ ഒരു ഈര്‍ഷ്യയോടെത്തന്നെ അവിടെ ലഞ്ച് ഓര്‍ഡര്‍ ചെയ്യാതെ, വെള്ളവും കുടിച്ചുകുടിച്ച് കാത്തിരിക്കാം.

ഇങ്ങനെ പ്രതികരിക്കാനുള്ള സാധ്യതകളെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്കുള്ളിലും പലതരത്തിലുള്ള വികാരങ്ങള്‍ ഉടലെടുക്കുന്നുണ്ടാവും.. നിങ്ങള്‍ക്ക് ദേഷ്യവും പരിഭവവും തോന്നുന്നുണ്ടാവാം. 'ഇങ്ങനെ പതിവില്ലാത്തതാണല്ലോ.  മുമ്പൊക്കെ സമയത്തിന് അഞ്ചുമിനിട്ടുമുമ്പേ തന്നെ വന്നിട്ടുള്ള ആളാണല്ലോ. ഇനി വഴിയില്‍ വല്ല ആക്‌സിഡന്റും... ' എന്നൊക്കെ ആശങ്കപ്പെടാം. അല്ലെങ്കില്‍, 'ഇതിവന്റെ സ്ഥിരം പരിപാടിയാ. ഒരു സമയം പറഞ്ഞിട്ട് ഇന്നു വരെ പാലിച്ച ചരിത്രമില്ല. ഇനി അവനെ ഫോണ്‍ ചെയ്താലും എത്താറായി, ഒരു മിനിട്ട് എന്നൊക്കെ പച്ചക്കള്ളമേ കേള്‍ക്കാനൊക്കൂ...'  എന്നൊക്കെ മനസ്സില്‍ പ്രാകാം. അവസാനം സുഹൃത്ത് ഓടിപ്പിടഞ്ഞ് വന്നേക്കാം. നിങ്ങള്‍ക്ക് സമാധാനമാവും, എന്നാലും ഉള്ളില്‍ ഒരിച്ചിരി ഈര്‍ഷ്യയും കാണും.

തീരുമാനങ്ങള്‍, നമുക്കുള്ള ഓപ്ഷന്‍സ്, നമ്മുടെ പ്രതികരണങ്ങള്‍, അവയ്ക്കുള്ള ന്യായങ്ങള്‍, വിശദീകരണങ്ങള്‍ - ഇതിങ്ങനെ നിരന്തരം നമ്മുടെ മനസ്സില്‍ കിടന്ന് കളിച്ചുകൊണ്ടിരിക്കും, അനുനിമിഷം. 

നമ്മള്‍ ജീവിതത്തില്‍ പലപല സാഹചര്യങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍, നമ്മുടെ തലച്ചോറിന്റെ, ഹൃദയത്തിന്റെ, അതായത്, ബുദ്ധിയുടെ, വൈകാരികതയുടെ ഒക്കെ സ്വാഭാവിക പ്രതിപ്രവര്‍ത്തന മാതൃകയാണ് ഇതുവരെ പരാമര്‍ശിച്ചത്. 

ഇനി നമുക്ക് ഇതേ കാര്യങ്ങള്‍ ട്രാഫിക്കില്‍ ഉപയോഗിച്ച് നോക്കാം. ഡ്രൈവിംഗ് എന്നതു ഒരു തുടര്‍പ്രക്രിയയാണ്. നിരന്തരമായ മനസ്സാന്നിധ്യം ആവശ്യമുള്ള ഒരു പ്രവര്‍ത്തനം. എന്താണ് ചുറ്റും നടക്കുന്നത്, മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ എന്താവും ചിന്തിക്കുന്നത് -ഇതുരണ്ടും അനുക്ഷണം നമുക്ക് തലച്ചോറിലിട്ട് പെരുമാറണം. 

ചില കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവും വിധം സൈന്‍ ബോര്‍ഡുകളുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്. ഉദാഹരണത്തിന്, തിരിയാനുള്ള സിഗ്‌നലുകള്‍, നോ പാര്‍ക്കിംഗ് പോലുള്ള ബോര്‍ഡുകള്‍, പച്ച, മഞ്ഞ, ചുവപ്പ് ലൈറ്റുകള്‍,സ്പീഡ് ബ്രേക്കറുകള്‍- ഇതൊക്കെ വിഷ്വലി നമുക്ക് തിരിച്ചറിയാം എളുപ്പത്തില്‍. മറ്റു ചിലത് ഒഫീഷ്യലായതല്ലെങ്കില്‍ കൂടി പ്രയോഗത്തില്‍ സ്വീകാര്യതയുള്ള ചില സിഗ്‌നലുകളാല്‍ പ്രചാരത്തിലുള്ളവാണ്. ഉദാഹരണത്തിന്, പാസ്സിംഗിനുള്ള ലൈറ്റ് ബ്‌ളിങ്കിങ്ങ് സിഗ്‌നല്‍, അല്ലെങ്കില്‍ ചില ഹോണടികള്‍... പ്രാദേശികമായ അര്‍ഥഭേദങ്ങള്‍ അവയ്ക്ക് കാണാമെങ്കിലും, അതാത് പ്രദേശങ്ങളില്‍ പൊതുവേ സ്വീകാര്യമായ സംവേദന രീതികളായിരിക്കും അവ.

പക്ഷേ, ഇതിലൊന്നും പെടാത്ത ചില സൂചനകളുണ്ട്. സാന്ദര്‍ഭികമായി നമ്മുടെ ബുദ്ധിയാല്‍ മനസ്സിലാക്കിയെടുക്കേണ്ടത്. തികച്ചും അവ്യക്തമായത്. പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ചെറിയ സ്ലോപ്പ് കയറി ചെല്ലുകയാണ്, അപ്പോഴുണ്ട് ഒരു വീടിന്റെ ഒറ്റവണ്ടി മാത്രം പോവുന്ന, ഇടുങ്ങിയ അപ്പ്രോച്ച് റോഡില്‍ നിന്നും ഒരു കാര്‍ റിവേഴ്‌സടിച്ച് റോഡിലേക്ക് ഇറങ്ങിവരുന്നു, നിങ്ങളുടെ വഴി തടഞ്ഞുകൊണ്ട്. ഈ അവസരത്തില്‍ നിങ്ങള്‍ പ്രതികരിക്കേണ്ടതുണ്ട്. ഉടനടി. യുക്തമായ രീതിയില്‍. 'നിര്‍ത്തണോ. അതോ ഹോണ്‍ നിര്‍ത്താതെ അടിച്ച് സ്പീഡ് കൂട്ടി ആ ഡ്രൈവറെ പേടിപ്പിച്ച് നിറുത്തിച്ച് കടന്നു പോണോ..? ആ ഒരു സന്ദര്‍ഭത്തെക്കുറിച്ചുള്ള നിങ്ങളുടെ അവലോകനത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ തീരുമാനം. അതിന്റെ ശരിതെറ്റുകളും.

ഉദാഹരണത്തിന്, ആ വരുന്നതൊരു മധ്യവയസ്‌കയാണെങ്കില്‍. നിങ്ങളുടെ മനസ്സില്‍ ചിലപ്പോള്‍ ഇങ്ങനെ തോന്നാം.. ''തള്ള രാവിലെത്തന്നെ എങ്ങട്ടാണാവോ വണ്ടീം തള്ളിക്കോണ്ട്...!  നോക്കീട്ട് എടുക്ക് തള്ളെ. മെയിന്‍ റോട്ടീക്കൂടെ ഞാന്‍ പോണ കണ്ടൂടെ. ഒരു നിയമോം അറിയില്ല. രാവിലെത്തന്നെ വണ്ടീം കൊണ്ടെറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താന്‍.. അങ്ങനെ നിങ്ങളിപ്പോ പോണ്ട.. നിക്കവിടെ.. (പോം.. പോം..ഹോണ്‍.) 

'ഹാവൂ.. ഭാഗ്യം.. ഇപ്പോ ഇടിച്ചേനെ.. തള്ള നിര്‍ത്തിയത് നന്നായി.. രക്ഷപ്പെട്ടു..'

റിവേഴ്‌സടിച്ചു വരുന്ന ഡ്രൈവര്‍ ശ്രദ്ധിച്ചാണ് ഓടിക്കുന്നത് എന്ന നിഗമനത്തില്‍ നിങ്ങളാ നിമിഷം എത്തുന്നു എങ്കില്‍ നിങ്ങള്‍ ചിലപ്പോള്‍ വേഗം കൂട്ടിയേക്കാം. ആ ഡ്രൈവര്‍ നിങ്ങളുടെ വണ്ടി കണ്ടിട്ടില്ല എന്ന് നിങ്ങള്‍ക്ക് സംശയം തോന്നി എങ്കില്‍ നിങ്ങള്‍ പതുക്കെ വേഗം കുറച്ചേക്കാം. ഒന്നു ഹോണടിച്ചു നോക്കിയേക്കാം, നിവൃത്തിയില്ലെങ്കില്‍ ബ്രേക്കിട്ട് വണ്ടി നിറുത്തിയേക്കാം. സാന്ദര്‍ഭികമായി നിങ്ങളുടെ തലച്ചോറില്‍ ഇങ്ങനെ എത്തുന്ന സൂചനകള്‍ ആ സമയത്തെ നിങ്ങളുടെ വിശകലനങ്ങളെ, പ്രതീക്ഷകളെ, തീരുമാനങ്ങളെ ഒക്കെ സ്വാധീനിക്കും. 

 

Basics of driving psychology article on driving behavioral changes

 

തലച്ചോറില്‍ എത്തുന്ന സാന്ദര്‍ഭികമായ ഇന്‍പുട്ടുകളില്‍ ചിലത്.

* എതിരേ വരുന്ന വാഹനം ഓടിക്കുന്നത് ആണാണോ പെണ്ണാണോ? ചെറുപ്പമാണോ? വയസ്സാണോ? കാണാന്‍ സ്മാര്‍ട്ടാണോ? അല്ലയോ? 

* കാര്‍ പുതിയതോ അതോ പഴയതോ? സാധാരണയോ അതോ ലക്ഷ്വറിയോ? 

* വിസിബിലിറ്റി നല്ലപോലുണ്ടോ അതോ മറവുവല്ലതും ഉണ്ടോ? 

* ആ കാര്‍ പതുക്കെ മടിച്ചുമടിച്ചാണോ വരുന്നത് അതോ ഒരു ലക്കും ലഗാനുമില്ലാതെ ആണോ? 

ഈ വിധത്തിലുള്ള വിഷ്വല്‍ സൂചനകളും ഇന്‍പുട്ടുകളും പിന്നെ അവയോടുള്ള നിങ്ങളുടെ ഡ്രൈവിങ്ങ് ആറ്റിറ്റിയൂഡ് വെച്ചുള്ള നിങ്ങളുടെ പ്രതികരണരീതിയും ഒക്കെ അനുസരിച്ച് നിങ്ങള്‍ പ്രതികരിക്കും. 'യൂ ആര്‍ ഹൗ യൂ ഡ്രൈവ്..'

നിങ്ങളുടെ അടിസ്ഥാന സ്വഭാവ സവിശേഷതകള്‍ നിങ്ങളുടെ ഡ്രൈവിംഗിലും ഒരു പരിധിവരെ പ്രതിഫലിക്കും. നിങ്ങള്‍ ചെയ്യുന്നതും, പ്രതികരിക്കുന്നതും. നിങ്ങള്‍ക്ക് ഉള്ളില്‍ തോന്നുന്നതും, നിങ്ങള്‍ ആലോചിക്കുന്നതും ഒക്കെ നിങ്ങള്‍ കാണുന്നതിന്റെയും നിങ്ങള്‍ ചെയ്തു ശീലിച്ചുവെച്ചിരിക്കുന്നതിന്റെയും ഒക്കെ പരിണിതഫലങ്ങളാണ്.

നിങ്ങള്‍ ട്രാഫിക്കിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതുവെച്ച് നിങ്ങള്‍ക്ക് ഒരു പരിധിവരെ നിങ്ങളുടെ 'ഡ്രൈവിംഗ് മനോഭാവം ' (Driving Attitude) പരുവപ്പെടുത്തിയെടുക്കാം. നിങ്ങളുടെ അതാതു നേരത്തുള്ള പ്രതികരണങ്ങളെയും പ്രവൃത്തികളെയും നിങ്ങള്‍ തന്നെ ഇടയ്‌ക്കൊക്കെ ഒന്ന് വിശകലനം ചെയ്തുനോക്കിയാല്‍ നിങ്ങള്‍ക്കു മനസ്സിലാവും, വണ്ടിയോടിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ എന്തിലൊക്കെയാണെന്ന്. നിങ്ങള്‍ എവിടെയൊക്കെ നോക്കിയാണ് വണ്ടി ഓടിക്കുന്നതെന്ന്, നിങ്ങള്‍ തിരക്കുള്ള ട്രാഫിക്കില്‍ വണ്ടിയോടിക്കുമ്പോള്‍ നിങ്ങളെ ചുറ്റിപ്പറ്റി എന്തൊക്കെ തരത്തിലുള്ള വൈകാരികതകള്‍ നിങ്ങളെ ചുറ്റിപ്പറ്റി ഉണ്ടെന്ന്. അതിനോടൊക്കെ നിങ്ങള്‍ എങ്ങനെയൊക്കെ പ്രതികരിക്കാറുണ്ടെന്ന്. നിങ്ങളുടെ വൈകാരിക പ്രകടന രീതികളെ ഒറ്റയടിക്ക് മാറ്റുക വിഷമകരമാവാം. എന്നാല്‍, ട്രാഫിക്കിനെ നിങ്ങള്‍ കാണുന്ന രീതിയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാല്‍. ബോധപൂര്‍വമായ ചില മാറ്റങ്ങള്‍, നിങ്ങള്‍ക്ക് പലതില്‍ നിന്നും രക്ഷപ്പെടാം. ആരോഗ്യകരമായ മാനസിക പ്രതികരണ രീതികള്‍ നിങ്ങള്‍ ശീലിച്ചാല്‍ നിങ്ങളുടെ ഡ്രൈവിങ്ങ് ക്വാളിറ്റി ഒരുപാട് മെച്ചപ്പെടും. നിങ്ങളുടെ ട്രാഫിക് ലൈഫും. 

 

Basics of driving psychology article on driving behavioral changes

 

'നിങ്ങള്‍ എന്തിനങ്ങനെ ചെയ്തു?' 

മറ്റുള്ള ഡ്രൈവര്‍മാരെക്കുറിച്ച് നിങ്ങള്‍ രൂപീകരിക്കുന്ന അഭിപ്രായങ്ങളെ നിങ്ങള്‍ക്ക് എങ്ങനെ നിയന്ത്രിക്കാനാവും..? 

ഒരു വഴി നിങ്ങളുടെ തന്നെ ഡ്രൈവിങ്ങ് ശൈലി അവലോകനം ചെയ്തു നോക്കുകയാണ്. സാങ്കല്പികമായ ഒരു സാഹചര്യത്തില്‍ നിങ്ങളാണ് വണ്ടിയോടിക്കുന്നതെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് ഓര്‍ത്തുനോക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ പോവുന്ന ലൈനില്‍ ഒരു കാര്‍ നിങ്ങളുടെ വണ്ടിക്കു മുന്നിലായി അല്പം പതിയെ പോവുന്നുണ്ട്. 

എന്തിനായിരിക്കും അയാള്‍ പതിയെ വണ്ടിയോട്ടുന്നത്..? 

വേഗതക്കുറവിന് നിങ്ങളുടെ നിരീക്ഷണങ്ങള്‍ക്കനുസൃതമായി നിങ്ങള്‍ക്ക് പല കാരണങ്ങളും ആരോപിക്കാവുന്നതാണ്.

1. ഡ്രൈവറുടെ പ്രകൃതം : ഒറ്റനോട്ടത്തില്‍ എതിര്‍ഡ്രൈവര്‍ ഒരു മന്ദബുദ്ധിയാണെന്നോ, പൊട്ടനാണെന്നോ, അശ്രദ്ധയുള്ളയാളാണെന്നോ, വണ്ടിയോട്ടാന്‍ വേണ്ട പ്രാഗത്ഭ്യം ഇല്ലാത്തയാളാണെന്നോ ഒക്കെ തോന്നാം.

2. ഡ്രൈവറുടെ രൂപം : അയാളുടെ നിറം, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍, അയാളുടെ പ്രായം, ആണോ പെണ്ണോ എന്നത്, അല്ലെങ്കില്‍ പ്രാദേശികമായ വ്യത്യാസങ്ങള്‍ ഒക്കെ നിങ്ങളുടെ നിഗമനങ്ങളെ സ്വാധീനിക്കാം. 

3. ആ കാറിന്റെ അവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ മുന്‍ ധാരണകള്‍ : ആ കാര്‍ ചിലപ്പോള്‍ കേടായിക്കാണും, ചിലപ്പോള്‍ പഴയ കാറാണെങ്കിലോ.. ചിലപ്പോള്‍ ഗര്‍ഭിണിയോ പിഞ്ചുകുഞ്ഞോ മറ്റോ വണ്ടിയില്‍ ഉണ്ടെങ്കിലോ. അസുഖമുള്ള ആരെങ്കിലുമൊക്കെ.

ആദ്യം പറഞ്ഞ രണ്ടെണ്ണം പ്രകൃതത്തെ ആശ്രയിച്ചുകൊണ്ടുള്ള നിഗമനങ്ങളാണ്. മൂന്നാമത്തേത് സാഹചര്യങ്ങളെയും. എതിരെയുള്ള ഡ്രൈവറുടെ പ്രകൃതത്തെ ആശ്രയിച്ച് നിഗമനത്തിലെത്തുന്നതില്‍ ഭൂരിഭാഗവും നെഗറ്റീവായ തോന്നലുകളിലാണ് ചെന്നെത്താറുള്ളത്. സാഹചര്യങ്ങളെക്കുറിച്ചാലോചിച്ച് നിഗമനത്തിലെത്താന്‍ ശ്രമിക്കുന്നവര്‍ പൊതുവേ പോസിറ്റീവായ തോന്നലുകളിലും, തത്ഫലമായി കൂടുതല്‍ സഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങളിലും. 

നമ്മുടെ ലൈനില്‍, മുന്നില്‍ പതിയെ വണ്ടിയോടിച്ചുകൊണ്ട് പോവുന്ന വ്യക്തിയിലേക്ക് നമുക്കിനി തിരിച്ചുവരാം. നിങ്ങളുടെ മുന്നില്‍ രണ്ട് വഴികളുണ്ട്. ഒന്നുകില്‍ മുന്നില്‍ പോകുന്നയാളുടെ പ്രകൃതമളക്കാന്‍ ശ്രമിക്കാം, അതിനെ അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കാനും. അല്ലെങ്കില്‍, അയാളുടെ അപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള നിഗമനങ്ങളെ ആസ്പദമാക്കി ഒരു പ്രതികരണം തീരുമാനിക്കാനും. 

മുന്നിലോടിക്കുന്ന ആളിന്റെ ലിംഗ-ജാതി-സാമ്പത്തിക അസ്തിത്വങ്ങളെക്കുറിച്ച് നിങ്ങള്‍ താണുചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സിലാക്കുക, നിങ്ങള്‍ പ്രകൃതാധിഷ്ഠിത നിഗമനത്തിലേക്കാണ് പോകുന്നത് എന്ന്. ഫലം നെഗറ്റിവ്ി ആയിരിക്കും എന്നും. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാവാതെ തരമില്ല.. ആ നിലയ്ക്ക് മുന്നോട്ട് പോവുകയാണെങ്കില്‍ സ്വയമറിയാതെ തന്നെ നിങ്ങള്‍ അവനവനെ വിക്ടിമൈസ് ചെയ്യുകയാണ് ചെയ്യുന്നത്. പക്ഷേ, മേല്പ്പറഞ്ഞ അറിവ് നിങ്ങള്‍ക്കുമുന്നില്‍ ഒരു വലിയ സാധ്യതയാണ് തുറന്നുതരുന്നത്.. വികാരങ്ങളെ സ്വിച്ച് ചെയ്യാനുള്ള ഒരു സാധ്യത.. 

കാറിന്റെ വേഗതക്കുറവിനെ എന്തെങ്കിലും ഒരു സാഹചര്യവുമായി ബന്ധിപ്പിക്കാം. കാറിനെന്തെങ്കിലും തകരാറ്, ഓടിക്കുന്നയാളിനെന്തെങ്കിലും അസുഖം, ഗര്‍ഭിണി/പ്രായമായവര്‍/പിഞ്ചുകുഞ്ഞ്/ഒടിവോ ചതവോ ഉള്ള ആരെങ്കിലും ഒക്കെ ഉള്ളിലുണ്ടാവാനുള്ള സാധ്യത, അല്ലെങ്കില്‍, ഇങ്ങനെന്തെങ്കിലും ആവാം എന്ന് ചിന്തിക്കാന്‍ നിങ്ങള്‍ തയ്യാറായി നോക്കൂ.. എത്ര ആരോഗ്യകരമായ വികാരങ്ങളിലൂടെ പിന്നെ നിങ്ങള്‍ കടന്നുപോവുമെന്ന്.

* അലിവ് - 'വേണ്ട, പാവമായിരിക്കും, വെറുതേ ചെറയണ്ട' 

* ക്ഷമ - 'ഒന്ന് വെയ്റ്റു ചെയ്ത് നോക്കാം.. ഇപ്പോ തീരുമായിരിക്കും' 

* ബുദ്ധി - 'പറ്റിയ സ്ഥലവും ഒഴിവും വരുമ്പോ അങ്ങോട്ട് ഓവര്‍ടേക്ക് ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ..'

* സഹിഷ്ണുത - 'റോഡെന്റെ ബാപ്പാന്റെ വകയല്ലല്ലോ.. വണ്ടി നേരാം വണ്ണം ഓട്ടാനറിയാത്തോനും ഓട്ടി പഠിക്കണ്ടേ.'

 

Basics of driving psychology article on driving behavioral changes

 

ഡ്രൈവറുടെ ഇരട്ടത്താപ്പ്  

പലപ്പോഴും പല കാര്യങ്ങളിലും ഡ്രൈവര്‍മാര്‍ ഇരട്ടത്താപ്പുകാട്ടാറുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, നമ്മള്‍ ഒരു ലൈനില്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കേ, മറ്റൊരു ഡ്രൈവര്‍ പെട്ടന്ന് ലൈന്‍ കട്ടുചെയ്ത് നമുക്കുമുന്നിലൂടെ വന്നുകേറിപ്പോവുന്നു. നമുക്ക് വളരെയധികം ദേഷ്യം തോന്നും, സ്വാഭാവികമായും. 'കലി വരുന്നെനിക്ക്... എന്ത് സ്വാര്‍ത്ഥന്മാരാണല്ലേ നാട്ടുകാര്... അങ്ങ് കട്ട് ചെയ്ത് ഒറ്റപ്പോക്ക് പോണ കണ്ടില്ലേ.. ഇവനൊക്കെ ആരാ ലൈസന്‍സ് കൊടുത്തത്. തെണ്ടി...' എന്നെങ്കിലും നമ്മള്‍ മനസ്സില്‍ പറയും. 

പക്ഷേ, നമ്മളാണ് മറ്റൊരാളെ എന്തെങ്കിലും കാരണവശാല്‍ പെട്ടന്ന് ലൈന്‍ കട്ടുചെയ്ത് ഓവര്‍ടേക്ക് ചെയ്യുന്നതെങ്കിലോ. നൂറു ന്യായീകരണങ്ങള്‍ മനസ്സില്‍ നിരക്കും... ' പോയിട്ടിത്തിരി അത്യാവശ്യമുണ്ട്.. ഓവര്‍ടേക്ക് ചെയ്തു വന്നപ്പോള്‍ ആ ഡിവൈഡര്‍ പെട്ടെന്നാ മുന്നില്‍ വന്നു പെട്ടത്. കട്ട് ചെയ്യാതെ നിവൃത്തിയില്ലായിരുന്നു. അവന്‍ സ്പീഡ് കൂട്ടിയിട്ടല്ലേ കട്ടിങ്ങ് എഫക്റ്റ് ഉണ്ടായത്. അങ്ങനങ്ങനെ...' ഇരട്ടത്താപ്പു നോക്കണേ..! 

പ്രകൃതാധിഷ്ഠിത അനുമാനങ്ങള്‍: 

ദേ.. പിന്നിലൊരു സ്‌പോര്‍ട്‌സ് കാര്‍ വന്ന് ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കുന്നുണ്ട്.

അങ്ങനെ അങ്ങ് പോണ്ട. കയ്യില്‍ കാശുണ്ട് സ്‌പോര്‍ട്‌സ് കാറുണ്ട് എന്ന് വെച്ച് നീ അങ്ങനെ ഞെളിയണ്ട. 

കോപ്പ് അവന്‍ ദേ സ്പീഡ് കൂട്ടുന്നു. 

ഞാനും കൂട്ടട്ടെ. 

അമ്മച്ചീ ഇടിച്ച്. ഹോ രക്ഷപ്പെട്ട്... 

ബ്രേക്ക് കിട്ടിയില്ലാരുന്നേല്‍ ഇപ്പോ മറിഞ്ഞേനെ വണ്ടി. 

അങ്ങനെ നീയിപ്പോ ഇനി പോണില്ല.. നീ അങ്ങനെ സുഖിച്ച് പോണ്ട. 

നീ ഒരു അലവലാതി ആയതുകൊണ്ടാണ് എന്നെ ടെയില്‍ഗേറ്റ് ചെയ്ത് നിന്നത്...

സാഹചര്യാധിഷ്ഠിത അനുമാനങ്ങള്‍: 

ഒരു സ്‌പോര്‍ട്‌സ് കാറല്ലേ ആ പിന്നില്‍ വന്ന് ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കുന്നത്. അങ്ങനെ നീയിപ്പോ ഓവര്‍ടേക്ക് ചെയ്യണ്ട മോനേ. 

ഞാന്‍ സ്പീഡ് കൂട്ടും. നീ പോണതൊന്ന് കാണട്ടെ. 

അവനും സ്പീഡ് കൂട്ടിയോ.  ലൈറ്റ് മിന്നിക്കുന്നോടാ ജാഡ തെണ്ടീ. 

അമ്മച്ചീ അവന്‍ എന്റെ പിന്നില്‍ ഇപ്പോ മുട്ടിയേനെ.

ഇതിലും സ്പീഡില്‍ പോയാല്‍ എനിക്കിനി വണ്ടി കണ്ട്രോള്‍ ചെയ്യാന്‍ പറ്റൂല.. അവനെ വിടേണ്ടി വരും.

പോട്ട് പുല്ല്. ഇത്രേം പിടിച്ചു നിര്‍ത്തീലേ. അല്ല അവന്‍ ഒന്നുല്ലേങ്കി ഒരു സ്‌പോര്‍ട്‌സ് കാറൊക്കെ വാങ്ങിയതല്ലേ. ചെലപ്പോ അവനു വല്ല അത്യാവശ്യവും കാണും. അതായിരിക്കും ഇങ്ങനെ കത്തിച്ച് പോണത്. 

ഞാനൊരു സ്‌പോര്‍ട്‌സ് കാറൊക്കെ വാങ്ങി റോഡിലേക്കിറങ്ങിയാല്‍ ചെലപ്പോ ഞാനും ഇങ്ങനൊക്കെ പോവുമായിരിക്കും. അവന്‍ പോക്കോട്ടെ അല്ലെങ്കില്‍.
 
പ്രകൃതാധിഷ്ഠിത അനുമാനങ്ങള്‍ നിങ്ങളെ നെഗറ്റീവ് ആയ ചിന്തകളിലും പ്രവൃത്തികളിലും കൊണ്ടു ചാടിക്കുന്നു. എന്നാല്‍, സാഹചര്യാധിഷ്ഠിത അനുമാനങ്ങളാകട്ടെ എപ്പോഴും നിങ്ങളെ കൂടുതല്‍ സൗഹാര്‍ദ്ദപരവും സൗമ്യവുമായ പ്രതികരണങ്ങളില്‍ നിലനിര്‍ത്തുന്നു. 

ഡ്രൈവര്‍മാര്‍ക്കിടയില്‍ നിലനില്ക്കുന്ന ഒരു പൊതുഭയം, റോഡിന്റെ അപ്രഖ്യാപിത നിയമങ്ങള്‍ അറിയാതെയെങ്കിലും ലംഘിക്കുക വഴി നമ്മള്‍ മറ്റു ഡ്രൈവര്‍മാരുടെ അപ്രീതി പിടിച്ചു പറ്റുമോ എന്നുള്ളതാണ്. നമ്മള്‍ അറിഞ്ഞോ, അറിയാതെയോ മറ്റു ഡ്രൈവര്‍മാര്‍ക്ക് അസൗകര്യമുണ്ടാക്കുമ്പോള്‍. അവരില്‍ നമ്മള്‍ തികച്ചും നെഗറ്റീവ് ആയ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

അല്ലെങ്കില്‍ പ്രതീക്ഷിച്ചത് കാണാനും തിരിച്ചറിയാനും ശ്രമിക്കുന്നു. ഒരു ചെറഞ്ഞുനോട്ടം. ഒരു തെറിവിളി. ഒരു പല്ലിറുമ്മല്‍. ഒരു കയ്യാംഗ്യം. ഒരു ഹോണടി. ഒക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട് അപ്പോള്‍.. നമ്മളോട് പ്രതികരിക്കാന്‍ അവര്‍ മന:പൂര്‍വ്വം നെഗറ്റീവ് ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടും എന്ന് കരുതുന്നു. പക്ഷേ. നമ്മളീ കരുതുന്നതും, യാഥാര്‍ത്ഥ്യവും തമ്മില്‍ എത്രത്തോളം ബന്ധമുണ്ട്..? 

പലപ്പോഴും നമ്മള്‍ വിചാരിച്ചത്ര നെഗറ്റിവിറ്റി നമുക്ക് മറ്റ് ഡ്രൈവര്‍മാരില്‍ നിന്നും കിട്ടില്ല. അപൂര്‍വ്വം ചിലപ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതലും. പക്ഷേ, ഇങ്ങനെയേ സംഭവിക്കൂ എന്നുള്ള മുന്‍വിധികള്‍.  ഇങ്ങനെയേ നമ്മുടെ പ്രവൃത്തികളോട് മറ്റുഡ്രൈവര്‍മാര്‍ പ്രതികരിക്കൂ എന്ന ധാരണകള്‍.ഒക്കെ നമ്മുടെ സ്വാഭാവിക പ്രതികരണങ്ങളെ സ്വാധീനിക്കും. 

നമ്മള്‍ നിത്യവും കാറോടിച്ചു പോവുമ്പോള്‍ ഇടയ്‌ക്കൊന്ന് നിരീക്ഷിക്കുക. നമ്മുടെ ഈ ഇരട്ടത്താപ്പുനിറഞ്ഞ ന്യായീകരണശൈലി. നമ്മുടെ യുക്തി എത്രമാത്രം സ്വാര്‍ത്ഥമാണെന്ന്. നമ്മള്‍ ഒരു പരിധിവരെ ഡ്രൈവിംഗില്‍ പ്രാവീണ്യം സിദ്ധിച്ചു എന്ന് ഉള്‍ത്തോന്നലുള്ളവര്‍ക്ക് സ്ഥിരമായി തോന്നുന്ന പല വിചാരങ്ങളുമുണ്ട്. 

തിരക്കേറിയ ഒരു ലൈനിലേക്ക് അതിസമര്‍ഥമായി കാറുമായി തിരുകിക്കേറുമ്പോള്‍ രഹസ്യമായൊരു കൃതാര്‍ത്ഥത തോന്നാറില്ലേ. മറ്റൊരാള്‍ക്ക് പതിനഞ്ചു മിനിട്ട് വേണ്ട സ്ഥലത്തേക്ക് വെറും പത്തുമിനിട്ടില്‍ ചെന്നെത്തുമ്പോള്‍. 'ഇവനു ഭയങ്കര സ്പീഡാ കേട്ടോ..'  എന്നൊരു കമന്റുകേട്ടാല്‍ ഉടന്‍ ഷൂമാക്കറുടെ നെഞ്ചുവിരിവാണ് പിന്നെ നമുക്ക്.

നമ്മുടെ വിന്‍ഡ് ഷീല്‍ഡില്‍ ഒരു 'അനധികൃതപാര്‍ക്കിംഗ്' ഫൈന്‍ കിട്ടിയാല്‍ ഉടന്‍ അത് ട്രാഫിക് പോലീസുകാരന്റെ ഓവര്‍ സ്മാര്‍ട്ട് ഷൈനിംഗ്. നമ്മുടെ കാര്യക്ഷമതയില്‍ സ്വയം അഭിനന്ദിക്കുന്നവര്‍, പോലീസുകാരന്‍ നമ്മോട് കാര്യക്ഷമത കാട്ടിയാല്‍ കെറുവിക്കും.

നമ്മുടെ ലോജിക്ക് മൊത്തം പക്ഷപാതപരമാണ്. സ്വാര്‍ത്ഥമാണ്. അസ്ഥിരമാണ്. ആകെ കുഴഞ്ഞുമറിഞ്ഞതാണ്. ഇങ്ങനെയുള്ള ലോജിക്കുകളാണ് നമ്മളെ വാസ്തവവിരുദ്ധമായ നിരീക്ഷണങ്ങളിലേക്കും, തുടര്‍ന്ന് അപകടം പിടിച്ച നിഗമനങ്ങളിലേക്കുമൊക്കെ നയിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെ നമ്മള്‍ തിരിച്ചറിഞ്ഞാല്‍, നമ്മുടെ ഇരട്ടത്താപ്പിനെ നേരിട്ട് പരിഹരിക്കാന്‍ നമ്മള്‍ മനസ്സുകാട്ടിയാല്‍ പല പ്രശ്‌നങ്ങളും അവിടെ അവസാനിക്കും.

മറ്റുള്ളവരുടെ ട്രാഫിക്ക് പെരുമാറ്റങ്ങളെ, അവരുടെ തോന്നിവാസവും അപക്വതയും ഒക്കെയായി അപഗ്രഥിച്ച് അവരെ പഴിക്കുന്ന നമ്മള്‍, അതേ കാര്യങ്ങള്‍ നമ്മള്‍ ചെയ്യുമ്പോള്‍ അതിനെ നമ്മുടെ സാഹചര്യസമ്മര്‍ദ്ദത്താലുള്ള നിസ്സഹായതയായും മറ്റ് ഓപ്ഷന്‍സില്ലായ്കയായും ഒക്കെ വ്യാഖ്യാനിച്ച് സാധൂകരിക്കാന്‍ ശ്രമിക്കും. 

പ്രകൃതാധിഷ്ഠിത അനുമാനത്തിനും തദ്ഫലമായുള്ള പ്രവൃത്തികള്‍ക്കും ഒരു ഉദാഹരണം കൂടി. 

ഒരു കാറിനെ ഓവര്‍ടേക്ക് ചെയ്യുന്ന മറ്റൊരു കാര്‍. രണ്ടുകാറും ഇപ്പോള്‍ സമാന്തരമായി പൊയ്‌ക്കൊണ്ടിരിക്കുന്നു. ഓവര്‍ടേക്ക് ചെയ്യാനായുന്ന കാറിലെ ഡ്രൈവര്‍ ചിന്തിക്കുന്നു..

''ഇവനിത്രേം നേരം മെല്ലെ പോയ്‌ക്കോണ്ടിരുന്നവന്‍.. ഇപ്പോ ഞാനൊന്ന് ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കുമ്പോള്‍ അവനു സ്പീഡ് കൂട്ടണം. അവന് ധൃതിയുണ്ടായിട്ടൊന്നുമല്ല.  എന്നെ വെറുതേ വെറുപ്പിക്കണം അത്ര തന്നെ. ഇപ്പോ നോക്കൂ.. ഇങ്ങനെ കെടന്ന് ഓവര്‍ടേക്ക് ചെയ്യാന്‍ പറ്റാതെ പൊട്ടന്‍ കളിക്കുന്നു ഞാന്‍ ഈ തെണ്ടി കാരണം...'' 

നമ്മളെ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്യാന്‍ നോക്കിയാല്‍ നമ്മള്‍ ഗ്യാപ്പ് കൊടുക്കില്ല. സ്പീഡ് കൂട്ടി അടുപ്പിക്കും ഗ്യാപ്പ് കുറയ്ക്കും. 

ഇതേ കാര്യം മറ്റൊരു ഡ്രൈവര്‍ ചെയ്താല്‍ അത് നമ്മളെ ഇറിറ്റേറ്റ് ചെയ്യാന്‍. നമ്മളെ പൊട്ടന്‍ കളിപ്പിക്കാന്‍. 

നമ്മള്‍ സ്പീഡ് ലിമിറ്റ് തെറ്റിച്ചാല്‍ അത് പോവാന്‍ അത്യാവശ്യമുണ്ടായിട്ട്. 
മറ്റാരെങ്കിലും ചെയ്താല്‍ തിന്നത് എല്ലിന്റെടേല്‍ കുത്തിയിട്ട്.

ഇങ്ങനെ ട്രാഫിക്കില്‍ നമ്മുടെ അനുമാന നിഗമന നിരീക്ഷണങ്ങളില്‍ നമ്മള്‍ വച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പു നിറഞ്ഞ സമീപനത്തെ തിരിച്ചറിയുന്തോറും നമുക്ക് ഡ്രൈവിംഗില്‍ കൂടുതല്‍ പക്വത കൈവരിക്കാനാവും.


(ഡോ.ലിയോണ്‍ ജെയിംസിന്റെ പഠനത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ: ബാബു രാമചന്ദ്രന്‍.   മൂലലേഖനത്തിന് കടപ്പാട്: ww.drdriving.org )

Follow Us:
Download App:
  • android
  • ios