Asianet News MalayalamAsianet News Malayalam

India @ 75 : ഹിന്ദു സന്യാസിമാരും മുസ്ലിം ഫക്കീര്‍മാരും ആയുധമെടുത്ത് ഒന്നിച്ച് നടത്തിയ പോരാട്ടം!

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് സന്യാസി-ഫക്കീര്‍ കലാപം

India at 75 Sanyasi Fakir revolt an inspiring chapter in India's freedom struggle
Author
Thiruvananthapuram, First Published Aug 1, 2022, 6:08 PM IST

മജ്‌നു ഷാ എന്ന ഫക്കീര്‍ നേതാവും ഭവാനി പാഥക്ക് എന്ന സന്യാസി നേതാവും ദേവി ചൗധരാണി തുടങ്ങിയ പ്രാദേശിക റാണിമാരുമായി കൂട്ടു ചേര്‍ന്ന് ഹിന്ദുക്കളും മുസ്ലിങ്ങള്‍ ഉള്‍പ്പെട്ട ജനതയുടെ നായകരായി. 1772 ല്‍ രംഗപൂര്‍ എന്ന സ്ഥലത്ത് കമ്പനി സൈന്യം ക്യാപ്റ്റന്‍ തോമസിന്റെ നേതൃത്വത്തില്‍ 1500 ഓളം വരുന്ന സന്യാസിസംഘത്തെ ആക്രമിച്ചു.  തുടക്കത്തില്‍ പകച്ചുപോയെങ്കിലും സന്യാസിസംഘം ഉടന്‍ തിരിച്ചടിച്ച് ക്യാപ്റ്റന്‍ തോമസിനെ വക വരുത്തി.

 

India at 75 Sanyasi Fakir revolt an inspiring chapter in India's freedom struggle

 

ഹിന്ദു സന്യാസിമാരും മുസ്ലിം ഫക്കീര്‍മാരും ഒന്നിച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ആയുധമെടുത്ത് പോരാടിയ ആവേശകരമായ അധ്യായമുണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍. 

സന്യാസി-ഫക്കീര്‍ കലാപം എന്നറിയപ്പെടുന്ന ഈ വിപ്ലവം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മൂന്ന് ദശാബ്ദക്കാലം ബംഗാളില്‍ അരങ്ങേറിയതാണ്.  കോടിക്കണക്കിനു ജനതയുടെ കൂട്ടമരണത്തിനു വഴിവെച്ച ബംഗാള്‍ ക്ഷാമകാലം. കൊടും പട്ടിണി,  വിളനാശം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി ദുരിതം താണ്ഡവമാടിയ ആ നാളുകളിലാണ് ഇന്ത്യയില്‍ അധികാരമുറപ്പിച്ചു തുടങ്ങിയ  ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൊള്ള നികുതി പിരിവിന്റെ വ്യാപനം.  പൊറുതിമുട്ടിയ ജനം പലയിടത്തും ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചു. 

ദീര്‍ഘകാലമായി ഭിക്ഷാംദേഹികളായി ഉത്തരേന്ത്യയാകെ തീര്‍ഥാടനയാത്രകള്‍ ചെയ്യുന്നവരായിരുന്നു ദശനാമി വിഭാഗത്തില്‍പെടുന്ന നാഗ സന്യാസിമാരും മദാരി വിഭാഗക്കാരായ മുസ്ലിം സൂഫി ഫക്കീര്‍മാരും.  കമ്പനിയുടെ നികുതിഭാരവും ക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ ബംഗാളിലെയും ബിഹാറിലെയും ജനങ്ങള്‍ക്ക് ഈ സന്യാസിമാര്‍ക്കും ഫക്കീര്‍മാര്‍ക്കും ഭിക്ഷ നല്‍കാന്‍ പോലും പാങ്ങില്ലാതെയായിരുന്നു. ക്രമേണ ജനതയുടെ ചെറുത്തു നില്‍പ്പിന്റെ നേതൃത്വം ആയുധമേന്തിയ സന്യാസിമാരും ഫക്കീര്‍മാരും ഏറ്റെടുത്തു. പലയിടങ്ങളിലും  സന്യാസിമാരുടെയും ഫക്കീര്‍മാരുടെയും നേതൃത്വത്തില്‍ കമ്പനി സ്ഥാപനങ്ങള്‍ക്ക് നേരെ കടന്നാക്രമണമുണ്ടായി. ജനങ്ങളെ അക്രമികളും സന്യാസികളെ കൊള്ളക്കാരായും കണ്ട കമ്പനിയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ വാറന്‍ ഹേസ്റ്റിങ്‌സ് വലിയ സൈന്യസന്നാഹത്തോടെ കലാപം അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കി.  ജനങ്ങള്‍ ക്ഷാമം മൂലം ചത്തു വീഴുമ്പോഴും കമ്പനിയുടെ നികുതിവരുമാനം വര്‍ദ്ധിച്ചുവന്നു.  

 

മജ്‌നു ഷാ എന്ന ഫക്കീര്‍ നേതാവും ഭവാനി പാഥക്ക് എന്ന സന്യാസി നേതാവും ദേവി ചൗധരാണി തുടങ്ങിയ പ്രാദേശിക റാണിമാരുമായി കൂട്ടു ചേര്‍ന്ന് ഹിന്ദുക്കളും മുസ്ലിങ്ങള്‍ ഉള്‍പ്പെട്ട ജനതയുടെ നായകരായി. 1772 ല്‍ രംഗപൂര്‍ എന്ന സ്ഥലത്ത് കമ്പനി സൈന്യം ക്യാപ്റ്റന്‍ തോമസിന്റെ നേതൃത്വത്തില്‍ 1500 ഓളം വരുന്ന സന്യാസിസംഘത്തെ ആക്രമിച്ചു.  തുടക്കത്തില്‍ പകച്ചുപോയെങ്കിലും സന്യാസിസംഘം ഉടന്‍ തിരിച്ചടിച്ച് ക്യാപ്റ്റന്‍ തോമസിനെ വക വരുത്തി.  കമ്പനിയുടെ ചുഷണനയങ്ങള്‍ മൂലം ദരിദ്രരാക്കപ്പെട്ട ധാക്കയിലെ മസ്‌ലിന്‍ നെയ്ത്തുകാരുടെ നേതൃത്വം ഫക്കീര്‍മാര്‍ ഏറ്റെടുത്ത് പോരാടി.  ഇളകിമറിയുന്ന തീസ്ത നദിയില്‍ തോണികളിലേറി സന്യാസിമാരും ഫക്കീര്‍മാരും  കമ്പനിപ്പടക്കെതിരെ മിന്നലാക്രമണം അഴിച്ചുവിട്ടു. 

മുപ്പതോളം വര്‍ഷത്തിന് ശേഷം മാത്രമേ ഈ കലാപം അടിച്ചമര്‍ത്തുന്നതില്‍ കമ്പനി വിജയിച്ചുള്ളൂ. വന്ദേ മാതരം രചിച്ച ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദ  മഠം എന്ന  വിഖ്യാതമായ നോവലിന്റെ പ്രചോദനം ചരിത്രപ്രധാനമായ സന്യാസി-ഫക്കീര്‍ കലാപമാണ്.
 

Follow Us:
Download App:
  • android
  • ios