Asianet News MalayalamAsianet News Malayalam

ആരാണ് കാടുകയ്യേറുന്നവര്‍? ആരാണ് സംരക്ഷകര്‍? ഗോത്രവിഭാഗങ്ങള്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെടുമ്പോള്‍...

ഇവര്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ജനതയല്ല. അതിനാല്‍ത്തന്നെ കൃഷിക്കായും കാടിനെ മാറ്റേണ്ടി വരുന്നില്ല. എങ്കിലും സര്‍ക്കാര്‍ ഇവരെ കണക്കാക്കുന്നത് വനഭൂമി കയ്യേറിപ്പാര്‍ക്കുന്നവരായാണ്. 

indigenous communities evicting from their ancestral forest lands
Author
Kenya, First Published Nov 6, 2020, 11:49 AM IST

കെനിയയിലെ തദ്ദേശീയര്‍ അവരുടെ പരമ്പരാഗതഭൂമിയും അവിടുത്തെ ജൈവവൈവിധ്യങ്ങളും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം ജൂലൈയില്‍ കെനിയയിലെ മഴക്കാലത്ത് രണ്ട് തദ്ദേശീയ ഗ്രൂപ്പുകളെയാണ് അവരുടെ പരമ്പരാഗതഭൂമിയില്‍ നിന്നും സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. മൗ വനത്തിലെ ഒഗീക് ജനതയെയും Embobut വനത്തിലെ സെങ്‌വർ ജനങ്ങളെയും സർക്കാർ ഫോറസ്റ്റ് ഗാർഡുകൾ നിര്‍ബന്ധിതമായി ഒഴിപ്പിക്കുകയായിരുന്നു. അവിടെനിന്നും നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും അവരുടെ വീടുകൾ കത്തിക്കുകയും ചെയ്‍തു. മഴക്കാലത്തിന്റെ മധ്യമായിരുന്നു അത്, ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളാണ് ആ കടുത്ത മഴയില്‍ വഴിയാധാരമായത്. 

ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. കൃത്യമായിപ്പറഞ്ഞാല്‍, സെങ്‍വര്‍ ജനങ്ങളെ രണ്ടാമത്തെ തവണയാണ് Embobut വനത്തിലെ ചേരങ്കണി ഹില്‍സില്‍ നിന്നും ഇത് നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കുന്നത്. ഒഗീക് ജനതയേയും ഇതിനുമുമ്പും പലതവണ മൗ വനത്തിലെ അവരുടെ പരമ്പരാഗത ഇടത്തില്‍ നിന്നും ഇറക്കിവിടാനുള്ള ശ്രമം നടന്നിട്ടുണ്ട്. കെനിയൻ സർക്കാർ നിയോഗിച്ച സംരക്ഷണസേനയായ കെനിയൻ ഫോറസ്റ്റ് സർവീസ് ഗാർഡുകളാണ് കുടിയൊഴിപ്പിക്കൽ നടത്തിയത്. പല രാജ്യങ്ങളിലും, തദ്ദേശവാസികളെ വനങ്ങളുടെ മേല്‍നോട്ടക്കാരായി അംഗീകരിച്ചിട്ടുണ്ടെങ്കിലും കെനിയയിൽ തദ്ദേശവാസികളെ വനഭൂമിയിൽ അതിക്രമിച്ചുകയറുന്നവരായിട്ടാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 

indigenous communities evicting from their ancestral forest lands

ഈ കുടിയൊഴിപ്പിക്കലുകൾ അവസാനിപ്പിക്കുന്നതിനും തങ്ങളുടെ ഭൂമിയും വീടും സംരക്ഷിക്കുന്നതിനുമായി, ഓഗീക്കും സെങ്‌വറും ഒരു ബദൽ നിർദ്ദേശിച്ചിരിക്കയാണ്: വനസംരക്ഷണത്തിനായി അവരുടെ പൂർവ്വിക ആചാര നിയമങ്ങൾ അംഗീകരിക്കുക എന്നതാണത്. ലോകത്ത് പലയിടങ്ങളിലും ഉള്ളത് പോലെ അവരുടെ ഭൂമിയില്‍ താമസിച്ചുകൊണ്ടുതന്നെ തദ്ദേശീയരുടെ ഉന്നമനത്തിനും വനസംരക്ഷണത്തിനും ജൈവവൈവിധ്യ സരംക്ഷണത്തിനുമായി പ്രവര്‍ത്തിക്കുക എന്നതാണിത്. വനത്തെ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിരമാർഗമായി അവരുടെ ജീവിതരീതികളെ അംഗീകരിക്കുക എന്നതാണിത്. 

കെനിയയിലെ മൗ, എൽഗോൺ വനങ്ങളിലും വടക്കൻ ടാൻസാനിയയുടെ ചില ഭാഗങ്ങളിലും വസിക്കുന്ന ഒരു വേട്ടയാടൽ സമൂഹമാണ് ഓഗീക്ക്. മൗ വനത്തിൽ താമസിക്കുന്നവരാണ് തങ്ങളുടെ പരമ്പരാഗതഭൂമിയില്‍ നിന്നുമുള്ള കുടിയൊഴിപ്പിക്കലിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത്. പരമ്പരാഗതമായി, കമ്മ്യൂണിറ്റി അതിന്റെ 12 വംശങ്ങളിൽ ഓരോന്നിനും ഓരോ വനവിഭാഗങ്ങൾ അനുവദിച്ചിട്ടുണ്ട്. 'വനത്തെ അനുയോജ്യവും സുസ്ഥിരവുമായ രീതിയിൽ സംരക്ഷിക്കുക, പരിപാലിക്കുക' എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ഇങ്ങനെ തരംതിരിച്ചിരിക്കുന്നത് എന്ന് സർക്കാരിതര സംഘടനയായ ഒഗീക്ക് പീപ്പിൾസ് ഡെവലപ്‌മെന്റ് പ്രോഗ്രാം വിശദീകരിക്കുന്നതായി ബിബിസി എഴുതുന്നു. അതിനായി അവരുടെ ആചാരപരമായ നിയമങ്ങള്‍ ദേശീയ അന്തര്‍ദേശീയ നിയമമായി അംഗീകരിക്കണമെന്നാണ് ഈ തദ്ദേശഗ്രൂപ്പുകളുടെ ആവശ്യം. ഒഗീക്, സെങ്‍വര്‍ തുടങ്ങിയ സമുദായത്തില്‍ നിന്നുമടക്കം 21 ഗോത്രങ്ങളിലായി ഏകദേശം 33,000 പേരാണ് ഇവിടെ വസിക്കുന്നത്. വനത്തെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും അവിടെ തന്നെ വസിക്കുന്നതിനുമായി തങ്ങളുടെ ആചാരപരമായ നിയമങ്ങള്‍ നിയമങ്ങളായി തന്നെ അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

പരമ്പരാഗതമായി ഈ ഗോത്രവിഭാഗങ്ങള്‍ വനത്തെ നാശം വരുത്താതെ അവിടെ കഴിഞ്ഞുവരുന്നവരാണ്. അവര്‍ വിറകിനായി ഉണങ്ങിവീണ കമ്പുകള്‍ മാത്രമെടുക്കുന്നു. ഔഷധസസ്യങ്ങള്‍ നശിപ്പിക്കാതെ ഇലകളോ വേരുകളോ ആവശ്യത്തിനു മാത്രം എടുക്കുന്നു. അപ്പഴപ്പോഴുള്ള ആവശ്യത്തിനുമാത്രമാണ് അവര്‍ ഇത്തരം സസ്യങ്ങളെടുക്കുന്നത്. ഭാവിയിലേക്ക് സൂക്ഷിച്ചുവയ്ക്കാനായി വലിയ തോതിലെടുക്കുക എന്ന ശീലമേ അവര്‍ക്കിടയിലില്ല. എന്തെങ്കിലും ആവശ്യത്തിന് മരം വെട്ടേണ്ടി വരികയാണെങ്കില്‍ പോലും ഗോത്രത്തിലെ മുതിര്‍ന്നവരോട് അനുവാദം വാങ്ങിയിരിക്കണം. അതുപോലെ തന്നെ ജലസ്രോതസുകളെയും വളരെ പാവനമായ ഒന്നായിട്ടാണ് ഈ ഗോത്രവിഭാഗങ്ങളെല്ലാം കാണുന്നത്. അവ മലിനീകരിക്കുന്നതിനോ ചൂഷണം ചെയ്യുന്നതിനോ അവരൊരിക്കലും അനുവദിക്കുന്നില്ല. അവരുടെ ഇത്തരം ആചാരങ്ങളും ജീവിതരീതിയുമെല്ലാം നിയമങ്ങളായി രേഖപ്പെടുത്താന്‍ ശ്രമിക്കുകയാണിപ്പോള്‍. അവയില്‍ നിന്നും പ്രധാനപ്പെട്ടതെടുത്ത് അവ അംഗീകരിക്കപ്പെട്ട നിയമങ്ങളാക്കി മാറ്റണമെന്നും അവ സംരക്ഷിക്കുന്നതിനായി ഗോത്രവിഭാഗങ്ങളെ കാടുകളില്‍ തന്നെ തുടരാന്‍ അനുവദിക്കണം എന്നുമാണ് ഇവരുടെ ആവശ്യം. 

indigenous communities evicting from their ancestral forest lands

ഇവര്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ജനതയല്ല. അതിനാല്‍ത്തന്നെ കൃഷിക്കായും കാടിനെ മാറ്റേണ്ടി വരുന്നില്ല. എങ്കിലും സര്‍ക്കാര്‍ ഇവരെ കണക്കാക്കുന്നത് വനഭൂമി കയ്യേറിപ്പാര്‍ക്കുന്നവരായാണ്. എന്നാല്‍, 2015 -ലേതടക്കം ഈ വിഷയത്തിലുള്ള ചില പഠനങ്ങള്‍ പറയുന്നത് വനഭൂമി കയ്യേറിയുള്ള പ്ലാന്‍റേഷനാണ് ഗോത്രവര്‍ഗക്കാരുടെയും വനഭൂമിയുടെയും നാശത്തിന് നാശത്തിന് കാരണമാകുന്നത് എന്നാണ്. 2017 -ല്‍ ആഫ്രിക്കന്‍ കോര്‍ട്ട് ഓഫ് ഹ്യുമന്‍ ആന്‍ഡ് പീപ്പിള്‍സ് റൈറ്റ്സ് കണ്ടെത്തിയത് മൗ വനത്തിലെ വനനശീകരണത്തിന് കാരണക്കാര്‍ ഓഗിക് ജനതയല്ല മറിച്ച് വാണിജ്യപരമായ കയ്യേറ്റമാണ് ഇവിടെ നടന്നത് എന്നാണ്. എന്നാല്‍, കെനിയന്‍ സര്‍ക്കാര്‍ ഈ ഗോത്രവിഭാഗങ്ങളെ ഇവിടെനിന്നും കുടിയൊഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ വലിയൊരു മനുഷ്യാവകാശലംഘനം കൂടിയായിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം വിലയിരുത്തുന്നത്. കാടിനെ സംരക്ഷിച്ച്, അതുമായി പൊരുത്തപ്പെട്ട് മാത്രം ജീവിച്ചുപോരുന്ന ജനതയെ കുടിയൊഴിപ്പിക്കുകയും മറ്റ് കയ്യേറ്റങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന തരത്തിലാണ് പലപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്. 

വനത്തെയും ജലത്തെയും അവിടെയുള്ള ജൈവവൈവിധ്യത്തെയും എപ്പോഴും സംരക്ഷിക്കുന്ന കൂട്ടരാണ് ഈ ഗോത്രവിഭാഗക്കാര്‍ എന്ന കാര്യം മനപ്പൂര്‍വം വിസ്‍മരിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. പലപ്പോഴും കയ്യേറ്റവും ചൂഷണവുമില്ലാതെ അവ നിലനിര്‍ത്തുന്നതില്‍ പോലും പങ്ക് വഹിക്കുന്നവരാണിവര്‍. പ്രകൃതിയെ അമ്മയായോ, ദൈവമായോ കാണുന്നവരാണ് ലോകത്തെ പലയിടങ്ങളിലുമുള്ള ഗോത്രവിഭാഗക്കാര്‍. അവരാണ് ഇന്ന് കുടിയിറക്കപ്പെടുന്നത്. പകരം കെനിയയില്‍ മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാട് കയ്യേറിയുള്ള കൃഷിയും ഖനനവുമെല്ലാം സര്‍ക്കാര്‍ ഒത്താശയോടെ തന്നെ നടക്കുകയും ചെയ്യുന്നു. അതിനെതിരെ കൂടിയാണ് തങ്ങളുടെ ആചാരപ്രകാരമുള്ള നിയമങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് തങ്ങളുടെ മണ്ണിനായി ഇവര്‍ പോരാടുന്നത്. 

Follow Us:
Download App:
  • android
  • ios