Asianet News MalayalamAsianet News Malayalam

Water wives : ഒരാൾക്ക് രണ്ടും മൂന്നും നാലും ഭാര്യമാരുള്ള ​ഗ്രാമം, കാരണം ജലക്ഷാമം!

എന്നാൽ, ഈ വിവാഹങ്ങൾ വെള്ളം കൊണ്ടുവരാനുള്ള ഒരു ഏർപ്പാട് മാത്രമാണ്. അവർക്ക് ഭർത്താവിന്റെ പുറത്ത് നിയമപരമായ അവകാശങ്ങൾ ഒന്നും തന്നെയില്ല. അവർക്ക് വീട്ടുകാര്യങ്ങളിൽ ഇടപെടാനോ, അഭിപ്രായം പറയാനോ അവകാശമില്ല. 

water wives of Denganmal village
Author
Maharashtra, First Published Apr 28, 2022, 5:16 PM IST

പടിഞ്ഞാറൻ മഹാരാഷ്ട്ര(Maharashtra)യിലെ ഒരു ചെറിയ ഗ്രാമമാണ് ദം​ഗൻമൽ(Denganmal). പാറകൾ നിറഞ്ഞ ഭൂപ്രദേശത്താണ് ഈ ഗ്രാമമുള്ളത്. അവിടെ ഏകദേശം  500 ഓളം ആളുകൾ താമസിക്കുന്നുണ്ട്. എന്നാൽ, അവിടത്തെ പ്രധാന പ്രശ്‌നം ജലക്ഷാമമാണ്. അവിടത്തെ വീടുകളിൽ പൈപ്പ് കണക്ഷനുകളില്ല. കൊടുംവേനൽ കാലത്ത് ഈ പ്രദേശം വറ്റിവരളുന്നു.  വെള്ളമില്ലാതെ വിണ്ടുകീറിയ ആ മണ്ണിൽ ഏക ആശ്വാസം നദിയും, അതിന് സമീപമുള്ള ഭട്‌സ അണക്കെട്ടും, ഒരു കിണറുമാണ്. എന്നാൽ രണ്ടും വളരെ അകലെയാണ്. അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാൻ തന്നെ ഏകദേശം 12 മണിക്കൂർ എടുക്കും. അതുകൊണ്ട് തന്നെ വീട്ടുജോലികളും, വെള്ളം കൊണ്ടുവരലും രണ്ടും ഒരുമിച്ച് നടക്കില്ല.  

ആണുങ്ങൾക്ക് കുടുംബം പോറ്റാൻ പണിയ്ക്ക് പോയേ പറ്റൂ. സ്ത്രീകൾക്കാണെങ്കിൽ വീട്ടുജോലികളും, കുട്ടികളെ നോക്കലും എല്ലാം കാരണം പുറത്ത് പോകാൻ സമയമില്ല. എന്നാൽ വെള്ളമില്ലാതെ ജീവിക്കാനും സാധ്യമല്ല. എന്ത് ചെയ്യും? ഈ ദുർഘടത്തിൽ നിന്ന് രക്ഷനേടാൻ അവിടത്തുകാർ അതിനൊരു പരിഹാരം കണ്ടെത്തി, ബഹുഭാര്യത്വം. ആണുങ്ങൾ രണ്ടാമതൊരു വിവാഹം കൂടി കഴിക്കാൻ തുടങ്ങി. തങ്ങളുടെ വീടുകളിൽ ആവശ്യത്തിന് കുടിവെള്ളം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മാത്രമാണ് അവർ ഈ ബഹുഭാര്യത്വ സമ്പ്രദായം ആരംഭിച്ചത്.

ഗ്രാമത്തിലെ ഭൂരിഭാഗം പുരുഷന്മാരും കർഷകരാണ്. അവർ വയലിൽ പോകുമ്പോൾ, സ്ത്രീകൾ വീട്ടുകാര്യങ്ങളും, കുട്ടികളെയും നോക്കി വീട്ടിൽ ഇരിക്കുന്നു. എന്നാൽ വേനൽക്കാലത്ത്, ചൂട് കഠിനമാണ്. കിണറുകൾ വറ്റിപ്പോകുന്നു, കന്നുകാലികൾ ചത്തു വീഴുന്നു. ആളുകൾ വെള്ളമില്ലാതെ കഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ഭാര്യയുടെ പ്രസക്തി. രണ്ടാം ഭാര്യയുടെ ജോലി വീട്ടിലേക്ക് വെള്ളം കൊണ്ടുവരൽ മാത്രമാണ്.  2015 -ൽ പ്രസിദ്ധീകരിച്ച ഒരു ഓപ്പൺ മാഗസിൻ ലേഖനമനുസരിച്ച്, ഗ്രാമത്തിലെ ചില പുരുഷന്മാർക്ക് നാല് ഭാര്യമാർ വരെയുണ്ട്. എന്നാൽ ഒരാളെ മാത്രമേ നിയമപരമായി കെട്ടാൻ സാധിക്കൂ, ബാക്കിയുള്ളവർ 'പാനി ബായി' അഥവാ 'വാട്ടർ വൈഫ്‌സാ'(Water wives)ണ്.    

അതുപോലെ ഈ വെള്ളം കൊണ്ടുവരുന്ന ഏർപ്പാട് ഒരു മഹാമഹമാണ്, പ്രത്യേകിച്ച് വേനൽക്കാലത്ത്. പെണ്ണുങ്ങൾ സൂര്യോദയത്തിന് മുൻപ് തന്നെ വീട്ടിൽ നിന്ന് കുടവും, ഒഴിഞ്ഞ പാത്രങ്ങളുമായി വീട്ടിൽ നിന്ന് പുറപ്പെടും. വയലുകളും, ചെളിനിറഞ്ഞ പാതകളും കടന്ന്, കുന്നിൻ പ്രദേശങ്ങളിലൂടെ ഒടുവിൽ നദിക്കരയിൽ എത്തും. ഏകദേശം 15 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പാത്രവും തലയിലേന്തി ഓരോ സ്ത്രീയും വീട്ടിലേയ്ക്ക് മടങ്ങുന്നു. ചിലർ രണ്ട് പാത്രങ്ങൾ വരെ തലയിൽ ചുമന്ന് കൊണ്ടുപോകുന്നു. എന്നാൽ, മഴക്കാലത്ത് സമീപത്തെ കിണർ നിറയുന്നതിനാൽ കാൽനടയാത്ര ഒഴിവായി കിട്ടും. ഗ്രാമത്തിലെ ഏറ്റവും വലിയ കുടുംബമുള്ള സഖാറാം ഭഗത് മൂന്ന് തവണ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാർ വീട്ടിൽ ഭക്ഷണവും, വെള്ളവും ഉറപ്പാക്കുന്നു. അടുത്ത ഗ്രാമത്തിലെ ഒരു ഫാമിൽ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുന്ന ഭഗത് പറഞ്ഞു, “വീട്ടിലേയ്ക്ക് വെള്ളം കൊണ്ടുവരാൻ ഒരാളെ കൂടെ എനിക്ക് വേണമായിരുന്നു. വീണ്ടും വിവാഹം കഴിക്കുക എന്നതാണ് ഏക പോംവഴി."

എന്നാൽ, ഈ വിവാഹങ്ങൾ വെള്ളം കൊണ്ടുവരാനുള്ള ഒരു ഏർപ്പാട് മാത്രമാണ്. അവർക്ക് ഭർത്താവിന്റെ പുറത്ത് നിയമപരമായ അവകാശങ്ങൾ ഒന്നും തന്നെയില്ല. അവർക്ക് വീട്ടുകാര്യങ്ങളിൽ ഇടപെടാനോ, അഭിപ്രായം പറയാനോ അവകാശമില്ല. ഭർത്താവിനൊപ്പം കിടക്കാനോ, ആ ബന്ധത്തിൽ നിന്ന് കുട്ടികള്‍ക്കോ അവർക്ക് അധികാരമില്ല. പിന്നെ എന്തിനാണ് പേരിനൊരു ഭർത്താവ് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും? കാരണം, വിധവകളോ അല്ലെങ്കിൽ അവിവാഹിതരായ അമ്മമാരോ ഒക്കെയാണ് ഇതിന് സമ്മതം മൂളുന്നത്. സമൂഹത്തിൽ മാന്യമായി ജീവിക്കാനാണ് അവർ അതിന് തയ്യാറാകുന്നത്. ഒടുവിൽ അവർക്ക് പ്രായമാകുമ്പോൾ, വെള്ളം കൊണ്ടുവരാൻ ഭർത്താവ് ചിലപ്പോൾ മൂന്നാമതും ഒരു വിവാഹം കഴിക്കുന്നു. അതേസമയം ജലക്ഷാമം കൊണ്ടുമാത്രം സ്ത്രീകളെ വിവാഹം കഴിക്കുന്ന ഈ പുരുഷാധിപത്യരീതി വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. 

Follow Us:
Download App:
  • android
  • ios