റായ്‍പൂർ: ഒടുവിൽ ഛത്തീസ്ഗഡിൽ കോൺഗ്രസിൽ അധികാരമുറപ്പിച്ചു. പതിനഞ്ച് വർഷം നീണ്ട രമൺസിംഗ് സർക്കാരിന്‍റെ ഭരണം അവസാനിയ്ക്കുന്നു. ഒരു ഐക്കണോ, മുഖ്യമന്ത്രി സ്ഥാനാർഥിയോ ഇല്ലാതെ മത്സരിയ്ക്കാനിറങ്ങിയ കോൺഗ്രസിന് ഇത് അപ്രതീക്ഷിതവിജയം.

ഇത് രമൺ സിംഗിന്‍റെ വീഴ്ച!

ബിജെപിയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരിൽ ഒരാളാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺസിംഗ്. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘർഷങ്ങളുടെയും നാടായ ഛത്തീസ്ഗഡിൽ ഏതാണ്ട് പതിനഞ്ച് വർഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്. എന്നാൽ ഇത്തവണ ഛത്തീസ്ഗഡിൽ ബിജെപിയുടെ ആ സ്വാധീനം കുറഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 

ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. 

ഇത്തവണ സഖ്യം ഇങ്ങനെ

ബിജെപിയും കോൺഗ്രസും സഖ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 90 സീറ്റുകളിലും ഇരു പാർട്ടികളുടെയും സ്ഥാനാർഥികൾ മത്സരിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ ആദ്യമുഖ്യമന്ത്രിയായ അജിത് ജോഗി ഇത്തവണ സ്വന്തം പാർട്ടിയുമായി ബിഎസ്‍പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയത്.

ജനതാ കോൺഗ്രസ് ഛത്തീസ്‍ഗഢ് (ജെസിസി) എന്ന തന്‍റെ പാർട്ടിയും ബിഎസ്‍പിയുമായുള്ള  സഖ്യത്തിലൂടെ ജോഗി ലക്ഷ്യമിട്ടത് ആദിവാസിഗോത്ര, ദളിത് വോട്ട് ബാങ്കായിരുന്നു. കഴിഞ്ഞ തവണത്തേത് പോലെ സീറ്റുകൾ നിലനിർത്തിയെങ്കിലും അജിത് ജോഗി കിങ് മേക്കറാകുന്നില്ല ഛത്തീസ്ഗഡിൽ. സ്വന്തം നിലയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഇനി കോൺഗ്രസിന് ഒരു ബുദ്ധിമുട്ടുമില്ല.

മുന്നണികളുടെ വോട്ടുവിഹിതം എങ്ങനെ?

2003 മുതൽ ഛത്തീസ്ഗഢിൽ ഏതാണ്ട് 73% പോളിംഗ് നടക്കാറുണ്ട്. 2003-ൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിന്‍റെ വ്യത്യാസം 2.6% മാത്രമായിരുന്നു. ആ വ്യത്യാസം ചുരുങ്ങുച്ചുരുങ്ങി ഒടുവിൽ 2013-ൽ വോട്ട് വിഹിതത്തിന്‍റെ വ്യത്യാസം വെറും .75% ത്തിലും താഴെയായി. അതായത് ഒരു ശതമാനം പോലും വ്യത്യാസമില്ല. എങ്കിലും എങ്ങനെ ബിജെപി ഛത്തീസ്ഗഡ് പിടിച്ചു? 

ആ ചോദ്യത്തിനുത്തരം ലളിതം. വോട്ട് വിഹിതത്തിൽ കാര്യമില്ല. വോട്ട് ശതമാനത്തെ സീറ്റാക്കി മാറ്റാൻ ബിജെപിയ്ക്കുള്ള പാടവം കോൺഗ്രസിനുണ്ടായിരുന്നില്ല. 

ബിജെപിയുടെ സീറ്റ് വിഹിതം ഛത്തീസ്ഗഡിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും 55 ശതമാനത്തിനടുത്തുണ്ട്. 2008-ൽ ഛത്തീസ്ഗഡിന്‍റെ ഗോത്രമേഖലകളിൽ തെക്ക്, വടക്ക് മേഖലകളിൽ കൂടുതൽ സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ 2013-ൽ ഇതേ ഗോത്രമേഖലയിൽ ബിജെപിയ്ക്ക് സീറ്റുകൾ കുറഞ്ഞു. അത് നികത്തിയത്, നഗരങ്ങളുള്ള മധ്യമേഖലയിൽ നിന്നുള്ള വോട്ടുകൾ നേടിയാണ്. 

ഐക്കൺ രാഹുൽ തന്നെ

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തെറ്റ് ഇത്തവണ കോൺഗ്രസ് ആവർത്തിച്ചില്ല. നോട്ട് നിരോധനവും കർഷകപ്രശ്നങ്ങളും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. ഇതെല്ലാം സജീവപ്രചാരണവിഷയങ്ങളായി കോൺഗ്രസ് നിലനിർത്തുകയും ചെയ്തു. അഴിമതിക്കഥകളും കാർഷികപ്രതിസന്ധിയും ഉയർത്തിക്കാട്ടി കോൺഗ്രസ് നടത്തിയ പ്രചാരണം വോട്ടായി പെട്ടിയിൽ വീണെന്ന് തെളിയിക്കുകയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം. ഒരു ഐക്കൺ പോലുമില്ലാതെ കോൺഗ്രസിന് ഇത്രയും വോട്ട് കിട്ടിയെങ്കിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിലോ? 

2013-ൽ ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് ഫലം

 

 

എക്സിറ്റ് പോളുകൾ പറഞ്ഞതെന്ത്?

എക്സിറ്റ് പോളുകൾ പൊതുവേ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെങ്കിലും കോൺഗ്രസിന് മുൻതൂക്കമുണ്ടാകുമെന്നായിരുന്നു പ്രവചനം.

റിപ്പബ്ലിക് - സീവോട്ടർ സർവേ അനുസരിച്ച് ബിജെപിയ്ക്ക് 35-43 സീറ്റുകൾ കിട്ടുമെന്നായിരുന്നു പ്രവചനം. കോൺഗ്രസിന് 40 മുതൽ 50 വരെ സീറ്റുകൾ കിട്ടുമെന്നും റിപ്പബ്ലിക് ടിവി പറഞ്ഞു. ന്യൂസ് നേഷനാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചത്. ബിജെപിയ്ക്ക് 38 മുതൽ 42 സീറ്റുകൾ വരെയും കോൺഗ്രസിന് 40 മുതൽ 44 സീറ്റുകൾ വരെയും പ്രവചിക്കപ്പെട്ടു. 

ഇന്ത്യാ ടുഡേയും കോൺഗ്രസിനൊപ്പമായിരുന്നു. 55 മുതൽ 65 സീറ്റുകൾ വരെ കോൺഗ്രസിന് കിട്ടുമെന്നും ബിജെപിയ്ക്ക് 21 മുതൽ 31 സീറ്റുകളേ കിട്ടൂ എന്നും ഇന്ത്യാ ടുഡേ പ്രവചിച്ചു. അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് കിങ്മേക്കറാകുമെന്നതായിരുന്നു ഇന്ത്യാ ടുഡേയുടെ ശ്രദ്ധേയനിരീക്ഷണം. ജെസിസി-ബിഎസ്‍പി സഖ്യം 3 മുതൽ 8 സീറ്റുകൾ വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ പറഞ്ഞത്.

എന്നാൽ ടൈംസ് നൗ - സിഎൻഎക്സ് സ‍ർവേയും എബിപി ന്യൂസും ബിജെപിയ്ക്കൊപ്പമായിരുന്നു. ബിജെപി 46, കോൺഗ്രസ് 35 എന്ന് ടൈംസ് നൗ പറഞ്ഞപ്പോൾ എബിപി ന്യൂസ് ബിജെപിയ്ക്ക് 52 സീറ്റ് നൽകി. കോൺഗ്രസിന് 35 സീറ്റും.