ജയ്പൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസ് വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവച്ച് രാജസ്ഥാനില്‍ ശക്തമായ കോണ്‍ഗ്രസ് മുന്നേറ്റമാണ് നടക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ വിജയം മുന്‍കൂട്ടി കണ്ടത്. ഒരു ക്ലോക്കും ആ വിജയം മുന്നില്‍ കണ്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടരമാസം മുന്‍പാണ് രാജസ്ഥാനിലെ പ്രദേശ് കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിന് മുന്നില്‍ ഒരു ഡിജിറ്റല്‍ ക്ലോക്ക് പ്രത്യക്ഷപ്പെട്ടത്.  'വസുന്ധര രാജെയുടെ ഭരണം' അവസാനിക്കാന്‍ പോകുന്നു' എന്നായിരുന്നു ഡിജിറ്റല്‍ ക്ലോക്കിന് മുകളിലെ വാക്കുകള്‍. ഈ കൗണ്ട് ഡൗണ്‍ ക്ലോക്ക് അണികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.  

ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഇത്തവണ രാജസ്ഥാനില്‍ വോട്ടുതേടിയത്. പ്രവചിക്കപ്പെട്ട തോല്‍വിക്ക് മുന്നില്‍ നിന്നുകൊണ്ട് പ്രതീക്ഷ കൈവിടാതെയാണ് വസുന്ധര രാജെ പ്രചരണം പരിപാടികള്‍ സംഘടിപ്പിച്ചത്. രാജ്യത്ത് ഭരണവിരുദ്ധവികാരം ആഞ്ഞടിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് വസുന്ധര. 2003ലാണ് വസുന്ധര മുഖ്യമന്ത്രിപദത്തിലേറുന്നത്.