ഒട്ടകങ്ങളുടെ 'ആടുജീവിതം' - തെരഞ്ഞെടുപ്പ് ചൂടിനിടയിലെ ചില കാണാക്കാഴ്ചകൾ

https://static.asianetnews.com/images/authors/d6263d60-ae8a-5899-aadf-10ce05b11e04.jpg
First Published 6, Dec 2018, 7:56 PM IST
some sights from camels own state rajasthan
Highlights

രാജസ്ഥാനെന്ന് പറഞ്ഞാൽ നമുക്കോർമ വരുന്നത് ഒട്ടകങ്ങളെയാണ്. നീണ്ട് പരന്നുകിടക്കുന്ന മരുഭൂമിയിൽ നോക്കെത്താദൂരത്ത് നിന്ന് വരിവരിയായി നടന്നുപോകുന്ന ഒട്ടകങ്ങളുടെ കാഴ്ച. തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ യാത്രയിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം കണ്ട, പകർത്തിയ ചില കാഴ്ചകൾ..

ഝാലവാർ: രാജസ്ഥാനിലെ ഝാലവാർ എന്ന പട്ടണം, മുഖ്യമന്ത്രി വസുന്ധരാരാജെ സിന്ധ്യയുടെ സ്വന്തം മണ്ഡലമായ ജൽറാപഠനിലാണ്. തിരക്കിട്ട, ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിയ്ക്കുകയാണിവിടെ. അത് റിപ്പോർട്ട് ചെയ്യാൻ യാത്ര ചെയ്യവേ വഴി നീളെ ഒട്ടകങ്ങളുടെ നീണ്ട നിര കണ്ണിലുടക്കി.

അദ്ഭുതമില്ല. ഒട്ടകങ്ങളുടെ നാടാണ് രാജസ്ഥാൻ. തണുപ്പുകാലമാണ്. ഉത്തരേന്ത്യയിൽ ഇത് തെരഞ്ഞെടുപ്പ് കാലം മാത്രമല്ല. കല്യാണക്കാലം കൂടിയാണ്. മലയാളികൾക്ക് ചിങ്ങമാസം കല്യാണത്തിന് നല്ല മാസമാണെന്ന് പറയുന്നത് പോലെയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം. ഏത് തെരുവിലൂടെ നടന്നാലും ഒരു ഘോഷയാത്ര പോകുന്നുണ്ടാകും. 'ബാരാത്' എന്നാണ് പേര്. കുതിരപ്പുറത്ത് വരൻ എഴുന്നള്ളുകയാണ്!

അങ്ങനെ യാത്ര തുടരവേ, ഒറ്റ ഒട്ടകവുമായി ഒരാൾ നടക്കുന്നത് കണ്ടു. വെറുതെ കുശലമന്വേഷിച്ചു. ആശാൻ പേര് പറഞ്ഞു. നിർമൽ കൈലാശ് - ജയ്പൂരിലേയ്ക്ക് നടക്കുകയാണത്രെ!

ജയ്പൂരിലേക്ക് നടക്കുകയോ? ഒരു നിമിഷം കണ്ണ് തള്ളി. ചെറിയ ദൂരമൊന്നുമല്ല! മുന്നൂറിലധികം കിലോമീറ്ററുണ്ട്. 

എന്തിനാണിത്രയും ദൂരം വന്നത്? നിർമൽ കൈലാശിന് മറുപടിയുണ്ട്. ഒട്ടകങ്ങളെ വാങ്ങാൻ വന്നതാണ്. ഗ്രാമങ്ങളിൽ ഒട്ടകങ്ങൾക്ക് വിലക്കുറവാണ്. ഇരുപതിനായിരം രൂപ കൊടുത്താൽ മതി, ഒരു ഒട്ടകത്തെ കിട്ടും. ഇപ്പോൾ വരൻമാർക്ക് കുതിരപ്പുറത്തേറി വരുന്നതിൽ വലിയ താത്പര്യമില്ലത്രെ. അതുക്കും മേലെ ഒട്ടകപ്പുറത്തേറി വന്നാൽ ഗമ കൂടും!

ഒട്ടകങ്ങളെ നടത്തി ജയ്പൂരിലേക്കെത്തിച്ചാൽ പിന്നെ കാലിൽ ലാടം അടിച്ചു കയറ്റും. കഷ്ടപ്പാടാണ്. പക്ഷേ ഒരു കല്യാണത്തിന് പതിനായിരം രൂപയെങ്കിലും കിട്ടും. 20,000 രൂപ ഒരു ഒട്ടകത്തിന് മുടക്കിയാലെന്താ, കല്യാണമൊന്നിന് പതിനായിരം രൂപ വാടക കിട്ടുമല്ലോ!

അപ്പോൾ ഞാനോർത്തത് ബെന്യാമിന്‍റെ ആടുജീവിതമാണ്. ഗൾഫിലെ വരണ്ട മരുഭൂമിയിൽ അറബാബുമാരുടെ തടവറകളിൽ മനുഷ്യരും ആടുകളും മാത്രമല്ല, ഒട്ടകങ്ങളും ഉണ്ടായിരുന്നല്ലോ! ഇങ്ങകലെ രാജസ്ഥാനിൽ കല്യാണങ്ങൾക്ക് കാഴ്ചവസ്തുവാകാൻ ഒട്ടകജീവിതങ്ങളിനിയും ബാക്കി!

"

loader