ഹൈദരാബാദ്: രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് പുരോരഗമിക്കുകയാണ്. രണ്ടിടത്തും കനത്ത പോരാട്ടമാണ് നടക്കുന്നത്. തെലുങ്കാനയിലെ പ്രമുഖ ചലച്ചിത്ര, കായിക താരങ്ങളും മറ്റ് മേഖലയിലെ പ്രമുഖ വ്യക്തികളെല്ലാം രാവിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ടിങ് ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ രാജസ്ഥാനിൽ 59.43%  പോളിങ് രേഖപ്പെടുത്തി. തെലങ്കാനയിൽ 56.17% പോളിങ് രേഖപ്പെടുത്തി.

ടെന്നിസ് താരം സാനിയ മിർസ, ബാറ്റ്മിൻഡൻ താരം പിവി സിന്ധു കോച്ച് പുല്ലേല ​ഗോപിചന്ദ്, നടൻ അല്ലു അർജുൻ, ചിരഞ്ജീവി, നാഗാർജുന, രാംചരൺ, മഹേഷ് ബാബു, ജൂനിയർ എൻടിആർ എന്നിവർ വോട്ട് രേഖപ്പെടുത്തി. അതിനിടെ, വോട്ടർ ലിസ്റ്റിൽ തന്റെ പേരില്ലെന്ന ആരോപണവുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ട രംഗത്തെത്തി. ഓൺലൈൻ വോട്ടർപ്പട്ടിക പരിശോധിച്ചപ്പോൾ പട്ടികയിൽ തന്റെ പേരില്ല. ഇതെന്നെ ശരിക്കും അതിശയപ്പെടുത്തി. വോട്ടർ ലിസ്റ്റിൽനിന്നും പേരുകൾ അപ്രത്യക്ഷമാകുന്നു. ഈ തിരഞ്ഞെടുപ്പ് സത്യസന്ധമാണെന്ന് എങ്ങനെ പറയാനാകുമെന്നും ജ്വാല ട്വീറ്റ് ചെയ്തു. ജ്വാലയെ കൂടാതെ മറ്റ് നിരവധിയാളുകളും വോട്ടർ പട്ടികയിൽ പേര് കാണാനില്ലെന്ന പരാതിയുമായി രം​ഗത്തെത്തിയിട്ടുണ്ട്.  

വോട്ട് രേഖപ്പെടുത്തുക എന്നത് ഒാരാരുത്തരുടേയും കടമയാണെന്ന് സൂപ്പർസ്റ്റാർ ചിര‍ഞ്ജീവി പറയുന്നു. നാല് വർഷമായി സിനിമയിൽനിന്ന് വിട്ടുനിന്ന ചിരഞ്ജീവി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായിരുന്നു. നമ്മൾ ജനാധിപത്യത്തിന്റെ ഭാ​ഗമാണ്. വോട്ട് ചെയ്യുക എന്നത് കടമയും അവകാശവുമാണെന്ന് ടെന്നീസ് താരം സാനിയ മിർസ ട്വീറ്റ് ചെയ്തു. തെലുങ്ക് ​ദേശം പാർട്ടി (ടിഡിപി) സ്ഥാപകൻ എൻടി രാമ റാവുവിന്റെ കൊച്ചുമകനാണ് ചലച്ചിത്രതാരം ജൂനിയർ എൻടിആർ. താരത്തിന്റെ സഹോ​ദരി എൻ സുഹാസിനി ഹൈദരാബാദിലെ കുകട്പല്ല നിയോജകമണ്ഡനത്തിലെ സ്ഥാനാർത്ഥിയാണ്. 

രാജസ്ഥാനിൽ 200 നിയോജക മണ്ഡലങ്ങളിൽ 199 ഇടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. അൽവാർ ജില്ലയിലെ രാംഗഡിൽ അവിടുത്തെ ബിഎസ്‌പി സ്ഥാനാർത്ഥി മരിച്ചതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. 51000 ലധികം ബൂത്തുകളാണ് രാജസ്ഥാനിൽ ഉളളത്.

തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാന രൂപീകരണത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 1821 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 32000 പോളിങ് ബൂത്തുകളാണ് തെലങ്കാനയിൽ ഉളളത്. കോൺഗ്രസ് സഖ്യവും ഭരണപക്ഷമായ തെലുങ്കു ദേശം പാർട്ടിയും തമ്മിലാണ് പോരാട്ടം.

ഡിസംബർ11ന് ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. നേരത്തെ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം അന്നേദിവസം തന്നെയാണ് പുറത്തുവരിക.