ടൻ മോഹൻലാലിനായി 10 അടി ഉയരമുള്ള വിശ്വരൂപ ശിൽപം തിരുവനന്തപുരത്ത് തയ്യാറാകുന്നു. ലോകത്തിലെ തന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്ന് അവകാശപ്പെട്ട ശില്പികൾ ഗിന്നസ് റെക്കോഡിന്റെ സാധ്യത തേടുന്നതായി വ്യക്തമാക്കി. ഇത്രയും ഉയരമുള്ള ലോകത്തെ ആദ്യ തടി ശിൽപമാണിതെന്ന് ശില്പിയായ നാഗപ്പൻ പറയുന്നു.

കോവളം ക്രാഫ്റ്റ് വില്ലേജിലാണ് വിശ്വരൂപം ഒരുങ്ങുന്നത്. സൂക്ഷ്മതയും അതിലേറെ ക്ഷമയും വേണ്ട പരിശ്രമം 9 കലാകാരൻമാരുടെ രണ്ടരവർഷമായുള്ള ശ്രമമാണ്. മരത്തിലാണ് ശില്പമൊരുക്കുന്നത്. ഇനി മൂന്നരമാസത്തെ പണി കൂടി ബാക്കിയുണ്ട്. വിലയെത്രയെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് ശില്പികൾ പറയുന്നു.

കുരുക്ഷേത്ര യുദ്ധത്തിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന് മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം.11 ശിരസുള്ള സർപ്പം. ഇതിന് താഴെ നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു ശുക്രാചാര്യൻ എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങൾ പേറുന്ന 22 കൈകൾ. ഇതാണ് മുകൾ ഭാഗത്തുള്ളത്. 

പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി, ഉൾപ്പടെ മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ചെറുതും വലുതുമായ 400 രൂപങ്ങൾ.