ചെന്നൈ: നടൻ അശ്വിൻ കുമാർ ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കമൽ ഹാസന്റെ സൂപ്പർഹിറ്റ് ചിത്രമായ അപൂർവ്വ സഹോ​ദരങ്ങളിലെ അണ്ണാത്തെ ആടുരാർ എന്ന ​ഗാനത്തിനൊപ്പമാണ് അശ്വിൻ ‍‍‍ട്രെഡ്മില്ലിൽ നൃത്തം ചെയ്തത്. ഇപ്പോഴിതാ അശ്വിന്റെ വൈറൽ നൃത്തം സാക്ഷാൽ കമൽഹാസൻ തന്നെ ഷെയർ ചെയ്തിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് കമൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

ഓരോ കലാകാരന്റെയും പ്രധാന സംശയം അവരുടെ ചെയ്തികൾ ആരാധകർ ശ്രദ്ധിക്കുന്നുണ്ടാകുമോ എന്നാണ്. ഇദ്ദേഹം എന്റെ ചെറിയ ചലനങ്ങളും ഭാവങ്ങളും വരെ നിരീക്ഷിച്ച് നൃത്തം ചെയ്തിരിക്കുന്നു. വളരെയധികം അഭിമാനം തോന്നുന്ന നിമിഷങ്ങളാണിത്. നന്നായിരിക്കട്ടെ മകനെ. തലമുറകൾ എന്നെ ആസ്വദിക്കുന്നു എന്നറിയുന്നതിൻ സന്തോഷവും മഹത്വവും തോന്നുന്നു. ഷെയർ ചെയ്ത വീഡിയോയ്ക്കൊപ്പം കമൽ ട്വിറ്ററിൽ കുറിച്ചു. കമലിന്റെ മറുപടി കണ്ട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് താനെന്ന് അശ്വിൻ കുമാർ പറയുന്നു. താൻ ആരാധിക്കുന്ന വ്യക്തിയുടെ മറുപടി കണ്ടപ്പോൾ വിറയൽ തോന്നിയെന്നും സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയാണുണ്ടായതെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.

വലിയ പ്രതികരണമാണ് ട്വിറ്ററില്‍ അശ്വിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. 11,000ല്‍ ഏറെ ലൈക്കുകളും 2600ല്‍ ഏറെ ഷെയറുകളും ഇതിന് ലഭിച്ചു. വിനീത് ശ്രീനിവാസന്‍റെ 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'ത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടനാണ് അശ്വിന്‍ കുമാര്‍. തമിഴ് ചിത്രം 'ഗൗരവ'ത്തിലൂടെ അരങ്ങേറ്റം കുറിച്ച അശ്വിന്‍ ലവകുശ, ചാര്‍മിനാര്‍, രണം എന്നീ മലയാള ചിത്രങ്ങളിലൂടെയും സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനാണ്.