ചെന്നൈ: കടുത്ത വരള്‍ച്ചയില്‍ ചെന്നൈ നഗരം പൊറുതിമുട്ടുമ്പോള്‍ മകനുമൊത്ത് നീന്തല്‍ക്കുളത്തിലെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംവിധായികയും രജനീകാന്തിന്‍റെ മകളുമായ സൗന്ദര്യ രജനീകാന്തിന് രൂക്ഷവിമര്‍ശനം. വിമര്‍ശനത്തെ തുടര്‍ന്ന് സൗന്ദര്യ ചിത്രം നീക്കി. വാരാന്ത്യത്തില്‍ മകനുമൊത്ത് നീന്തല്‍ക്കുളത്തില്‍ ആഘോഷിക്കുന്ന ചിത്രമാണ് സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

നിമിഷങ്ങള്‍ക്കുള്ളില്‍ സൈബര്‍ ലോകത്ത് നിന്ന് സൗന്ദര്യക്ക് കടുത്ത വിമര്‍ശനമേല്‍ക്കേണ്ടി വന്നു. വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് ചിത്രം പിന്‍വലിക്കുകയാണെന്നും ചെന്നൈയിലെ ജല ദൗര്‍ലഭ്യത ഗൗരവമായി മനസ്സിലാക്കുന്നുവെന്നും സൗന്ദര്യ പിന്നീട് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ തമിഴ്നാട്ടില്‍ മഴവെള്ള സംഭരണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടിരുന്നു. 

കടുത്ത ജലക്ഷാമത്തിലൂടെയാണ് തമിഴ്നാട് കടന്നു പോകുന്നത്. സംസ്ഥാനത്തിന്‍റെ പല പ്രദേശങ്ങളിലും മഴ ലഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. ചെന്നൈയില്‍ 40 ശതമാനം വീടുകളിലും പൈപ്പ് വെള്ളം നിര്‍ത്തലാക്കിയിരിക്കുകയാണ്.