ആദ്യമേ തന്നെ ചെയ്യേണ്ടത് അമിതഭാരം കുറയ്ക്കുക എന്നതാണ്. അതിന് ശരിയായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുക തന്നെ വേണം.
സന്ധിവാതം അഥവാ ആർത്രൈറ്റിസ് ഇന്ന് മിക്കവരെയും അലട്ടുന്ന രോഗമാണ്. കൃത്യമായ ചികിത്സയോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധിച്ചാല്‍ സന്ധിവാതത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. അതിന് ആദ്യമേ തന്നെ ചെയ്യേണ്ടത് അമിതഭാരം കുറയ്ക്കുക എന്നതാണ്. അതിന് ശരിയായ ഭക്ഷണ ശീലങ്ങള്‍ പാലിക്കുക തന്നെ വേണം.
ഡയറ്റിലെ ചില ചെറിയ കരുതലുകളും ഒരു പരിധി വരെ സന്ധിവാതത്തെ തുടര്‍ന്നുള്ള വിഷമതകളെ ലഘൂകരിക്കും. ഇത്തരത്തില്‍ സന്ധിവാതമുള്ളവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
ജീവിതശൈലിരോഗങ്ങള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. കടൽ മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നല്‍കും. ഇത് രോഗപ്രതിരോധത്തിനും ഹൃദയാരോഗ്യത്തിനും റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് മൂലമുള്ള തീവ്രവേദന കുറയ്ക്കുന്നതിനും സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.
രണ്ട്...
പഴങ്ങളും പച്ചക്കറികളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആപ്പിള്‍, പപ്പായ, പൈനാപ്പിള്‍, ബ്രൊക്കോളി, കാബേജ് എന്നിവ തെരഞ്ഞെടുത്ത് കഴിക്കുന്നത് സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്...
ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞൾ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. അതിനാല്‍ മഞ്ഞൾപ്പൊടി പാചകത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം.
നാല്...
റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ഒരു പ്രധാന ലക്ഷണമാണ് ക്ഷീണവും തളര്‍ച്ചയും. അതുകൊണ്ട് ആഹാരത്തിലെ ഇരുമ്പിന്റെ അംശം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മത്സ്യം, ഇറച്ചി, റാഗി, തവിടുള്ള ധാന്യങ്ങള്‍, ഇലക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍ ഇവയിലൊക്കെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
ഭക്ഷണങ്ങളില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലില്‍ ഡൈസള്‍ഫൈഡ്' എന്ന ഘടകമണ് സന്ധിവാതത്തോട് പൊരുതാന്‍ സഹായിക്കുന്നത്.
ആറ്...
പാചകത്തിനു വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയിൽ ശീലമാക്കിയാൽ അസ്ഥികളുടെ ആരോഗ്യത്തിനു നല്ലതാണ്.
ഏഴ്...
എല്ലാ ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ അസ്ഥികൾക്ക് ബലം നൽകും.
