ബെംഗളുരു: ഐഎസ്എല്ലില്‍ ഇന്ന് പ്ലേ ഓഫ് ഉറപ്പിച്ചവരുടെ പോരാട്ടം. നിലവിലെ ജേതാക്കളായ ബെംഗളുരു എഫ്‌സിയും മുന്‍ ചാമ്പ്യന്മാരായ എടികെയും ഏറ്റുമുട്ടും. ബെംഗളുരുവിൽ രാത്രി 7.30നാണ് മത്സരം. ഇരുടീമുകള്‍ക്കും ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരമാണിത്. 33 പോയിന്‍റുമായി എടികെ രണ്ടാമതും 29 പോയിന്‍റുളള ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്. സീസണിൽ എടികെ പത്തും ബെംഗളുരു എട്ടും കളി വീതം ജയിച്ചിട്ടുണ്ട്. 

ക്രിസ്‌തുമസ് ദിനത്തില്‍ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ എടികെ മറുപടിയില്ലാത്ത ഒരു ഗോളിന് ബെംഗളുരുവിനെ തോൽപ്പിച്ചിരുന്നു. 39 പോയിന്‍റുള്ള ഗോവ എഫ് സി നേരത്തേ തന്നെ ഗ്രൂപ്പുഘട്ട ചാമ്പ്യന്മാരായിരുന്നു. 

മുംബൈയെ പുറത്തേക്കടിച്ച് ചെന്നൈയിന്‍ സെമിയില്‍

മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി വെള്ളിയാഴ്‌ച നടന്ന നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപിച്ചതോടെ പ്ലേ ഓഫ് ചിത്രം വ്യക്തമായി. ഗോവ, എടികെ, ബെംഗളുരു ടീമുകള്‍ നേരത്തേ പ്ലേ ഓഫിൽ ഇടംപിടിച്ചിരുന്നു. പ്ലേ ഓഫിൽ എത്തിയ ടീമുകളിൽ ഗോവ മാത്രമാണ് ഇതുവരെ കിരീടം നേടാത്ത ടീം. ഈ മാസം 29നും മാർച്ച് ഒന്നിനുമാണ് ആദ്യപാദ സെമിഫൈനൽ. മാർച്ച് ഏഴിനും എട്ടിനും രണ്ടാംപാദ സെമി പോരാട്ടങ്ങൾ നടക്കും. മാർച്ച് പതിനാലിനാണ് ഫൈനൽ.