കൊമ്പന് സ്രാവിനെ പിടിച്ച നീര്‍നായ; തരംഗമായി ചിത്രങ്ങള്‍
അമരത്തില്‍ മമ്മൂട്ടി അഭിനയിച്ച അച്ചു എന്ന കഥാപാത്രം തന്റെ ഒറ്റ മകളെ (മാതു) കല്യാണം കഴിച്ച് കൊണ്ട് പോയ രാഘവനെ (അശോകന്) വെല്ലുവിളിക്കുന്നത്, "അരയന്റെ ചൂരും ചൊണയുമൊണ്ടങ്കിലേ... പൊറം കടലീപ്പോയി നീയൊരു കൊമ്പനെ പിടിച്ചോണ്ട് വാ. എന്നിട്ട് പ്രസംഗിക്ക്. അല്ലാതെ അരയനെന്ന് പറഞ്ഞാലൊണ്ടല്ലാ... മൊകത്ത് ഞാനാട്ടും." എന്ന് പറഞ്ഞാണ്. അതെ കടപ്പുറത്ത് കൈ തെളിഞ്ഞ ഒത്ത ഒരു അരയനെന്ന് തെളിയിക്കണമെങ്കില്‍ ഒറ്റയ്ക്ക് പുറങ്കടലില്‍ പോയി കൊമ്പന് സ്രാവിനെ പിടിച്ചോണ്ട് വരണമായിരുന്നു. അരയന്റെ കരുത്തും കഴിവും തെളിയിക്കാനുള്ള അവസരമാണത്. മത്തിയോ, അയലയോ പിടിക്കും പോലെ എളുപ്പമല്ല കൊമ്പന് സ്രാവിനെ പിടിക്കുന്നതെന്നത് തന്നെയാണ് ആ വെല്ലുവിളിയുടെ അര്‍ത്ഥവും. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് ഒരു കൊമ്പന് സ്രാവിനെ പിടികൂടിയ നീര്‍നായയുടെ ചിത്രങ്ങളാണ്.
കാലിഫോര്‍ണിയയിലെ കടല്‍ത്തീരത്ത് നീര്‍നായകളെ കുറിച്ച് പഠിക്കുന്ന സംഘമാണ് ഈ അത്യപൂര്‍വ്വ കാഴ്ച പകര്‍ത്തിയത്. രോമാവൃതമായ സമുദ്ര സസ്തനികള്‍ അടിത്തട്ടില്‍ ജീവിക്കുന്ന ജീവികളെ ഭക്ഷിക്കാനായി കടലിന്റെ ഉപരിതലത്തിലേക്ക് കൊണ്ടുവരാറുണ്ടെന്ന വായ്മൊഴി യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കുന്ന കാഴ്ചയായിരുന്നു അത്.
മൂന്നടി നീളമുള്ള കൊമ്പന് സ്രാവിനെ നീര്‍നായ കടിച്ചെങ്കിലും തിന്നില്ലെന്നാണ് പഠനസംഘം ട്വിറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം പറഞ്ഞത്. അമ്പരപ്പിക്കുന്ന ഈ രംഗം കാലിഫോർണിയയിലെ മൊറോ ഉള്‍ക്കടിലില്‍ നിന്ന് പകർത്തിയതാണ്.
ഒരു തെക്കൻ കടൽ നീര്‍നായ ഒരു കൊമ്പ് സ്രാവിനെ പിടിക്കുന്നതിന്റെ ആദ്യ ഡോക്യുമെന്റേഷനാണെന്ന് ഫോർ ദി വിൻ ഔട്ട്ഡോർ റിപ്പോർട്ട് ചെയ്യുന്നു.
കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫിലെ മൈക്കൽ ഡി. ഹാരിസ് ഫോർ ദി വിന്നിനോട് പറഞ്ഞത്, 'തന്റെ അറിവിൽ നീര്‍നായ പിടിച്ചെടുത്ത ആദ്യത്തെ കൊമ്പന് സ്രാവാണിത്. നീര്‍നായകളെ കുറിച്ച് ഇതിന് മുമ്പും പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും ഒരു സ്രാവിനെ നീര്‍നായ പിടികൂടിയെന്ന് പുറം ലോകമറിയുന്ന ആദ്യത്തെ സംഭവമാണിതെന്നായിരുന്നു. '
കടലിന്റെ മേല്‍ത്തട്ടില്‍ പിടികൂടിയ സ്രാവിനെ നെഞ്ചത്ത് കിടത്തി കടിക്കുന്ന നീര്‍നായയുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. കാലുകളും കൈകളും കൊണ്ട് സ്രാവിനെ പൂണ്ടടക്കം പിടിച്ച് രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലാണ് നീര്‍നായ കടലില്‍ ഒഴുകിക്കിടന്നത്.
എന്നാല്‍ ചിത്രങ്ങളെടുത്തയുടന് സ്രാവുമായി കടലിന്റെ അടിത്തട്ടില്ലേക്ക് നീര്‍നായ ഊളിയിട്ട് മറഞ്ഞു. ആ സ്രാവിനെ അവന് തിന്നോ ഉപേക്ഷിച്ചോ എന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് പഠനസംഘത്തിലെ ഫ്രെസ്നോ ബീ. ഹാരിസ് വെളിപ്പെടുത്തി.
എന്ത് തന്നെയായാലും ആ നീര്‍നായ പെണ്ണാണെന്ന് ഹാരിസ് വെളിപ്പെടുത്തി. ഇതിന് സമൂഹമാധ്യമത്തില്‍ വന്ന കമന്റ് , 'അവര്‍ ചിലപ്പോള്‍ പ്രണയബന്ധരായിരിക്കും ' എന്നായിരുന്നു.
എന്നാല്‍ മറ്റൊരു പഠനത്തില്‍ നീര്‍നായകള്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്നത് സ്രാവുകളുടെ അക്രമണത്തെ തുടര്‍ന്നാണെന്ന് പറയുന്നു. സ്രാവുകള്‍ നീര്‍നായകളെ കൊന്ന് തിന്നാറില്ല. പക്ഷേ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുന്ന നീര്‍നായകള്‍ കരയ്ക്ക് കേറുന്നു. ഇങ്ങനെ ഉണ്ടാകുന്ന മുറിവുകളില്‍ നിന്നുള്ള അണുബാധയെ തുടര്‍ന്നാണ് നീര്‍നായകള്‍ കൂടുതലായും മരിക്കുന്നത്.