ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടു; സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ
ഇന്ത്യയുടെ ആശങ്കകൾ അവഗണിച്ച് ചൈനീസ് ചാര കപ്പൽ ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടു. ശ്രീലങ്കൻ കടലിലായിരിക്കുമ്പോൾ ഗവേഷണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് യുവാൻ വാങ് 5 ന് തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ഹമ്പന്‍തോട്ട തുറമുഖ ഉദ്യോഗസ്ഥർ അറിയിച്ചു. യുവാൻ വാങ് 5 നെ ചൈന ചാരപ്രവര്‍ത്തിക്കായി ഉപയോഗിക്കുന്നുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍, ഇത് ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. ഈ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കരുതെന്നും ശ്രീലങ്കയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയുടെ ആവശ്യം തള്ളിയാണ് ഇപ്പോള്‍ യുവാൻ വാങ് 5 ന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയത്.
ഈ മാസം 22 വരെ കപ്പലിന് ഹമ്പന്‍തോട്ട തുറമുഖത്ത് തുടരാൻ അനുമതി നൽകിയെന്നാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. യുവാൻ വാങ് 5 നെ ചൈനയുടെ ഏറ്റവും പുതിയ തലമുറയിലെ ബഹിരാകാശ ട്രാക്കിംഗ് കപ്പലുകളിലൊന്നായി വിദേശ സുരക്ഷാ വിശകലന വിദഗ്ധർ വിശേഷിപ്പിക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ യുവാൻ വാങ് 5 ന് കഴിയും.
അതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം യുവാന്‍ വാങ് 5 ലക്ഷ്യമിടുന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്. ഉപഗ്രഹം, റോക്കറ്റ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ എന്നിവ നിരീക്ഷിക്കാൻ ഈ കപ്പലിന് കഴിയും. ഷിപ്പിംഗ് അനലിറ്റിക്‌സ് വെബ്‌സൈറ്റുകൾ ഈ കപ്പലിനെ റിസർച്ച് ആൻഡ് സർവേ വെസൽ എന്ന് വിളിക്കുന്നു. എന്നാല്‍ ഈ കപ്പല്‍ ചൈനയുടെ "ഇരട്ട ഉപയോഗ ചാരക്കപ്പൽ" എന്ന വിശേഷണവും പേറുന്നുണ്ട്.
യുവാൻ വാങ് 5 ന്‍റെ ആസൂത്രിത സന്ദർശനം സർക്കാർ നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ജൂലൈയിൽ തന്നെ ഇന്ത്യൻ വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയും സാമ്പത്തിക താൽപ്പര്യങ്ങളും സംരക്ഷിക്കുമെന്നും വിദേശകാര്യവക്താവ് കൂട്ടിച്ചേർത്തു. ശ്രീലങ്കയില്‍ കപ്പലിന് നങ്കൂരമിടാന്‍ അനുവാദം നല്‍കിയതിനെതിരെ ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു.
ഇന്ത്യ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം, ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രാലയം ചൈനയോട് കപ്പലിന്‍റെ വരവ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ കൂടിയാലോചനകൾ നടത്തേണ്ടതുണ്ടെന്നാണ് ശ്രീലങ്ക, ചൈനയെ അറിയിച്ചത്. എന്നാല്‍, ഇന്ത്യയുടെ പേര് എടുത്ത് പറയാതെ ചില രാജ്യങ്ങൾ 'സുരക്ഷാ ആശങ്കകൾ' എന്ന് വിളിക്കുന്നത് ന്യായമല്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖമായ ഹമ്പൻതോട്ടയിൽ നങ്കൂരമിടുമെന്ന കാര്യത്തിൽ തീരുമാനമായതിന് പിന്നാലെ ശ്രീലങ്കൻ നാവികസേനക്ക് ഇന്ത്യ ഡോർണിയർ വിമാനം കൈമാറിയിരുന്നു. പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിനും പരസ്പര ധാരണ ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ശ്രീലങ്കൻ നാവികസേനക്ക് ഡോർണിയർ വിമാനം കൈമാറിയതെന്ന് ഇന്ത്യ വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ നേവി വൈസ് ചീഫ് വൈസ് അഡ്മിറൽ എസ് എൻ ഘോർമാഡെ, കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലേയ്‌ക്കൊപ്പം കടുനായകയിലെ ശ്രീലങ്കൻ എയർഫോഴ്‌സ് ബേസിൽ വെക്കാണ് സമുദ്ര നിരീക്ഷണ വിമാനമായ ഡോര്‍ണിയര്‍ കൈമാറിയത്. കൈമാറ്റ ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ സന്നിഹിതനായിരുന്നു.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷയും പരസ്പര ധാരണയും പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിനായി ഡോർണിയർ 228 സമ്മാനിക്കുന്നുവെന്ന് കൈമാറ്റ ചടങ്ങിൽ ഹൈക്കമ്മീഷണർ ബാഗ്ലേ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ചടങ്ങ് നടന്നത്. സമുദ്ര നിരീക്ഷണ വിമാനം പ്രവർത്തിപ്പിക്കുന്നതിന് ശ്രീലങ്കൻ നാവികസേനയുടെയും വ്യോമസേനയുടെയും സംഘത്തിന് ഇന്ത്യൻ നാവികസേന പരിശീലനം നൽകിയിരുന്നു.
2018 ജനുവരിയിൽ സമുദ്ര നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി രണ്ട് ഡോർണിയർ വിമാനങ്ങൾ ആവശ്യമാണെന്ന് ശ്രീലങ്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിമാനങ്ങൾ നൽകുന്ന കാര്യം സർക്കാർ പരിഗണിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിക്കുന്ന രണ്ട് ഡോർണിയർ വിമാനങ്ങൾ ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകുമെന്നും അറിയിച്ചു.
എച്ച്എഎൽ നിർമ്മിച്ച വിമാനങ്ങൾ കൈമാറിക്കഴിഞ്ഞാൽ, തിങ്കളാഴ്ച നൽകുന്ന ഡോർണിയർ വിമാനം ഇന്ത്യൻ നാവികസേനയ്ക്ക് തിരികെ നൽകും. നാല് മാസക്കാലം ഇന്ത്യയിൽ പ്രത്യേക പരിശീലനം ലഭിച്ച 15 ശ്രീലങ്കൻ എയർഫോഴ്‌സ് ജീവനക്കാരാണ് വിമാനം പ്രവർത്തിപ്പിക്കുക. ശ്രീലങ്കൻ എയർഫോഴ്‌സിൽ (എസ്‌എൽഎഎഫ്) ഇന്ത്യൻ ഗവൺമെന്‍റ് ടെക്‌നിക്കൽ ടീം അവരുടെ മേൽനോട്ടം വഹിക്കും.
ചൈനീസ് കപ്പൽ 'യുവാൻ വാങ് 5' ഇന്നാണ് ദക്ഷിണ ഹമ്പൻതോട്ട തുറമുഖത്ത് ഒരാഴ്ചക്കാലം നങ്കൂരമിടുന്നതിനായി എത്തിയതെങ്കില്‍ ഇന്നലെ തന്നെ ഇന്ത്യ ഡോർണിയർ വിമാനം ശ്രീലങ്കയ്ക്ക് കൈമാറി. ഓഗസ്റ്റ് 11 ന് കപ്പൽ തുറമുഖത്ത് എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ശ്രീലങ്കൻ അധികൃതരുടെ അനുമതി ലഭിക്കാത്തതിനാൽ വൈകുകയായിരുന്നു. ഇന്ത്യയുടെ ആശങ്കകൾക്കിടയിൽ സന്ദർശനം മാറ്റിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് പിന്നീട് ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിലേക്ക് തുറമുഖ പ്രവേശനം കൊളംബോ അനുവദിച്ചു.