കോടതിയിൽ നിന്ന് ജ‍‍ഡ്ജി ഒപ്പിട്ട  ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇതുവരെ ജയിലിലെത്താത്തതിനെ തുടർന്ന് ഇന്ന് ജയിൽ മോചനം സാധ്യമാകില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലാകുകയും തുടര്‍ന്ന് ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്ത നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകില്ല എന്ന് വിവരം. കോടതിയിൽ നിന്ന് ജ‍‍ഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇതുവരെ ജയിലിലെത്താത്തതിനെ തുടർന്ന് ഇന്ന് ജയിൽ മോചനം സാധ്യമാകില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. അതേസമയം ജയിലിന് പുറത്ത് ആരാധക‍ർ പ്രതിഷേധം തുടങ്ങി. ഈ സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നാളെ രാവിലെ കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും മോചനം. അല്ലുവിന് ഇന്ന് രാത്രി ജയിലിൽ കഴിയേണ്ടി വരും. അല്ലു അർജുൻ ഇന്ന് കഴിയുക ചഞ്ചൽ​ഗുഡ ജയിലിലെ ക്ലാസ് വൺ ബാരക്കിലായിരിക്കും. അല്ലു അർജുനായി ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് 1 ബാരക്ക് തയ്യാറാക്കി എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. വിവരം ലഭിച്ച അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദ് തിരികെ വീട്ടിലേക്ക് മടങ്ങിപ്പോയി. അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അല്ലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. കേസിൽ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ.