പ്രളയം: തെലങ്കാനയില്‍ 9,400 കോടിയുടെ നഷ്ടമെന്ന് സര്‍ക്കാര്‍, കേന്ദ്ര സംഘം സന്ദര്‍ശിച്ചു
550 കോടിയാണ് അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്രം കൈയയഞ്ഞ് സഹായിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. കഴിഞ്ഞ 10 ദിവസമായി സംസ്ഥാനം കനത്ത മഴക്ക് സാക്ഷ്യം വഹിക്കുകയാണെന്നും വ്യാപകമാ നാശനഷ്ടമാണ് സംഭവിച്ചതെന്നും സംസ്ഥാനം അറിയിച്ചു.
തെലങ്കാനയില്‍ പ്രളയം 9,400 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച കേന്ദ്ര സംഘം നഷ്ടം വിലയിരുത്താന്‍ എത്തി. ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ അഞ്ചംഗ കേന്ദ്ര സംഘത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി പ്രവീണ്‍ വസിഷ്ഠയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്. കാര്‍ഷിക മേഖലയിലാണ് കനത്ത നഷ്ടമുണ്ടായത്. വിള നശിച്ചതിലൂടെ മാത്രം 8633 കോടി രൂപയുടെ നഷ്ടമുണ്ടായി.
റോഡ് നശിച്ചതിലൂടെ 222 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. ഗ്രേറ്റര്‍ ഹൈദരാബാദില്‍ മാത്രം 567 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 550 കോടിയാണ് അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കേന്ദ്രം കൈയയഞ്ഞ് സഹായിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. കഴിഞ്ഞ 10 ദിവസമായി സംസ്ഥാനം കനത്ത മഴക്ക് സാക്ഷ്യം വഹിക്കുകയാണെന്നും വ്യാപകമാ നാശനഷ്ടമാണ് സംഭവിച്ചതെന്നും സംസ്ഥാനം അറിയിച്ചു. ഹൈദരാബാദിലും ചുറ്റുമുള്ള ജില്ലകളിലും പ്രളയം സാരമായി ബാധിച്ചു. നിരവധി റെസിഡന്റ്‌സ് കോളനികളിലെ വീടുകള്‍ വെള്ളത്തിലായി. മുസി നദി കരകവിഞ്ഞതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായെന്നും സംസ്ഥാനം അറിയിച്ചു.
കൂടുതല്‍ നഷ്ടം സംഭവിച്ച പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ബാലാപുര്‍, ഹഫീസ് ബാബാ നഗര്‍ കോളനി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു. കനത്തമഴയില്‍ വ്യാപക നഷ്ടമാണ് തെലങ്കാനയിലുണ്ടായത്. വിവിധ സംസ്ഥാനങ്ങള്‍ തെലങ്കാനക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു.
കേന്ദ്രസംഘം പ്രളയത്തിന്റെ ചിത്രങ്ങള്‍ നോക്കിക്കാണുന്നു
നഷ്ടം കണക്കാക്കിയത് പൂര്‍ണമായിട്ടില്ലെന്നും കൂടുതല്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.