ആയിരങ്ങള്‍ അറസ്റ്റില്‍; റഷ്യയുടെ 'ചുവന്ന വര' കടക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍റെ ഭീഷണി

First Published Apr 22, 2021, 1:45 PM IST

 

ലോകം മഹാമാരിക്കിടിയില്‍ ശ്വാസം മുട്ടുണ്ടുമ്പോഴും ഏകാധിപത്യ ഭരണാധികാരികള്‍ തങ്ങളുടെ ഇരിപ്പിടങ്ങള്‍ സുരക്ഷിതമാക്കുന്ന തിരക്കിലാണ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിന്‍. തനിക്കെതിരെ രാജ്യത്ത് ഉയരുന്ന എല്ലാ എതിര്‍ സ്വരത്തെയും നിശബ്ദമാക്കുന്നതില്‍ ഇന്ന് മുന്‍പന്തിയിലാണ് പുടിന്‍റെ സ്ഥാനം. മാസങ്ങള്‍ക്ക് മുമ്പാണ് തന്‍റെ ഏറ്റവും വലിയ  വിമര്‍ശനകനായ അലക്സി നവാല്‍നിയെ വിഷം കൊടുത്ത് കൊല്ലാനുള്ള ശ്രമങ്ങള്‍ നടന്നത്. ജര്‍മ്മനിയിലെ വിദഗ്ദ ചികിത്സയെ തുര്‍ന്ന് ജീവന്‍ തിരിച്ച് കിട്ടിയ നവാല്‍നി, സ്വന്തം രാജ്യത്തേക്ക് മടങ്ങി. എന്നാല്‍, ടിക്കറ്റെടുത്ത വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഇറക്കാതെ മറ്റൊരു വിമാനത്താവളത്തിലെത്തിച്ചാണ് പുടിന്‍ നവാല്‍നിയെ അറസ്റ്റ് ചെയ്തത്. അന്ന് തൊട്ട് ഇന്നുവരെ നവാല്‍നിയെ പുറം ലോകം കണ്ടിട്ടില്ല. പുടിന്‍റെ ഭരണത്തിനെതിരെയുള്ള വിമത സ്വരങ്ങളെല്ലാം ഇതോടെ നവാല്‍നിക്ക് പിന്നില്‍ ഒത്തുകൂടി. 'നവാല്‍നിയെ വിട്ടയക്കുക' എന്നതായി അവരുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യങ്ങള്‍ പുടിന്‍ മാത്രം കാണുന്നില്ലെന്ന് പ്രതിഷേധക്കാരും ആരോപിക്കുന്നു.