മ്യാൻമറിൽ പ്രതിഷേധം കനക്കുന്നു, ആങ് സാൻ സ്യൂചിയുടെ മുഖം ടാറ്റൂ ചെയ്ത് ജനങ്ങൾ
മ്യാൻമറിൽ ആങ് സാൻ സ്യൂചിയെ തടവിലാക്കി പട്ടാളം ഭരണമേറ്റെടുത്തതോടെ കനത്ത പ്രതിഷേധത്തിലാണ് ജനങ്ങള്‍. പലവിധത്തിലുള്ള പ്രതിഷേധങ്ങൾക്കും റാലികൾക്കും രാജ്യം സാക്ഷ്യം വഹിക്കുകയാണ്. നിസ്സഹകരണ സമരം കൂടി വന്നതോടെ ഒരുതരത്തിലും പട്ടാള ഭരണം പ്രോത്സാഹിപ്പിക്കില്ല എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നേതാവ് ആങ് സാൻ സ്യൂചിയുടെ മോചനത്തിനുവേണ്ടി രാജ്യത്തിനകത്തും പുറത്തും പ്രതിഷേധ ശബ്ദങ്ങളുയരുകയാണ്. അതിനിടെയാണ് സ്യൂചിയുടെ രൂപം ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിരിക്കുന്നതും. സ്യൂചിയോടുള്ള ആദരവായും പട്ടാളത്തിനോടുള്ള പ്രതിഷേധമായും സമരമാർഗമായുമെല്ലാം ഈ ടാറ്റൂ മാറുകയാണ്.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ മുപ്പത്തിയേഴുകാരനായ യേ എത്രയെത്രയോ ആങ് സാന്‍ സ്യൂചിയുടെ ചിത്രങ്ങള്‍ ടാറ്റൂ ചെയ്ത് കഴിഞ്ഞു. തന്‍റെ 19 വര്‍ഷത്തെ പ്രൊഫഷണൽ ജീവിതത്തിൽ ചെയ്തതിനേക്കാൾ സ്യൂചി രൂപം താനീ മൂന്നാഴ്ച കൊണ്ട് ടാറ്റൂ ചെയ്തുവെന്നാണ് യേ പറയുന്നത്. 'ഞങ്ങളവളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. കാരണം, അത്രയേറെ ത്യാഗം അവര്‍ അനുഭവിച്ചു കഴിഞ്ഞു' -യേ പറയുന്നു. നിരവധി തരത്തിലുള്ള ടാറ്റൂ ആണ് ആങ് സാന്‍ സ്യൂചിയുടേതായി ചെയ്യുന്നത്. മുല്ലപ്പൂക്കൾക്കിടയിലുള്ള ആങ് സാൻ സ്യൂചിയുടെ രൂപം പുറം മുഴുവനായും ടാറ്റൂ ചെയ്തവും കയ്യിലും നെഞ്ചിലുമെല്ലാം സ്യൂചി രൂപം പച്ചകുത്തിയവരുമുണ്ട്.

രാജ്യത്തെ ടാറ്റൂ സ്റ്റുഡിയോകളിലെല്ലാം തന്നെ ആങ് സാന്‍ സ്യൂചിയുടെ മുഖം പച്ചകുത്താനുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയിട്ടുണ്ട് എന്ന് ദി ഗാര്‍ഡിയനെഴുതുന്നു. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെയാണ് ആങ് സാന്‍ സ്യൂചിയെ അടക്കം നേതാക്കളെ പട്ടാളം വീട് വളഞ്ഞ് തടവിലാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതോടെ, മ്യാന്‍മര്‍ വീണ്ടും പട്ടാളഭരണത്തിലേക്ക് തിരിയുകയായിരുന്നു.
ഇതിനെതിരെ കനത്ത പ്രതിഷേധം തന്നെയുണ്ടായി. നിരവധി തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു കഴിഞ്ഞു. അതിനിടെയാണ് ഇവിടെ ആങ് സാന്‍ സ്യൂചിയോട് ആദരവ് സൂചിപ്പിക്കാനും അറസ്റ്റിലുള്ള പ്രതിഷേധത്തെ കാണിക്കാനും ആളുകള്‍ അവരുടെ ചിത്രം ടാറ്റൂ ചെയ്യുന്നത്.
നിയമവിരുദ്ധമായി വാക്കി ടോക്കികൾ ഇറക്കുമതി ചെയ്തുവെന്നും മ്യാൻമറിന്റെ പ്രകൃതിദുരന്ത നിയമം ലംഘിച്ചുവെന്നും ആരോപിച്ചാണ് സ്യൂചിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, മാര്‍ച്ച് ഒന്നിന് കോടതിയില്‍ വാദം കേള്‍ക്കും.
മ്യാൻമറിനുള്ളിൽ പ്രിയങ്കരിയായിരിക്കെത്തന്നെ, റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ വംശഹത്യ നടത്തിയ സൈന്യത്തെ പിന്തുണക്കുന്നതിനായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് പോയപ്പോൾ സ്യൂചിയുടെ അന്തർദേശീയ പ്രശസ്തിക്ക് കളങ്കമുണ്ടായി. വളര്‍ന്നു വരുന്ന ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ സ്യൂചി ജനറലുകളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് എന്നും ആരോപണമുണ്ടായി. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും തുല്യത വേണമെന്ന ആശയത്തെ തന്നെ എതിര്‍ക്കുന്ന മിലിറ്ററിക്ക് വേണ്ടി സംസാരിക്കുന്നവളെന്നും അവര്‍ മുദ്ര കുത്തപ്പെടുകയുണ്ടായി.
എന്നിരുന്നാലും അടുത്തിടെ മ്യാന്‍മറിലെ വ്യാപാര തലസ്ഥാനമായ യാങ്കോണില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മറ്റൊരു ചിത്രത്തിലേക്കാണ്. ജനാധിപത്യാനുകൂലികളുടെ വമ്പന്‍ റാലികളിലെല്ലാം ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് സ്യൂചിയുടേത്. സ്യൂചിയുടെ മോചനത്തിനുവേണ്ടി രാപ്പകലില്ലാതെ ജനങ്ങൾ തെരുവിലിറങ്ങി. എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കണമെന്നും രാജ്യം തിരികെ ജനാധിപത്യഭരണത്തിലേക്ക് വരണം എന്നുമാണ് ജനങ്ങളുടെ ആവശ്യം.
'എന്‍റെ മാതാപിതാക്കളുടെ രൂപം പോലും ഞാനിതുവരെ ടാറ്റൂ ചെയ്തിട്ടില്ല' ലെയ്ങ് എന്ന 32 -കാരി പറയുന്നു. ടാറ്റൂ ചെയ്യാന്‍ എടുത്ത ആറ് മണിക്കൂറിനേക്കാള്‍ വലിയ വേദനയാണ് പട്ടാള അട്ടിമറി തന്നിലുണ്ടാക്കിയത്. തനിക്ക് അടിച്ചമര്‍ത്തപ്പെടുന്നതായും തന്നോടവർ അന്യായം ചെയ്തതായും അനുഭവപ്പെട്ടു. അതിനെതിരെ പ്രതികരിക്കേണ്ടതുണ്ട് എന്നാണ് ലെയ്ങ് പറയുന്നു. ആങ് സാന്‍ സ്യൂചിയോടുള്ള തന്‍റെ ആദരവാണിതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ പ്രധാനമായും ആങ് സാന്‍ സ്യൂചി ഡിസൈനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യേ രാജ്യത്തെ നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുകയും ചെയ്യുന്നു. രാജ്യവ്യാപകമായ റാലികളിലൂടെയും പ്രതിഷേധങ്ങളിലൂടേയും സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുകയാണ് നിസ്സഹകരത്തിന്റെ ലക്ഷ്യം. 'നേരത്തെ ചെയ്തതുപോലെ തന്നെയാണ് സൈന്യം സ്യൂചിയോട് ചെയ്യുന്നത്. അവരെ 15 വര്‍ഷവും തടവിലാക്കിയില്ലായിരുന്നുവെങ്കില്‍ നമ്മുടെ രാജ്യം കൂടുതല്‍ പുരോഗതി കൈവരിച്ചേനെ. അതെല്ലാം സൈന്യത്തിനറിയാം' -യേ പറയുന്നു.
പച്ചകുത്തൽ നൂറ്റാണ്ടുകളായി മ്യാൻമർ സംസ്കാരത്തിന്റെ ഭാഗമാണ്. വടക്കുകിഴക്കൻ ഭാഗത്തുള്ള ഷാൻ പുരുഷന്മാർ അരക്കെട്ട് മുതൽ കാൽമുട്ട് വരെ ടാറ്റൂ ചെയ്തിരുന്നു. അത് പൗരുഷത്തിന്‍റെ പ്രതീകമായിട്ടാണ് കരുതപ്പെട്ടിരുന്നത്. പടിഞ്ഞാറൻ ചിൻ സംസ്ഥാനത്ത് പ്രായമായ സ്ത്രീകളുടെ മുഖത്ത് ഇപ്പോഴും പച്ചകുത്തിയതിന്റെ മങ്ങിയ അടയാളങ്ങള്‍ കാണാം. ശരിയായ രീതിയിലുള്ള ടാറ്റൂ മാന്ത്രിക സംരക്ഷണം നൽകുമെന്ന് പോലും ചിലർ വിശ്വസിക്കുന്നു. എന്നാല്‍, 1930 -കളിലെ ബ്രിട്ടീഷ് പ്രത്യാക്രമണ സമയത്ത് ടാറ്റൂ ചെയ്യുന്നത് നിരോധിക്കുകയുണ്ടായി. പിന്നീട് 2011 -ലെ രാഷ്ട്രീയ, സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കിടെയാണ് വീണ്ടും അവ മുഖ്യധാരയിലേക്ക് കടന്നു വരുന്നത്.
മണ്ടാലെയിലുള്ള ടാറ്റൂ ആര്‍ട്ടിസ്റ്റായ സാ പട്ടാളത്തോട് പ്രതികരിച്ചത് സൗജന്യമായി ആങ് സാന്‍ സ്യൂചിയുടെ ചിത്രങ്ങള്‍ ടാറ്റൂ ചെയ്ത് നല്‍കിയാണ്. ഫെബ്രുവരി 15 വരെ ഇത് തുടര്‍ന്നു. പിന്നീട് ഏകദേശം 250 രൂപ വാങ്ങുവാന്‍ തുടങ്ങി. ആ പണം നിസ്സഹകരണ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേണ്ടിയാണ് സാ നല്‍കുന്നത്.
'രാവിലെ മുതല്‍ വൈകുന്നേരം വരെ സ്യൂചിയുടെ രൂപം പച്ച കുത്തി നല്‍കിയ ദിവസങ്ങളുണ്ട്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അങ്ങനെ ടാറ്റൂ ചെയ്യുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പ്രതിഷേധിക്കാന്‍ തങ്ങള്‍ക്കാവുന്നു' എന്നും സാ പറയുന്നു. ടാറ്റൂ ചെയ്യാനെത്തുന്നവര്‍ നിസ്സഹകരണ പ്രസ്ഥാനത്തെ കുറിച്ചും അതിന്‍റെ ഭാഗമാവാത്തവരെ കുറിച്ചുമെല്ലാം സംസാരിക്കുന്നു. ചര്‍ച്ചകള്‍ അവസാനിക്കുന്നേയില്ലെന്ന് സാ പറയുന്നു.
സ്യൂചിയുടെ പാര്‍ട്ടിയോട് താല്‍പര്യമില്ലാത്തവര്‍ പോലും 'അമ്മ'യെന്ന് വിളിക്കുന്ന സ്യൂചിയുടെ രൂപം പച്ചകുത്താനെത്തുന്നുണ്ട്. അത് സ്യൂചിയോടുള്ള ആദരസൂചകമാണ് എന്നും അതിന്‍റെ പേരില്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള നടപടികളെ കുറിച്ച് ഭയമില്ലായെന്നും അവര്‍ പറയുന്നു.
നേരത്തെയും മൂന്നുവിരല്‍ പ്രതിഷേധമടക്കമുള്ള സമര മാര്‍ഗങ്ങള്‍ മ്യാന്‍മര്‍ ജനത പ്രയോഗിച്ചിരുന്നു. എന്നാല്‍, സൈന്യവും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവാതെയിരിക്കുകയാണ്. രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇന്‍റര്‍നെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തിയാർജ്ജിക്കും എന്ന് തന്നെയാണ് പ്രതിഷേധക്കാർ പറയുന്നത്.