ലാത്വിയ കുഴിച്ചെടുത്തത് 200 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പല്‍
ലാറ്റ്‍വിയൻ കടൽത്തീരത്ത് കണ്ടെത്തിയ 40 അടി നീളമുള്ള ഒരു കപ്പലിന്‍റെ അവശിഷ്ടത്തിന് 200 വർഷത്തെ പഴക്കമുണ്ടെന്നും ഇത് ബ്രിട്ടന്‍റെ റോയൽ നേവിയുടെ യുദ്ധക്കപ്പലിന്‍റെ അവശിഷ്ടങ്ങളാകാമെന്നും വിദഗ്ദ്ധർ. തലസ്ഥാന നഗരിയായ റിഗയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള ഡൗഗാവഗ്രാവ ബീച്ചിലാണ് തദ്ദേശീയര്‍ പുരാതനമായ ഒരു കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തിയത്. കണ്ടെത്തിയ കപ്പല്‍ അവശിഷ്ടത്തിന് 39 അടി നീളവും 13 അടി വീതിയുമാണുള്ളത്. കപ്പലിന് ഇതിനേക്കാള്‍ നീളമുണ്ടാകാമെന്നും അത് മണ്ണിനടിയിലായിരിക്കുമെന്നും കരുതുന്നു. 18 ഉം 19 ഉം നൂറ്റാണ്ടില്‍ കടലും കരയും അടക്കിവാണിരുന്ന ബ്രിട്ടന്‍റെ നാവികപ്പടയുടെ ഏറ്റവും ശ്രദ്ധയമായ അവശിഷ്ടമായിരിക്കുമോ കണ്ടെത്തിയതെന്ന് തെളിയണമെങ്കില്‍ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.
കപ്പലിന്‍റെ ഉത്ഭവം തിരിച്ചറിയാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും, അതിന്‍റെ പുറം വശത്ത് ഒരിക്കല്‍ ചെമ്പ് പൂശിയിരുന്നതിന് തെളിവ് ലഭിച്ചു. കപ്പലുകളുടെ പുറം പാളിയില്‍ ചെമ്പ് പൂശുന്ന സാങ്കേതികവിദ്യ ആദ്യം റോയൽ നാവികസേനയാണ് ഉപയോഗിച്ചിരുന്നത്. കപ്പലിന്‍റെ കൃത്യം പ്രായം അജ്ഞാതമാണ്.
പക്ഷേ 1800 കളുടെ പകുതി വരെ ബ്രിട്ടനിലെ പ്രശസ്തമായ കപ്പൽ നിർമ്മാണ സാമഗ്രിയായ ഓക്ക് മരമാണ് കപ്പല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 150 നും 200 നും ഇടയിൽ വര്‍ഷത്തെ കാലപ്പഴക്കം കപ്പലിനുണ്ടാകാമെന്ന് ലാത്വിയൻ പൈതൃക മേധാവികൾ അഭിപ്രായപ്പെട്ടു.
ആയിരക്കണക്കിന് ചെറിയ ചെമ്പ് ആണികള്‍ തടിക്ക് പുറത്ത് മരങ്ങളെ പരസ്പരം ഉറപ്പിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് ലാത്വിയയുടെ നാഷണൽ കൾച്ചറൽ ഹെറിറ്റേജ് ബോർഡിന്‍റെ വക്താവ് പറഞ്ഞു. ഒരു കാലത്ത് കപ്പൽ ചെമ്പ് പ്ലേറ്റുകൾ കൊണ്ട് പൊതിഞ്ഞിരുന്നതാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ഒന്നുകിൽ ഇത് ഒരു യുദ്ധക്കപ്പലോ അല്ലെങ്കില്‍ ഒരു ദീർഘദൂര വ്യാപാര കപ്പലോ ആകാം. ബാൾട്ടിക്, വടക്കൻ സമുദ്രങ്ങളിലൂടെ മാത്രമല്ല, ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്കുള്ള കൂടുതൽ യാത്രകളിലൂടെയും ഈ കപ്പല്‍ സഞ്ചരിച്ചിരിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
'കപ്പലുകളുടെ വെള്ളത്തിനടിയിലുള്ള ഭാഗങ്ങളിൽ ചെമ്പ് പൂശുന്നത് 18 -ആം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ബ്രിട്ടീഷുകാരാണ് തുടങ്ങിയത്, അതിനാൽ കണ്ടെത്തിയ കപ്പല്‍ 19 -ആം നൂറ്റാണ്ടിലേതാകാം. '
ഒരു കപ്പലിന്‍റെ ചെറിയ ഭാഗമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഖനനം തുടര്‍ന്നപ്പോഴാണ് കപ്പലിന്‍റെ വലിപ്പം മനസിലായത്. കൂടുതല്‍ വലിയ യന്ത്രസാമഗ്രികള്‍ വരുന്നതിനായി ഖനനം നിര്‍ത്തി വച്ചിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
2012 -ൽ വെസ്റ്റേൺ ഒറിഗോൺ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം, പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ, റോയൽ നേവി പ്രതിവർഷം 50,000 ലോഡ് ഓക്ക് മരം ആവശ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഓരോ വർഷവും യുകെയിലുടനീളം ഉപയോഗിക്കുന്ന മൊത്തം 2,18,000 ലോഡുകളുടെ ഗണ്യമായ അനുപാതമാണിത്.
ബാൾട്ടിക്കിൽ നിന്ന് 1,000 -ലധികം അടി നീളമുള്ള, വലിയ ഉരുപ്പടികള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഒരു കപ്പൽ-ഓഫ്-ലൈൻ നിർമ്മാണത്തിനായി ഏകദേശം 4,000 പ്രായപൂർത്തിയായ ഓക്ക് മരങ്ങളെങ്കിലും ആവശ്യമായിരുന്നു. അക്കാലത്ത് ബ്രിട്ടീഷ് കപ്പൽ നിർമ്മാണത്തിൽ ഉപയോഗിച്ചിരുന്ന ഒരു സാധാരണ വസ്തുവാണ് ഓക്ക്.
നിഗൂഢമായ ഓക്കിന്‍റെയും ചെമ്പിന്‍റെയും ശ്രദ്ധേയമായ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന്, ഖനനക്കാർക്ക് 13 അടിയോളം താഴ്ചയിലേക്ക് കുഴിക്കേണ്ടിവന്നു.
നാഷണൽ മാരിടൈം മ്യൂസിയത്തിലെ കണക്കനുസരിച്ച് ഒരു കപ്പല്‍ വഹിക്കുന്ന തോക്കുകളുടെ എണ്ണമാണ് ഒരു കപ്പലിന്‍റെ 'നിരക്ക്' തീരുമാനിച്ചിരുന്നത്. ഏറ്റവും വലുത്, അല്ലെങ്കിൽ ആദ്യ നിരയ്ക്ക്, 120 തോക്കുകള്‍ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഏറ്റവും ചെറിയതോ ആറാം നിരയിലുപയോഗിക്കുന്നവയോ ആയ ലോകമെമ്പാടും സഞ്ചരിക്കുന്ന യുദ്ധക്കപ്പലുകള്‍ വെറും 20 തോക്കുകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്.
18 -ഉം 19 -ഉം നൂറ്റാണ്ടുകളിലുടനീളം, തന്ത്രങ്ങൾ, പരിശീലനം, ആസൂത്രണം, ശുചിത്വം, ലോജിസ്റ്റിക് പിന്തുണ, യുദ്ധക്കപ്പൽ രൂപകൽപ്പന എന്നിവയിൽ ലോകത്തിലെ ഏറ്റവും വലിയ നാവിക സേനയായിരുന്നു ബ്രിട്ടന്‍റെ റോയൽ നേവി. 1815 നും 1914 നും ഇടയിൽ, 100 വർഷത്തെ കാലയളവിൽ, റോയൽ നേവിയ്ക്ക് ശത്രുക്കളുടെ ഭാഗത്ത് നിന്നുള്ള എതിർപ്പ് വളരെ കുറവായിരുന്നു. ഈ അമിതാധിപത്യത്തിനിടെ കപ്പലുകളുടെ നിർമ്മാണം ഓക്ക് തടി ഫ്രെയിമുകളിൽ നിന്ന് മെറ്റൽ കപ്പലുകളിലേക്ക് വഴി മാറിയ കാലം കൂടിയായിരുന്നു അത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona