ചുവന്ന നിറത്തിലുള്ള ലിപ്‍സ്റ്റിക് അണിയുന്ന സ്ത്രീകള്‍; ചില അറിയാത്ത കഥകള്‍, അര്‍ത്ഥങ്ങള്‍
1912 -ലാണ്... ന്യൂയോര്‍ക്കില്‍ ഒരുകൂട്ടം സ്ത്രീകളുടെ റാലി നടന്നു. വോട്ടവകാശത്തിനുവേണ്ടിയുള്ള ആ മാര്‍ച്ചിലെ സജീവസാന്നിധ്യമായി എലിസബത്ത് ആര്‍ഡ്രന്‍ എന്ന സ്ത്രീയും ഉണ്ടായിരുന്നു. റാലി നടക്കുന്നതിന് രണ്ടുവര്‍ഷം മുമ്പാണ് എലിസബത്ത് ഒരു കോസ്മെറ്റിക് ബ്രാന്‍ഡ് ആരംഭിച്ചത്. അത് സ്ത്രീകളുടെ ചുണ്ടഴകുകള്‍ക്ക് വീണ്ടും ആകാശം നല്‍കിയ ഒരു ഉത്പന്നമായിരുന്നു, ലിപ്‍സ്റ്റിക്...
ഏതായാലും റാലിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് ആര്‍ഡ്രന്‍ തന്‍റെ കടുംചുവപ്പ് നിറമുള്ള ലിപ്‍സ്റ്റിക്കുകള്‍ വിതരണം ചെയ്‍തു. വോട്ടവകാശത്തിനുവേണ്ടിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എിലസബത്ത് കാഡി സ്റ്റാന്‍റണ്‍, ഷാര്‍ലെറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എന്നിവര്‍ക്ക് ആ ലിപ്‍സ്റ്റിക്ക് അങ്ങിഷ്‍ടമായി. കാരണം വേറൊന്നുമായിരുന്നില്ല. അതിന്‍റെ പുരുഷന്മാരെ ഞെട്ടിക്കാനുള്ള കഴിവുതന്നെയായിരുന്നു പ്രധാനം. മാത്രവുമല്ല, ഈ കടുംനിറത്തിലുള്ള ലിപ്‍സ്റ്റിക് ധരിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെയും വിപ്ലവത്തിന്‍റെയും പ്രതീകമാണ് എന്നും അവര്‍ വിശ്വസിച്ചു.
വോട്ടവകാശം നേടിയെടുക്കാനുള്ള സ്ത്രീകളുടെ സമരത്തിന് ഈ കടുംചുവപ്പ് നിറത്തിലുള്ള ലിപ്‍സ്റ്റിക്കിനേക്കാള്‍ മികച്ച മറ്റൊരു സിംബലും അവര്‍ക്ക് കണ്ടെത്താനായില്ല. കാരണം 'അത് കരുത്തുറ്റതാണെന്ന് മാത്രമല്ല, അത് സ്ത്രീകളുടേതു കൂടിയായിരുന്നു' എന്നാണ് 'റെഡ് ലിപ്‍സ്റ്റിക്: ആന്‍ ഓഡ് ടു എ ബ്യൂട്ടി ഐക്കണ്‍' (Red Lipstick: An Ode to a Beauty Icon) എന്ന പുസ്‍തകത്തിന്‍റെ രചയിതാവായ റേച്ചല്‍ ഫെല്‍ഡര്‍ പറഞ്ഞത്. വനിതാ സമ്മതിദാനാവകാശ പ്രവർത്തകര്‍ സൂചിപ്പിക്കുന്നത് വെറും കരുത്തിനെയല്ല, സ്ത്രീകളുടെ കരുത്തിനെയാണ് എന്നും റേച്ചല്‍ പറയുന്നു.
വേശ്യകളാണോ ചുവന്ന ലിപ്‍സ്റ്റിക് അണിയുന്നത്? എതായാലും പലകാലത്തും ലിപ്‍സ്റ്റിക് പലതിന്‍റെയും സിംബലായി മാറി. പണ്ടുകാലത്ത് ഈജിപ്‍തില്‍ അത് ഉന്നതരായ സ്ത്രീകളുടെ സിംബലായിരുന്നുവെങ്കില്‍ പുരാതന ഗ്രീസില്‍ ചുവന്ന ലിപ്‍സ്റ്റിക്ക് അണിയുന്നവര്‍ ലൈംഗികത്തൊഴിലാളികളായിരിക്കും എന്നാണ് പറഞ്ഞുവന്നിരുന്നത്. ഹോളിവുഡ്ഡിലാകട്ടെ പണ്ടത് ഗ്ലാമറിന്‍റെ സിംബലും. ഏതായാലും ഈ ചുവന്ന ലിപ്‍സ്റ്റിക് വെറും ഒരു സൗന്ദര്യ വര്‍ധക ഉത്പന്നം എന്നതിലുപരി ആ കാലത്തെ സാംസ്‍കാരികവും സാമൂഹികവുമായ ജീവിതത്തെ ചുറ്റിപ്പറ്റിക്കൂടിയുള്ളതായിരുന്നു. ഇരുപതാം നൂറ്റാണ്ടുവരെ ലിപ്‍സ്റ്റിക് ഇത്ര പ്രശസ്‍തമായിരുന്നില്ല. അത്ര 'ശരി'യല്ലാത്ത സ്ത്രീകളാണ് ചുവന്ന ചുണ്ടുകളുമായി നടക്കുന്നത് എന്നാണ് അതിനുമുമ്പ് കരുതിപ്പോന്നിരുന്നത്. അപകർഷതാബോധം, ലൈംഗികത, ധാർമ്മികത എന്നിവയൊക്കെയായി ബന്ധപ്പെടുത്തിയായിരുന്നു ഇത്. ചുവപ്പിച്ച ചുണ്ടുകൾ പിശാചുമായി ഇടപഴകുന്നതിന്റെ അടയാളമായി കണ്ടിരുന്നു അന്നത്തെ സമൂഹം. ചുവന്ന ലിപ്‍സ്റ്റിക് ഉപയോഗിക്കുന്ന സ്ത്രീകളെ നിഗൂഢത പേറുന്നവരായിട്ടാണ് കണക്കാക്കിയിരുന്നത്.
എന്നാല്‍, റേച്ചലിന്‍റെ പുസ്‍തകം പറയുന്നതനുസരിച്ച് അമേരിക്കയിലെ വോട്ടവകാശത്തിനുവേണ്ടിയുള്ള സ്ത്രീകളുടെ സമരം ചുവന്ന നിറമുള്ള ലിപ്‍സ്റ്റിക് അങ്ങേറ്റെടുത്തുവെന്നാണ്. വൈകാതെ മറ്റ് രാജ്യങ്ങളും. യൂറോപ്പിലും ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലും എല്ലാം സ്ത്രീകളുടെ പ്രതിഷേധങ്ങളിലും യോഗങ്ങളിലും റാലികളിലുമെല്ലാം ചുവന്ന ലിപ്‍സ്റ്റിക് പ്രത്യക്ഷപ്പെട്ടു. ഏതായാലും ചുവന്ന ലിപ്‍സ്റ്റിക് ഇതോടെ ജനപ്രിയമായി. മാത്രവുമല്ല വളരെ പെട്ടെന്നാണ് ഇത് സാധാരണമായ ഒന്നായി മാറിയതെന്നും റേച്ചലെഴുതുന്നു. വനിതാ സമ്മതിദാനാവകാശ പ്രവര്‍ത്തകര്‍ ചുവന്ന ലിപ്‍സ്റ്റിക് ധരിച്ചുതുടങ്ങിയതോടെ അത് ശ്രദ്ധേയമായി. ലിപ്‍സ്റ്റിക് ധരിക്കുന്നു എന്നതിലുപരി ആധുനിക വനിത (modern women) എന്ന സങ്കല്‍പം കൂടി യൂറോപ്പിലും അമേരിക്കയിലുമുണ്ടായി.
ഹിറ്റ്ലറിനിഷ്‍മല്ലാത്ത ലിപ്‍സ്റ്റിക്: രണ്ടാം ലോകമഹായുദ്ധകാലത്താണ് അടുത്തതായി അവര്‍ ചുവന്ന ലിപ്‍സ്റ്റിക്കിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. ചുവന്ന ലിപ്‍സ്റ്റിക് ഉപയോഗിച്ചുകൊണ്ടുള്ള അവരുടെ രണ്ടാമത്തെ ശക്തമായ പ്രതിഷേധമായിരുന്നു അന്നുണ്ടായിരുന്നത്. അഡോള്‍ഫ് ഹിറ്റ്‍ലറിന് ചുവന്ന ലിപ്‍സ്റ്റിക് ഇഷ്‍ടമായിരുന്നില്ല. അയാളത് വെറുക്കുകയും ചെയ്‍തിരുന്നു. അതുകൊണ്ടുതന്നെ അനുബന്ധ രാജ്യങ്ങളിലാകട്ടെ ഇങ്ങനെ കടുംചുവപ്പ് ലിപ്‍സ്റ്റിക് അണിയുന്നത് രാജ്യസ്നേഹത്തിന്‍റെയും ഫാസിസത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെയും അടയാളമായി മാറി. ഒരുകാലത്ത് രാജ്യസ്നേഹത്തിന്‍റെ അടയാളമായിരുന്നു ലിപ്സ്റ്റിക് എന്നത് വിശ്വസിക്കാന്‍ പ്രയാസം തോന്നാം അല്ലേ? ഏതായാലും നികുതി ഏര്‍പ്പെടുത്തിത്തുടങ്ങിയതോടെ ലിപ്‍സ്റ്റിക് വിലയേറിയ ഒന്നായി മാറി യുകെയില്‍. വിലയേറിയ ലിപ്‍സ്റ്റിക് വാങ്ങാനാവാത്തവര്‍ ചുണ്ടിന് നിറം പകരാന്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉപയോഗിച്ചു തുടങ്ങി.
പുരുഷന്മാര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയി. ഫാക്ടറികളിലും മറ്റും ജോലി ചെയ്യാന്‍ പുരുഷന്മാരില്ലാതായി. എന്നാല്‍, സ്ത്രീകള്‍ മടിച്ചുനില്‍ക്കാതെ എല്ലാ ജോലിയും ഏറ്റെടുത്തു. ഫാക്ടറികളിലെ ജോലികളെല്ലാം അന്ന് ചെയ്‍തിരുന്നത് ഈ സ്ത്രീകളായിരുന്നു. യുദ്ധവും ഫാസിസവും നിര്‍മ്മിച്ച സംഘര്‍ഷങ്ങളുടെ കാലമായിരുന്നു അത്. അപ്പോഴും ലിപ്‍സ്റ്റിക് അണിഞ്ഞ ചുണ്ടുകളുമായിട്ടാണ് വനിതകള്‍ ജോലിസ്ഥലത്തേക്ക് പോയത്. ഏത് യുദ്ധത്തിനും ഫാസിസത്തിനും തങ്ങളെ തോല്‍പ്പിക്കാനാകില്ല എന്ന ഊര്‍ജ്ജസ്വലതയുടെ അടയാളമായിമാറി അന്ന് ലിപ്‍സ്റ്റിക്. അവരുടെ ഐഡന്‍റിറ്റിയെ അത് പ്രതിനിധീകരിച്ചു. ജെ. ഹൊവാര്‍ഡ് മില്ലര്‍ വരച്ച റോസി ദ റിവറ്റര്‍ എന്ന അമേരിക്കയിലെ വനിതാ ഫാക്ടറി തൊഴിലാളികളുടെ പ്രതീകമായ, അമേരിക്കന്‍ ഫെമിനിസത്തിന്‍റെ പ്രതീകമായ ചിത്രത്തിലെ ചുണ്ടുകള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. ചെറിപ്പഴത്തിന്‍റെ വര്‍ണ്ണത്തിലുള്ള ചുണ്ടായിരുന്നു അത്.
വനിതാ സൈനികര്‍ക്കും ലിപ്‍സ്റ്റിക്: 1941 -ല്‍ യുദ്ധസമയത്ത് യു എസ് ആര്‍മിയില്‍ ചേരുന്ന യുവതികള്‍ നിര്‍ബന്ധമായും ലിപ്‍സ്റ്റിക് ധരിച്ചിരിക്കണമെന്ന നിയമം വരെ വന്നു. ആ അവസരമേതായാലും നന്നായി ഭവിച്ചത് ലിപ്‍സ്റ്റിക് കമ്പനികള്‍ക്കാണ്. അവ ബിസിനസ് കൊഴുപ്പിച്ചു. എലിസബത്ത് ആര്‍ഡ്രന്‍ 'വിക്ടറി റെഡ്' എന്ന ലിപ്സ്റ്റിക് ഇറക്കിയപ്പോള്‍ ഹെലേന റുബന്‍സ്റ്റീന്‍ 'റെജിമെന്‍റല്‍ റെഡ്' എന്ന പേരിലാണ് ലിപ്‍സ്റ്റിക് ഇറക്കിയത്. ഏതായാലും ആര്‍ഡ്രനോടാണ് സര്‍ക്കാര്‍ സേനയിലെ സ്ത്രീകള്‍ക്കായി ലിപ്, നെയില്‍ കളര്‍ എന്നിവയെല്ലാം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അങ്ങനെ സൈനികരായ സ്ത്രീകളുടെ യൂണിഫോമിലെ പൈപ്പിങ്ങിനിണങ്ങിയ തരത്തിലുള്ളൊരു ചുവന്ന ലിപ്‍സ്റ്റിക് അവര്‍ ഇറക്കി.
അന്നത്തെ കാലത്ത് ചുവന്ന ലിപ്‍സ്റ്റിക് അണിഞ്ഞൊരു സ്ത്രീ എന്നത് ശക്തമായ ഫെമിനിസത്തെയും അവരുടെ കരുത്തിനെയും സ്വത്വത്തിലുള്ള വിശ്വാസത്തെയും സൂചിപ്പിച്ചിരുന്നു. ഏതായാലും യുദ്ധത്തിനുശേഷം ഹോളിവുഡ് നടിമാരായ എലിസബത്ത് ടയ്‍ലറെപ്പോലെയുള്ളവര്‍ ലിപ്‍സ്റ്റിക് ഉപയോഗിച്ചു തുടങ്ങി. അത് ഗ്ലാമറിനൊപ്പം ആത്മവിശ്വാസത്തെയും സൂചിപ്പിച്ചു.
ഇന്ന്, സ്ത്രീ ശാക്തീകരണത്തിനായുള്ള മറ്റ് പ്രതിഷേധ ചിഹ്നങ്ങൾ വ്യാപകമായി. പ്രത്യേകിച്ച് 2017 വനിതാ മാർച്ചിൽ ആധിപത്യം പുലർത്തിയ പിങ്ക് പുസി ഹാറ്റ്. പിങ്ക് നിറത്തിലുള്ള തൊപ്പിയായിരുന്നു അതില്‍ പ്രധാനം. എന്നിട്ടും ചുവന്ന ചുണ്ടുകൾക്ക് എപ്പോഴും അതിന്‍റേതായ പ്രാധാന്യമുണ്ട്.. 2015 -ലെ ഒരു വൈറൽ ചിത്രത്തിൽ, സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ ഒരു മാസിഡോണിയൻ സ്ത്രീ ഒരുദ്യോഗസ്ഥന്റെ പ്രതിഷേധക്കാരെ തടയാനുപയോഗിച്ച ഷീല്‍ഡ് കണ്ണാടിയാക്കി ലിപ്‍സ്റ്റിക്കെഴുതുന്നത് കാണാം. അവിടെയും സ്ത്രീയുടെ ചുവന്ന ചുണ്ടുകള്‍ കരുത്തിന്‍റെ പ്രതീകമായി.
2018 -ല്‍ നിക്കരാഗുവയിലെ സ്ത്രീകളും പുരുഷന്മാരും ചുവന്ന ലിപ്‍സ്റ്റിക്കുകള്‍ ധരിച്ച് ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. പിന്നീട് ഡിസംബറില്‍ ചിലിയില്‍ പതിനായിരത്തിലേറെ സ്ത്രീകളാണ് കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടി, ചുവന്ന സ്‍കാര്‍ഫും ചുവന്ന ലിപ്‍സ്റ്റിക്കും അണിഞ്ഞ് സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ചത്. വോട്ടവകാശത്തിനുവേണ്ടിയുള്ള സമരത്തില്‍ ഒരുകൂട്ടം സ്ത്രീകളണിഞ്ഞ ആ ചുവന്ന ലിപ്‍സ്റ്റിക്കിന് ഇന്നും പ്രാധാന്യം ചോര്‍ന്നിട്ടില്ലായെന്ന് വേണം മനസിലാക്കാന്‍.