കടലെടുക്കാനൊരുങ്ങിയ ദ്വീപിന് സംരക്ഷണ കവചവുമായി 'ചിപ്പികള്‍'
കടല്‍ക്ഷോഭത്തില്‍ തീരം നശിക്കുന്നതും തീരദേശനിവാസികളുടെ ജീവിതം താറുമാറാകുന്നതും സാധാരണ കാഴ്ചയാണ് ഇന്ന്. എന്നാല്‍ കടലെടുത്ത് പോയേക്കാമായിരുന്ന ഒരു ദ്വീപിന് പ്രതീക്ഷയുടെ പുതിയ കിരണമാണ് ഇക്കോ എന്‍ജിനിയറിംഗ് പരീക്ഷണത്തിലൂടെ ബംഗ്ലാദേശിലെ കുടുബ്ദിയ ദ്വീപിലുണ്ടായിട്ടുള്ളത്. ചിപ്പികള്‍ക്ക് സ്വാഭാവിക ആവാസ വ്യവസ്ഥയൊരുക്കി തീരം സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.
ബംഗ്ലാദേശിലെ ഏറ്റവും ദുര്‍ബലമേഖലയിലൊന്നായ കുടുബ്ദിയ ദ്വീപിന് സംരക്ഷണമൊരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ചിപ്പികള്‍. അതിവേഗം ഉയരുന്ന കടലില്‍ നിന്ന് ഈ ചെറുദ്വീപിന് സംരക്ഷണമൊരുക്കുന്നതില്‍ ചിപ്പികള്‍ നിര്‍ണായകമെന്നാണ് തെളിഞ്ഞിരിക്കുന്നത്. ബംഗ്ലാദേശിന്‍റെ തെക്കന്‍ മേഖലയിലാണ് കുടുബ്ദിയ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ നിമിത്തം ഈ ദ്വീപിനെ അതിവേഗമാണ് കടല്‍ കയ്യേറിക്കൊണ്ടിരുന്നത്. ദ്വീപിലെ നിവാസികളില്‍ കുറേപ്പേര്‍ നാടുപേക്ഷിച്ച് പോയി. എങ്കിലും സ്വന്തം ദ്വീപിനെ വിട്ടൊഴിയാന്‍ മനസ് കാണിക്കാതിരുന്ന നിരവധിപ്പേര്‍ ഇവിടെയുണ്ടായിരുന്നു. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സമുദ്രനിരപ്പ് ഉയർച്ച എന്നീ ഭീഷണികള്‍ നിരന്തരമായി നേരിടുന്ന മേഖലയാണ് ഈ ദ്വീപ്. ദ്വീപിലെ സ്ഥിതി മെച്ചപ്പെടുത്താനാവുമോയെന്ന ആലോചനകള്‍ക്കിടയിലാണ് 2012 ൽ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് ഷാ നവാസ് ചൗധരി ചിപ്പികള്‍ കൊണ്ടുള്ള ബ്രേക്ക് വാട്ടര്‍ സിസ്റ്റത്തിന്‍റെ സാധ്യതകള്‍ തേടിയത്.
തീരത്ത് എത്തുന്നതിനുമുമ്പ് തിരമാലകളെ ശാന്തമാക്കാന്‍ ചിപ്പികളെ നെതർലാൻഡിലും അമേരിക്കയിലെ ലൂസിയാനയിലും ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നാണ് ചിപ്പികളെ ഉപയോഗിച്ച് തീരസംരക്ഷണത്തിനുള്ള മാര്‍ഗം തേടിയത്. ഈ ലക്ഷ്യവുമായി ആറ് വർഷമാണ് മുഹമ്മദ് ഷാ നവാസ് ചൗധരി 27 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദ്വീപില്‍ താമസിച്ചത്. കോൺക്രീറ്റ് അണക്കെട്ടുകൾ അല്ലെങ്കിൽ ചാലുകൾ പോലുള്ള ഘടനാപരമായ ഇടപെടലുകളാണ് ബ്രേക്ക് വാട്ടര്‍ സിസ്റ്റത്തിനായി കാലങ്ങളായി ഉപയോഗിച്ച് വരുന്നത്. എന്നാൽ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ചതിനേക്കാൾ ശക്തമായ പ്രതിരോധം സൃഷ്ടിക്കാന്‍ ചിപ്പികള്‍ കൊണ്ടുള്ള സംവിധാനത്തിന് സാധിച്ചുവെന്നാണ് നിരീക്ഷണം.
വെള്ളത്തിൽ പോഷകങ്ങൾ അരിച്ചെടുക്കുന്നതിലും നിലനിർത്തുന്നതിലും മത്സ്യങ്ങൾക്ക് മുട്ടയിടുന്നതിനും പാർപ്പിടവും നൽകുന്നതിലും ചിപ്പികള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. മറ്റ് ജീവികള്‍ക്ക് ആവാസവ്യവസ്ഥ നൽകുന്നതിനൊപ്പം ചിപ്പികള്‍ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഇത് കടൽത്തീരത്തിന്റെ വളർച്ച വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുവെന്നാണ് നിരീക്ഷണം. ശക്തമായ തിരമാലകളാൽ നിരന്തരം അലയടിക്കുന്ന തീരത്തിന് മുത്തുച്ചിപ്പിക്ക് ആശ്വാസം നൽകാൻ കഴിയുമെന്ന് ചൗധരിയും പറയുന്നു.
ചിപ്പികൾ സ്വാഭാവികമായി രൂപംകൊള്ളുന്ന റീഫ് ഘടനയ്ക്ക് പിന്നിലുള്ള അവശിഷ്ടമാണ് പാറയാവുന്നത്. ഈ പാറകൾ നിങ്ങൾക്ക് കൂടുതൽ വിശാലമായ കടൽത്തീരവും തൽഫലമായി ശാന്തമായ വെള്ളവും നൽകുന്നുവെന്നും അദ്ദേഹം പറയുന്നു. കഠിനമായ കോൺക്രീറ്റ് അല്ല പ്രകൃതിയില്‍ നിന്നുള്ള എക്കോ എന്‍ജിനിയറിംഗ് പരിഹാരങ്ങളാണ് നമ്മുക്കിന്ന് വേണ്ടതെന്നും ഇദ്ദേഹം വിലയിരുത്തുന്നു. നെതർലാൻഡിലെ വാഗനിഗന്‍ സര്‍വ്വകലാശാലയുടെ സഹായത്തോടെയായിരുന്നു ഈ ചിപ്പി ബ്രേക്ക് വാട്ടര്‍ സിസ്റ്റം തയ്യാറായത്.
റീഫിന് ആവശ്യമായ നിരവധി അനുയോജ്യമായ സാഹചര്യങ്ങൾ ഈ പ്രദേശത്തുണ്ടായതാണ് ഈ സ്വാഭാവിക് ബ്രേക്ക് വാട്ടര്‍ സിസ്റ്റത്തിന് സഹായകരമായത്. ഉചിതമായ ജല താപനില, ജലപ്രവാഹത്തിന്റെ വേഗത, പിഎച്ച് അളവ്, ലവണാംശം, ലയിച്ച ഓക്സിജൻ എന്നിവ ചിപ്പിയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായിരുന്നു. കോണ്‍ക്രീറ്റില്‍ തീര്‍ത്ത വളയങ്ങളിലും മറ്റുമായി ചിപ്പികള്‍ അനായാസം വളര്‍ന്നു. ഭക്ഷണാവശ്യത്തിനായി ചിപ്പി ഉപയോഗിക്കാന്‍ സാധിക്കുന്നത് തീരദേശ നിവാസികള്‍ക്കും സഹായകരമായതായാണ് ബംഗ്ലാദേശില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള് വ്യക്തമാക്കുന്നത്.
കടല്‍ക്ഷോഭത്തില്‍ തീരം നശിക്കുന്നതും തീരദേശനിവാസികളുടെ ജീവിതം താറുമാറാകുന്നതും സാധാരണ കാഴ്ചയാണ് ഇന്ന്. എന്നാല്‍ കടലെടുത്ത് പോയേക്കാമായിരുന്ന ഒരു ദ്വീപിന് പ്രതീക്ഷയുടെ പുതിയ കിരണമാണ് ഇക്കോ എന്‍ജിനിയറിംഗ് പരീക്ഷണത്തിലൂടെ ബംഗ്ലാദേശിലെ കുടുബ്ദിയ ദ്വീപിലുണ്ടായിട്ടുള്ളത്.