വണ്ടി തടഞ്ഞു, തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി, അധ്യാപകനെ ബലമായി വിവാഹം കഴിപ്പിച്ചെന്ന് പരാതി, പക്വാഡ വിവാഹമോ?
യുവാക്കളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതിനെയാണ് 'പക്ക്വഡ വിവാഹങ്ങൾ' എന്ന് പറയുന്നത്.
അധ്യാപകനായ യുവാവിനെ തോക്ക് ചൂണ്ട് തട്ടിക്കൊണ്ടുപോയി യുവതിയെ വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലാണ് സംഭവം. അവ്നിഷ് കുമാർ എന്ന യുവാവിനെയാണ് ഒരുകൂട്ടമാളുകൾ തട്ടിക്കൊണ്ടുപോയത്. അടുത്തിടെയാണ് അവ്നിഷ് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായി ജോലിക്ക് കയറിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
'പക്ക്വഡ വിവാഹങ്ങൾ'
അതേസമയം, 'പക്ക്വഡ വിവാഹങ്ങൾ' എന്നറിയപ്പെടുന്ന നിർബന്ധിതവിവാഹത്തിന്റെ ഇരയാണ് യുവാവ് എന്നാണ് ഇവിടെ നിന്നും മാധ്യമങ്ങൾ എഴുതുന്നത്. നിയമവിരുദ്ധമാണെങ്കിലും ഇന്നും നിരവധി യുവാക്കൾ ബിഹാറിൽ ഇത്തരം വിവാഹങ്ങൾക്ക് ഇരകളായി മാറുന്നുണ്ട്.
യുവാക്കളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതിനെയാണ് 'പക്ക്വഡ വിവാഹങ്ങൾ' എന്ന് പറയുന്നത്. നിയമവിരുദ്ധമാണെങ്കിലും 2024 -ൽ തന്നെ 30 വർഷത്തിലെ ഏറ്റവുമധികം പക്ക്വഡ വിവാഹങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ പറയുന്നു. ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകര്‍ തുടങ്ങി അനേകം യുവാക്കളെയാണ് ഓരോ വര്‍ഷവും ഇവിടെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്നത്.
പ്രണയത്തിലായിരുന്നുവെന്ന് യുവതി
വെള്ളിയാഴ്ച, താൻ ജോലി ചെയ്യുന്ന സ്കൂളിലേക്ക് പോകവേയാണ് രണ്ട് സ്കോർപ്പിയോ യുവാവ് സഞ്ചരിച്ചിരുന്ന ഇ-റിക്ഷ തടഞ്ഞത്. പിന്നാലെ, അജ്ഞാതരായ ഒരുകൂട്ടമാളുകൾ വാഹനങ്ങളിൽ നിന്നിറങ്ങുകയും അവ്‌നിഷിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. അവിടെ നിന്നും അവ്നിഷിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പിന്നീട്, ഒരു പെൺകുട്ടിയെ നിർബന്ധമായി വിവാഹം കഴിപ്പിച്ചു.
ബിഹാറിലെ ബേഗുർസരായ് ജില്ലയിലെ രാജൗരയിലെ സുധാകർ റായിയുടെ മകനാണ് അവ്നിഷ് കുമാർ. അതേസമയം അവ്നിഷിന് വിവാഹം കഴിക്കേണ്ടി വന്ന പെൺകുട്ടി പറയുന്നത് താനും അയാളുമായി നാല് വർഷമായി പ്രണയത്തിലാണ് എന്നാണ്. തങ്ങൾ തമ്മിലുള്ള ബന്ധം ഔദ്യോഗികമായ വിവാഹത്തിലേക്കെത്തിക്കാൻ അവ്നിഷ് തയ്യാറായില്ല എന്നും ഗുഞ്ചൻ എന്ന യുവതി ആരോപിച്ചു.
പിന്നാലെയാണ് ഗുഞ്ചന്റെ ബന്ധുക്കൾ ഇയാളെ തട്ടിക്കൊണ്ടുപോയത് എന്നും പറയുന്നു. എന്നാൽ, വിവാഹം കഴിഞ്ഞതോടെ അവ്നിഷ് അവിടെ നിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. പിന്നാലെ ഗുഞ്ചനും വീട്ടുകാരും അവ്നിഷിന്റെ വീട്ടിലെത്തി. എന്നാൽ, ഗുഞ്ചനെ സ്വീകരിക്കാൻ യുവാവിന്റെ വീട്ടുകാർ തയ്യാറായില്ല.
ഒടുവിൽ അവർ പൊലീസ് സ്റ്റേഷനിൽ അവ്നിഷിനെതിരെ പരാതി നൽകി. അതേസമയം ഗുഞ്ചനുമായി പ്രണയത്തിലായിരുന്നില്ല എന്നും അവൾ തന്റെ പിന്നാലെ നടന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നു എന്നുമാണ് അവ്നിഷ് പറയുന്നത്. യുവാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.