Asianet News MalayalamAsianet News Malayalam

ലോക എയ്ഡ്സ് ദിനം 2023:'ഒന്നിച്ച് പൂജ്യത്തിലേക്കു'ള്ള യാത്രയെ 'സമൂഹങ്ങൾ' നയിക്കട്ടെ

2030 ആകുമ്പോൾ പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കേരളമാകട്ടെ ഇതേ ലക്ഷ്യം 2025-ൽ കൈവരിക്കാൻ ശ്രമം തുടങ്ങി. ഇതിനായി "ഒന്നായ് പൂജ്യത്തിലേക്ക്" എന്ന ക്യാമ്പയിൻ തുടങ്ങി.

World AIDS Day 2023 kerala aids control society
Author
First Published Dec 1, 2023, 8:58 AM IST

ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി 1988 മുതൽ ആചരിക്കുന്നതാണ്. എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിനും എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനാചരണം.
എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയിൽ 0.22 ആണെങ്കിൽ അത് കേരളത്തിൽ 0.06 ആണ്. തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറുന്നതും ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർദ്ധിച്ച തോതിൽ കേരളത്തിലേക്ക് കുടിയേറുന്നതും എച്ച്.ഐ.വി വ്യാപന സാധ്യത വർദ്ധിപ്പിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ആകുമ്പോൾ പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കേരളമാകട്ടെ ഇതേ ലക്ഷ്യം 2025-ൽ കൈവരിക്കാൻ ശ്രമം തുടങ്ങി. ഇതിനായി "ഒന്നായ് പൂജ്യത്തിലേക്ക്" എന്ന ക്യാമ്പയിൻ തുടങ്ങി.

World AIDS Day 2023 kerala aids control society

2025 ആകുമ്പോൾ '95:95:95' എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകൾ സമൂഹത്തിൽ ഉണ്ട്. രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95 ശതമാനം പേർക്കും എ.ആർ.ടി ചികിത്സ ലഭ്യമാക്കുക എന്നതാണ്. മൂന്നാമത്തെ 95 ഇവരിൽ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക (Viral load suppression) എന്നതാണ്.

സമൂഹങ്ങൾ നയിക്കട്ടെ (Let Communities Lead) എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. സമൂഹങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എച്ച്.ഐ.വി അണുബാധിതർ, എച്ച്.ഐ.വി അണുബാധയ്ക്ക് സാധ്യത കൂടിയ പാർശ്വവൽക്കരിക്കപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങളായ ലൈംഗിക തൊഴിലാളികൾ, സ്വവർഗരതിയിൽ ഏർപ്പെടുന്ന പുരുഷന്മാർ, ട്രാൻസ്ജെണ്ടറുകൾ തുടങ്ങിയവരാണ്. 
അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് വർണ്ണ, വർഗ്ഗ, ലിംഗ അസമത്വങ്ങൾ ഇല്ലാതാക്കിക്കൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കിയുമാണ്. അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താതെ അവർക്ക് ആവശ്യമായ പരിരക്ഷയും പരിഗണനയും നൽകുകയും സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുകയാണ് ലോക എയ്ഡ്സ് ദിനത്തിൽ ചെയ്യേണ്ടത്.

എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ സേവന കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കാം.

World AIDS Day 2023 kerala aids control society

ജ്യോതിസ് കേന്ദ്രങ്ങൾ (ഐ.സി.റ്റി.സി)

രക്തപരിശോധയയിലൂടെ മാത്രമേ എച്ച്.ഐ.വി അണുബാധ കണ്ടെത്താൻ സാധിക്കുകയുള്ളൂ. എച്ച്.ഐ.വിക്ക് എതിരെയുള്ള പ്രതിവസ്തു (antibody) രക്തത്തിൽ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. സാധാരണഗതിയിൽ ഈ പ്രതിവസ്തുവിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ രോഗാണു ശരീരത്തിൽ പ്രവേശിച്ചതു മുതൽ മൂന്നുമാസം വരെ സമയമെടുക്കും. ഈ കാലയളവിനെ ജാലകവേള (window period) എന്നു പറയുന്നു.
ആദ്യ പരിശോധയയിൽ എച്ച്.ഐ.വി അണുബാധയുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ രണ്ടു ടെസ്റ്റുകളും കൂടി ചെയ്തു നോക്കുകയും ഈ മൂന്ന് പരിശോധനകളുടെയും ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമേ ആ വ്യക്തി എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയുള്ളൂ. സംസ്ഥാനത്ത് 688 ജ്യോതിസ് കേന്ദ്രങ്ങൾ (ഐ.സി.റ്റി.സി) കൗൺസിലിംഗിനും പരിശോധനക്കുമായി പ്രവർത്തിക്കുന്നു. അതിൽ സർക്കാർ ആശുപത്രികളിൽ 150 എണ്ണം (2 മൊബൈൽ ഐ.സി.റ്റി.സി ഉൾപ്പടെ) കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും 538 എണ്ണം സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടു കൂടിയും 90 എണ്ണം സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നു.  ഇതുകൂടാതെ 64 സുരക്ഷ പ്രോജക്ടുകൾ വഴി Community-based screening നടത്തുന്നുണ്ട്. ഇവിടെ എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സൗജന്യമായി നൽകുകയും പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എച്ച്.ഐ.വി അണുബാധയുണ്ടെന്നു കണ്ടെത്തിയാൽ അവരെ കൂടുതൽ ചികിത്സക്കും മറ്റു സേവനങ്ങൾക്കും വേണ്ടി എ.ആർ.ടി കേന്ദ്രങ്ങളിലേക്ക് അയക്കും.

ഉഷസ് കേന്ദ്രങ്ങൾ (എ.ആർ.ടി)

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസർഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലുമായി 15 ഉഷസ് കേന്ദ്രങ്ങൾ (എ.ആർ.ടി) പ്രവർത്തിക്കുന്നുണ്ട്.  ഇതുകൂടാതെ പത്തനംതിട്ട, മലപ്പുറത്തെ തിരൂർ, മഞ്ചേരി, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയിലെ പൈനാവ്, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ/ജനറൽ ആശുപത്രികളിലും നെയ്യാറ്റിൻകര, കൊട്ടാരക്കര, പീരുമേട്, പുനലൂർ താലൂക്ക് ആശുപത്രികളിലും, ലിങ്ക് എ.ആർ.ടി സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.  ഇതുവരെയുള്ള കണക്കനുസരിച്ച് 28,057 എച്ച്.ഐ.വി അണുബാധിതരാണ് ഉഷസ് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ എ.ആർ.ടി ചികിത്സയിലുള്ളത് 16,295 പേരാണ്.

കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സി.എസ്.സി)

എ.ആർ.ടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്.ഐ.വി അണുബാധിതർക്ക് ആവശ്യമായ തുടർ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ കൂട്ടായ്മകളിലൂടെ സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട്, കാസർഗോഡ് എന്നീ ഏഴു ജില്ലകളിൽ കെയർ സപ്പോർട്ട് കേന്ദ്രങ്ങൾ (സി.എസ്.സി) 2021 ഒക്ടോബർ ഒന്ന് മുതൽ നാഷണൽ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷന്റെ മാർഗ്ഗനിർദ്ദേശത്തോടു കൂടി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.

പുലരി കേന്ദ്രങ്ങൾ (എസ്.റ്റി.ഐ)

പുലരി കേന്ദ്രത്തിലൂടെ (എസ്.റ്റി.ഐ) ലൈംഗികജന്യ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു.  സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും, സർക്കാർ മെഡിക്കൽ കോളേജുകളിലുമായി 23 പുലരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ലക്ഷ്യാധിഷ്ഠിത ഇടപെടൽ കേന്ദ്രങ്ങൾ (ടി.ഐ)

കേരളത്തിലെ 14 ജില്ലകളിലായി എച്ച്.ഐ.വി അണുബാധാ സാധ്യത കൂടുതലുള്ള ലക്ഷ്യ വിഭാഗങ്ങൾക്കിടയിൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾക്കായി 64 സുരക്ഷാ പദ്ധതികൾ (ടി.ഐ) പ്രവർത്തിച്ചു വരുന്നു.  ലക്ഷ്യ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ സ്ത്രീലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, മയക്കു മരുന്നു കുത്തിവെക്കുന്നവർ, ട്രാൻസ്ജെൻഡർ, അതിഥിതൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ എന്നിവരാണ്.  Community-based organisations, സന്നദ്ധസംഘടനകൾ, സമൂഹാധിഷ്ഠിത സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെയാണ് സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നത്.  സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്കുമരുന്ന് കുത്തിവെപ്പിലൂടെ സ്വീകരിക്കുന്നവരുടെ ഇടയിൽ കുത്തിവെപ്പുകൾ എന്നിവയിലൂടെ വരാൻ സാധ്യതയുള്ള അണുബാധകൾ തടയുന്നതിനായി ഉറകളുടെയും (കോണ്ടം), സൂചി, സിറിഞ്ച് എന്നിവയുടെയും വിതരണം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നു.  മയക്കുമരുന്ന് കുത്തിവെക്കുന്നവരിൽ അപകട സാധ്യത കുറക്കുന്നതിനും ആസക്തി ചികിത്സിക്കുന്നതിനും അനുയോജ്യമായ Opioid Substitution Therapy - OST 11 കേന്ദ്രങ്ങൾ വഴി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.

ബോധവത്കരണ വിഭാഗം (ഐ.ഇ.സി)

എച്ച്.ഐ.വി പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ബോധവത്കരണമാണ്.  ഇതിനായി കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വിവിധ മാധ്യമങ്ങളുടെ സഹായത്തോടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ഇത് കൂടാതെ കോളേജുകളിൽ പ്രവർത്തിക്കുന്ന റെഡ് റിബൺ ക്ലബുകൾ വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വിയെക്കുറിച്ചും ലൈംഗികരോഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നുണ്ട്. ജീവിതനൈപുണ്യം കൈവരിക്കുന്നതിനും എച്ച്.ഐ.വി നിയന്ത്രണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും കോളേജ് വിദ്യാർത്ഥികളെ സഹായിക്കുന്ന പ്രവർത്തനങ്ങളാണ് റെഡ് റിബൺ ക്ലബുകൾ നടത്തിവരുന്നത്.

എച്ച്.ഐ.വി & എയ്ഡ്സ് (തടയലും നിയന്ത്രണവും) നിയമം 2017 നിലവിൽ വന്നിട്ടുണ്ട്.  ഇതു പ്രകാരം എച്ച്.ഐ.വി ബാധിച്ച ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നത് ഉറപ്പു നൽകുന്നു. കോടതി ഉത്തരവ് ഉണ്ടെങ്കിലോ ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനോ ഒഴികെയുള്ള സാഹചര്യങ്ങളിൽ ഒരാളും എച്ച്.ഐ.വി ബാധിതരുടെ സ്റ്റാറ്റസോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ പുറത്തു പറയുവാൻ പാടുള്ളതല്ല.

എച്ച്.ഐ.വി പരിശോധനയോ, ഗവേഷണമോ അതത് വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ നടത്തുകയില്ലെന്ന് ഈ നിയമം ഉറപ്പുവരുത്തുന്നു. അതുപോലെ എച്ച്.ഐ.വി പരിശോധനക്ക് മുൻപും ശേഷവും കൗൺസിലിംഗിനുമുള്ള അവസരം ഉണ്ടായിരിക്കണം.  എച്ച്.ഐ.വി ബാധിതരായിട്ടുള്ള വ്യക്തികൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ വെറുപ്പോ കാണിക്കുന്നത് ഈ നിയമം തടയുന്നു. 

ആശുപത്രികൾ, ഓഫീസുകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വിവേചനം കാണിക്കുന്നതും ഈ നിയമം തടയുന്നു. തൊഴിലിടങ്ങളിൽ വെച്ച് എച്ച്.ഐ.വി അണുബാധ ഉണ്ടാകുന്നത് തടയാൻ സുരക്ഷിതമായ ഒരു തൊഴിലിടം സൃഷ്ടിക്കുന്നതിന് പോസ്റ്റ് എക്സ്പോഷർ പ്രോഫിലാക്സിനുള്ള സഹായം, കരുതലെടുക്കുവാനും എച്ച്.ഐ.വിയിൽ നിന്ന് സ്വയം സംരക്ഷണം നേടാനുള്ള പൂർണ്ണ വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്.

ഈ നിയമത്തിന്റെ ലംഘനം ഇത് നൽകുന്ന ആരോഗ്യ സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ (വിജിലൻസ്) ഓംബുഡ്സ്മാനായി നിയമിച്ചിരിക്കുന്നു. അതുപോലെ 100 അല്ലെങ്കിൽ അതിലും അധികം ജീവനക്കാരുള്ള ഏതു സ്ഥാപനവും 20 അല്ലെങ്കിൽ അതിലും അധികം ജീവനക്കാരുള്ള ആരോഗ്യ പരിപാലന സ്ഥാപനവും പരാതി പരിഹാരത്തിനായി ഒരു കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും വേണം.  നിയമലംഘനങ്ങൾ ഉണ്ടായാൽ മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ ജയിൽ വാസമോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷ ലഭിക്കും.

എച്ച്.ഐ.വി അണുബാധിതർക്കായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികൾ 

1. പ്രതിമാസ ചികിത്സാ ധനസഹായ പദ്ധതി: എ.ആർ.ടി ചികിത്സ എടുക്കുന്ന എച്ച്.ഐ.വി അണുബാധിതർക്ക് പ്രതിമാസം 1000 രൂപ വീതം നൽകി വരുന്നു.
2. പോഷകാഹാര വിതരണ പദ്ധതി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജില്ലാ പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിച്ച് ജില്ലാതല നെറ്റ് വർക്കുകൾ മുഖേന പോഷകാഹാര വിതരണം നടത്തുന്നു. 4500 കുടുംബങ്ങൾ ഗുണഭോക്താക്കളായിട്ടുണ്ട്.
3.  എച്ച്.ഐ.വി അണുബാധിത കുടുംബങ്ങള ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുത്തി കൊണ്ടു ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതുണ്ട്.
4.  എച്ച്.ഐ.വി അണുബാധിതരായ കുട്ടികളെ സ്നേഹപൂർവ്വം സ്ക്കോളർഷിപ്പ് വിദ്യാഭ്യാസ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
5.  എച്ച്.ഐ.വി അണുബാധിതരെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
6.  എച്ച്.ഐ.വി അണുബാധിതരായ സ്ത്രീകൾക്ക് സൗജന്യ പാപ്സ്മിയർ പരിശോധന
7.  ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി ഉള്ള അണുബാധിതർക്ക് ഭവനം ലഭ്യമാക്കി വരുന്നു. 

ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയോടൊപ്പം പ്രവർത്തിക്കുന്നു. എച്ച്.ഐ.വി പോലെയുള്ള അണുബാധകൾ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഈ സാഹചര്യത്തിൽ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. സംസ്ഥാനത്ത് 190 അംഗീകൃത രക്തബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 42 എണ്ണം സർക്കാർ മേഖലയിലും, ബാക്കിയുള്ളവ സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലുമായി പ്രവർത്തിക്കുന്നു. പ്രതിവർഷം ശരാശരി 6.5 ലക്ഷം യൂണിറ്റ് രക്തം നമ്മുടെ സംസ്ഥാനത്ത് ആവശ്യമായി വരുന്നു.  ഇത് 100% സന്നദ്ധരക്തദാനത്തിലൂടെ സാധ്യമാക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പുതിയ എച്ച്.ഐ.വി അണുബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. എങ്കിലും നിലവിൽ ഒരു മാസം ശരാശരി 100 പുതിയ എച്ച്.ഐ.വി ബാധിതർ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു. അതിനാൽ സമഗ്രമായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യ സംരക്ഷണ അവകാശം ഉറപ്പാക്കിക്കൊണ്ട് എച്ച്.ഐ.വി അണുബാധ കേരളത്തിൽ നിന്നു തന്നെ തുടച്ചു നീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമിക്കണമെന്നതിനാണ് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ലക്ഷ്യമിടുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios