Asianet News MalayalamAsianet News Malayalam

Indian Rebellion of 1857 : വെറും 'ശിപായി ലഹള'യല്ല സായിപ്പേ, ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം!

Indian Rebellion of 1857 : ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം. 1857-ലെ സമര പരമ്പരകളെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ  മഹത്തായ വിപ്ലവം തന്നെയായാണ് കണക്കാക്കുന്നത്. അന്ന് ഇന്ത്യ ഭരിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തെ കിടിലം കൊള്ളിച്ച ചരിത്രപരമായ പോരാട്ടമായി അത് രേഖപ്പെട്ടുത്തപ്പെട്ടു

Indian Rebellion of 1857
Author
India, First Published Mar 24, 2022, 1:47 PM IST

ന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം( Indian Rebellion of 1857). 1857-ലെ സമര പരമ്പരകളെ ഇന്ത്യൻ സ്വാതന്ത്ര്യ (Indian Independence)  ചരിത്രത്തിലെ  മഹത്തായ വിപ്ലവം തന്നെയായാണ് കണക്കാക്കുന്നത്. അന്ന് ഇന്ത്യ ഭരിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തെ കിടിലം കൊള്ളിച്ച ചരിത്രപരമായ പോരാട്ടമായി അത് രേഖപ്പെട്ടുത്തപ്പെട്ടു. ബ്രിട്ടീഷുകാർ  'ശിപായി ലഹള' എന്നു വിളിച്ചു, എന്നാൽ  ഇന്ത്യൻ ചരിത്രകാരന്മാർ എന്നും ഇതിനെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്ന് ഉറപ്പിച്ചു വിശേഷിപ്പിച്ചു. ഈ  കലാപം ഒരു ചവിട്ടുപടിയായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ നിലനിൽക്കുന്ന അസംതൃപ്തിയുടെയും  കോപത്തിന്റെയും, നീരസത്തിന്റെയും പ്രാഥമിക പൊട്ടിത്തെറിയായി അത് രൂപാന്തരപ്പെടുകയായിരുന്നു.

ബംഗാളിലെ ബാരാക്പൂരിലെ ചെറിയ പട്ടാള ക്യാമ്പിൽ നിന്ന് കലാപം കത്തിപ്പടർന്നു എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടീഷുകാർ ഇറക്കുമതി ചെയ്ത തോക്കിന്റെ തിര കാളയുടെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയിട്ടുള്ള കടലാസ് കൊണ്ട് പൊതിഞ്ഞതാണ് എന്നൊരു വാർത്ത പരന്നു. ഈ കവർ കടിച്ചു മുറിച്ചശേഷം വേണമായിരുന്നു തിര തോക്കിൽ നിറയ്ക്കാൻ. ഇത് മുസ്ലിങ്ങൾക്കും ഹൈന്ദവർക്കും ഇടയിൽ വലിയ എതിർപ്പിന് വഴിവച്ചു. അങ്ങനെ അതൊരു കലാപമായി, ചരിത്രപരമായ പോരാട്ടമായി എന്ന് ചുരുക്കി പറയാം.  കലാപം പടയാളികൾ ആരംഭിക്കുകയും പിന്നീട് കർഷകർ, കരകൗശല - തൊഴിലാളികൾ മുതലായവ രാജ്യത്തുടനീളം വ്യാപിക്കുകയും ചെയ്തു. സൈനികർ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്യുകയും മറ്റുള്ളവർക്കുവേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്തു.  ഈ കലാപത്തിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുചേർന്ന് ഒരറ്റ ലക്ഷ്യത്തിനായി പോരാടി.

കലാപത്തിന്റെ ഭാവം

1857 ലെ കലാപം ശിപായികളുടെ കലാപമായി ആരംഭിച്ചെങ്കിലും ഒടുവിൽ - ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു. വിഡി സവർക്കർ ആണ് വിപ്ലവത്തെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഒന്നാം യുദ്ധം എന്ന് വിശേഷിപ്പിച്ചത്. 'മതങ്ങൾക്കായുള്ള പോരാട്ടമായി തുടങ്ങിയെങ്കിലും സ്വാതന്ത്യത്തിന്റെ യുദ്ധമായി അവസാനിച്ചു' എന്നാണ് ഡോ. എസ്എൻ. സെൻ  പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. അതേസമയം. ചില ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഇതൊരുരു കർഷക ശിപായി കലാപം മാത്രമാണ്.

തെളിച്ചമുള്ള  കാരണങ്ങൾ

ബ്രിട്ടീഷുകാരുടെ  തുടർച്ചയായ പ്രാദേശിക ഭൂമി ചൂഷണം, ബ്രിട്ടീഷ്  വിശ്വാസം ഇന്ത്യക്കാരുടെ മേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരുന്ന സംഭവങ്ങൾ, ഇതൊക്കെ തന്നെയായിരുന്നു അസംതൃപ്തിയും നീരസവും നിറച്ച മനുഷ്യക്കൂട്ടത്തിന്റെ സമരത്തിലേക്ക്  നയിച്ചത്. വിശ്വാസവും മതവികാരവും നഷ്ടപ്പെടുമെന്ന് ഭീഷണി അവരെ അസംതൃപ്തരായ കൂട്ടായ്മയാക്കി മാറ്റി.  കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന, ശിപായികൾ എന്ന് വിളിച്ചിരുന്ന ഇന്ത്യൻ പട്ടാളക്കാരെ മൃഗങ്ങളെപ്പോലെ  ബ്രിട്ടീഷുകാർ കണ്ടു പോന്നു. 'തിര'യിലെ വിശ്വാസ നിഷേധ  ആരോപണത്തിൽ മംഗൽപാണ്ഡെ എന്ന ബംഗാളി യുവാവിന്റെ നേതൃത്വത്തിൽ ശിപായിമാർ പ്രതിഷേധിച്ചു. പാണ്ഡെ ഒരു ബ്രിട്ടീഷുകാരനെ വെടിവച്ചു കൊന്നു. മംഗൾ പാണ്ഡെയെ പിടികൂടിയ പട്ടാളം വിചാരണയ്ക്കു ശേഷം തൂക്കിക്കൊന്നു. 1857 ഏപ്രിൽ എട്ടിനായിരുന്നു ഈ സംഭവം.

ഒത്തൊരുമിച്ച പടയോട്ടം

തുടർന്നും മൃഗക്കൊഴുപ്പ്‌ പുരട്ടിയ തിരയടങ്ങിയ തോക്ക്  തൊടാന്‍ പോലും ശിപായിമാർ തയാറായില്ല. അവരെയൊക്കെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ഇതോടെ മറ്റ് ശിപായികള്‍ ഒരുമിച്ച്‌  തടവറ തകര്‍ത്ത്‌ കൂട്ടുകാരെ മോചിപ്പിച്ചു. വെളളക്കാരുടെ ബംഗ്ലാവുകള്‍ ചുട്ടെരിച്ചു. കണ്ണില്‍ കണ്ട ഇംഗ്ലീഷുകാരെയെല്ലാം വധിച്ചു.  തുടര്‍ന്ന്‌ ശിപായികള്‍ ദില്ലി ലക്ഷ്യമാക്കി നീങ്ങി. അവരുടെ കൂടെ ബ്രിട്ടീഷ്  ഭരണം കൊണ്ട്‌ പൊറുതിമുട്ടിയ സാധാരണക്കാരും ജന്മിമാരും സിംഹാസനം നഷ്ടപ്പെട്ട രാജാക്കന്മാര്‍ വരെ കൂട്ടുകാരായി. കയ്യിൽ കിട്ടിയവയെല്ലാം അവര്‍ക്ക്‌ ആയുധമായി. ദില്ലിയിൽ  അവർ  ചെങ്കോട്ട കീഴടക്കി. കോട്ടയ്ക്കകത്തെ ഇരുട്ടറ ബന്ധനസ്ഥനായിരുന്ന മുഗള്‍ രാജാവ് ബഹദൂര്‍ഷായെ അവര്‍ കണ്ടെത്തി. ഭരണം ഏറ്റെടുക്കാൻ  ഏറ്റെടുക്കാന്‍ അദ്ദേഹത്തോട്‌ അഭ്യര്‍ഥിച്ചു. എന്നാല്‍, താന്‍ അശക്തനാണെന്നായിരുന്നു ബഹദൂര്‍ഷായുടെ മറുപടി. എങ്കിലും ആ നഗരം അവർ പിടിച്ചെടുത്തു.

കലാപ നേതൃത്വം

ദില്ലിയിൽ  പ്രതീകാത്മക നേതൃത്വം മുഗൾ ചക്രവർത്തിയായ ബഹദൂർ ഷായുടെതായിരുന്നു, എങ്കിൽ മറ്റൊരിടത്ത് യഥാർത്ഥ കമാൻഡ് നയിച്ചത് ജനറൽ ഭക്ത് ഖാൻ ആയിരുന്നു. വിവിധയിടങ്ങൾ വിവിധ നേതാക്കൾ. നാനാ സാഹിബ്, തന്തിയ ടോപ്പ്, അസിമുല്ല ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് കാൺപുരിൽ കലാപം  ഉയർന്നുവന്നത്.  സ്റ്റേഷൻ കമാൻഡർ സർ ഹ്യൂ വീലർ പക്ഷെ കീഴടങ്ങുകയാണ് ഉണ്ടായത്.  ബീഗം ഹസ്രത്ത് മഹൽ  ലക്നൗവിന്റെ ഭരണം ഏറ്റെടുത്തു, അവരുടെ മകൻ ബിർജിസ് ഖാദറിനെ നവാബായി പ്രഖ്യാപിക്കുകയുമുണ്ടായി. ബ്രിട്ടീഷ് താമസക്കാരനായ ഹെൻറി ലോറൻസ് കൊല്ലപ്പെട്ടു. ശേഷിക്കുന്ന യൂറോപ്യന്മാരെ പുതിയ കമാൻഡർ ഇൻ ചീഫ് സർ കോളിൻ കാംപ്ബെൽ ഒഴിപ്പിച്ചു.  ബിഹാറിലെ ബറേലിയിൽ, ഖാൻ ബഹാദൂരിൽ, കുൻവർ സിംഗ്, ജഗദീഷൂരിലെ ജമീന്ദർ, ഫൈസാബാദിലെ മൗലവി അഹ്മദുള്ള തുടങ്ങിയവർ അവരവരുടെ ഇടങ്ങളിൽ  കലാപത്തിന് നേതൃത്വം നൽകി.  കലാപത്തിന്റെ ഏറ്റവും മികച്ച നേതാവായി അറിയുന്ന റാണി ലക്ഷ്മിഭായി ത്സാൻസിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പോരാട്ടത്തിനൊടുവിൽ വീരമൃത്യവും.  മരിച്ചുവീഴും വരെ ബ്രിട്ടിഷുകാർ തിരിച്ചറിയാതെ പോയ  റാണിയെന്ന പെൺകരുത്തിന്റെ, കഥ ബ്രിട്ടീഷുകാർ പോലും തിരസ്കരിക്കാത്ത യാഥാർത്ഥ്യമായി തുടരുന്നു.  ഇക്കൂട്ടത്തിൽ പേരറിയപ്പെടാത്ത ആയിരങ്ങളും ഇവർക്ക് കൂട്ടിനുണ്ടായിരന്നു.

ബ്രിട്ടീഷുകാർ ഈ  കലാപത്തെ ഏറെ ഭയപ്പെട്ടു തുടങ്ങിയിരുന്നു. അവരുടെ ഭരണത്തിന് ഗുരുതരമായ ഭീഷണിയായി കലാപം രൂപം കൊണ്ടുവെന്ന് അവർ കണക്കാക്കി,

പേടിച്ച് നയംമാറ്റം, കലാപം  മറികടന്ന് 'ഇംഗ്ലീഷ്'

ബ്രിട്ടീഷുകാർ ഈ  കലാപത്തെ ഏറെ ഭയപ്പെട്ടു തുടങ്ങിയിരുന്നു. അവരുടെ ഭരണത്തിന് ഗുരുതരമായ ഭീഷണിയായി കലാപം രൂപം കൊണ്ടുവെന്ന് അവർ കണക്കാക്കി, കലാപത്തെ മറികടക്കാൻ അവരുടെ നയങ്ങളിൽ ഗണ്യമായ മാറ്റം വരുത്തുകായിയിരുന്നു ബ്രിട്ടീഷുകാരുടെ വഴി. ആ വഴിയിൽ അവർക്ക് വിജയം കണ്ടെത്താനും കഴിഞ്ഞു. 1857 സെപ്റ്റംബർ 20 ന് ബ്രിട്ടീഷുകാർ ദില്ലി പിടിച്ചെടുത്തു. ഉപരോധത്തിന്റെ നേതാവായിരുന്നു ജോൺ നിക്കോൾസൺ, പരിക്കുകളുടെ പിയിലായി. അങ്ങനെ ഒരു വർഷത്തിലധികം നീണ്ടുനിന്ന  ചിരിത്രപരമായ കലാപം 1858-ഓടുകൂടി അടിച്ചമർത്തപ്പെട്ടു. 1858- ജൂലൈ എട്ടോടെ കാനിങ് പ്രഭു സമാധാനം പ്രഖ്യാപിച്ചു.  ബഹദൂർ ഷായെ തടവുകാരനാക്കി റങ്കൂണിലേക്ക് നാടുകടത്തി, അവിടെവച്ച് അദ്ദേഹം 1862-ൽ മരിച്ചു. രാജകുമാരന്മാരെ ലഫ്റ്റനന്റ് ഹഡ്ഡൺ പരസ്യമായി വെടിവെച്ചു.  ദില്ലി കലാപവും പോരാട്ട വിജയവും  പതനം കണ്ടതോടെ പ്രാദേശിക കലാപങ്ങൾ ഒന്നൊന്നായി അടിച്ചമർത്തപ്പെട്ടു. സർ കോളിൻ കാംപ്ബൈൽ കാൺപൂരും ലക്നൗവും തിരിച്ചുപിടിച്ചു. ബനാറസിൽ, ഒരു കലാപം കേണൽ നീൽ നിഷ്കരുണം അടിച്ചമർത്തി.

പരിമിതികൾ വഴിതെളിച്ച പരാജയം

കൃത്യമായൊരു നേതാവില്ലാതെ പോയി ഈയൊരു പോരാട്ടത്തിൽ.  ബഹദൂർ ഷാ വൃദ്ധനും ദുർബലനുമായിരുന്നു, അതിനാൽ കലാപത്തിനും ശേഷവും നേതൃത്വം നൽകാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ മിക്ക ഭാഗങ്ങളും കലാപത്തിന്റെ അലയൊലികൾ  ഏറിയും കുറഞ്ഞും ബാധിക്കപ്പെടാതെ തുടർന്നു. പരിമിതമായ പ്രദേശിക വ്യാപനം മാത്രമായി ചുരുങ്ങി ഈ തേരോട്ടം.  ഒപ്പം ഒറ്റുകാരും, കാലുവാരികളും ഇരുണ്ട ചരിത്രം തീർത്തതും പരാജയവേഗം കൂട്ടി.  പലയിടങ്ങളിലും വലിയ ജമീന്ദാർമാരടക്കം ബ്രിട്ടീഷുകാരെ പിന്തുണച്ചു. കലാപത്തിൽ നിന്ന് പിന്നോട്ടു നിന്ന ശിപായികൾ, ആധുനിക വിദ്യാസമ്പന്നരുടെ  വിമുഖത തുടങ്ങി  കേന്ദ്ര നേതൃത്വമോ ഏകോപനമോ ഇല്ലാതെ കലാപം മോശമായി സംഘടിപ്പിക്കപ്പെടുകയായിരുന്നു. കലാപത്തിന് ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു, ഇങ്ങനെയൊക്കെയെങ്കിലും  - കലാപത്തിന്റെ ഓർമ്മകൾക്ക് ബ്രിട്ടീഷുകാരുടെയും ഇന്ത്യൻ പ്രജകളുടെയും ബോധത്തിൽ ആഴത്തിലുള്ള മതിപ്പുണ്ടാക്കാൻ സാധിച്ചു. ബ്രിട്ടീഷുകർക്ക് അതൊരു തിരിച്ചറിവും ആയിരുന്നു.   ബ്രിട്ടീഷുകാർ 'ശിപായി കലാപം' എന്ന് ചെറുതാക്കി ചാപ്പയടിച്ചെങ്കിലും, ഇന്ത്യൻ ചരിത്രം അതിനെ ജീവിക്കുന്ന ഓർമകളിലൂടെ 'ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരമായി മഹത്വവൽക്കരിച്ചു.

Follow Us:
Download App:
  • android
  • ios