മുംബൈ: സ്വർണം മോഷണം പോകുന്നത് കേട്ടിട്ടുണ്ട്. രാജ്യത്ത് ഇപ്പോൾ കൊള്ളയടിക്കാൻ ഡിമാൻഡ് പണത്തിനോ സ്വർണത്തിനോ വജ്രത്തിനോ ഒന്നുമല്ല. ഉള്ളിയ്ക്കാണ് ഡിമാൻഡ്, ഉള്ളിയ്ക്ക്!

തമിഴ്‍നാട്ടിൽ നിന്ന് ഒരു കർഷകന്‍റെ പക്കൽ നിന്ന് 60 കിലോ ഉള്ളി മോഷണം പോയതിന് പിന്നാലെയാണ് മുംബൈയിലെ പ്രശസ്തമായ പച്ചക്കറിച്ചന്തകളിലൊന്നായ ഡോംഗ്രി മാർക്കറ്റിൽ നിന്ന് ഉള്ളി മോഷണം പോയത്. ചില്ലറയായിരുന്നില്ല മോഷണം. രണ്ട് കടകളിൽ നിന്നായി കിലോക്കണക്കിന് ഉള്ളിയാണ് കാണാതായത്. പൊലീസെത്തി കണക്ക് കൂട്ടി നോക്കിയപ്പോൾ ആകെ 168 കിലോ ഉള്ളി പോയി. മാർക്കറ്റിലിപ്പോൾ വില 21,160.

ഡോംഗ്രിയിൽ അടുത്തടുത്ത് ഉള്ളിവിൽപന നടത്തിയിരുന്നവരാണ് അക്ബർ ഷെയ്ഖും ഇർഫാൻ ഷെയ്ഖും. ഞായറാഴ്ച രാവിലെ ഇരുവരും വന്ന് കട തുറന്ന് നോക്കിയപ്പോൾ ഒരു വശത്ത് വലിയ ചാക്കുകളിലാക്കി വച്ച പുതിയ സ്റ്റോക്ക് ഉള്ളി മുഴുവൻ കാലി. കാണാനില്ല. 112 കിലോ ഉള്ളിയാണ് അക്ബറിന്‍റെ പക്കലുണ്ടായിരുന്നത്. ഇർഫാന്‍റെ പക്കലുണ്ടായിരുന്നത് 56 കിലോയും. 

പലയിടത്തും തെരഞ്ഞു. ഫലമുണ്ടാകാതായപ്പോൾ, അക്ബറും ഇർഫാനും ഡോംഗ്രി പൊലീസിൽ പരാതി നൽകി. അജ്ഞാതർക്കെതിരെ മോഷണക്കുറ്റവും റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. 

ഞാൻ മാത്രമല്ല, അവരുമുണ്ട് സാറേ!

പ്രദേശത്ത് അരിച്ചുപെറുക്കി അന്വേഷണം നടത്തിയ പൊലീസ്, മാർക്കറ്റിലുള്ള എല്ലാ കടകളിലെയും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചു. ഇതോടെയാണ് കള്ളൻമാർ വെളിച്ചത്തായത്. ഡോംഗ്രിക്ക് അടുത്ത് തന്നെ താമസിക്കുന്ന സബീർ ഷെയ്ഖിന്‍റെ ദൃശ്യങ്ങൾ വ്യക്തമായി കിട്ടി. പിടികൂടി ചോദ്യം ചെയ്തപ്പോൾ കൂട്ടാളികളുടെ പേര് കൂടി വെളിപ്പെടുത്തി സബീർ ഷെയ്ഖ്. 

ഇമ്രാൻ ഷെയ്ഖ്, സാബിർ എന്നിവരും മോഷണത്തിന് സഹായിച്ചെന്നും, അല്ലെങ്കിൽ ഇത്ര ചാക്ക് ഉള്ളി ഞാനെങ്ങനെ ഒറ്റയ്ക്ക് ചുമന്നു കയറ്റുമെന്നും സബീർ ഷെയ്ഖ്. 

ഇവിടെ മാത്രമല്ല, ഉള്ളി വില കുതിച്ച് കയറിയപ്പോൾ, ബൈക്കുളയിലും സേവ്‍രിയിലും വഡാലയിലും ഇത്തരം മോഷണങ്ങൾ ഇവർ നടത്തിയിരുന്നത്രേ!