Asianet News MalayalamAsianet News Malayalam

Army Helicopter crash : 10 വർഷത്തിനിടെ തകർന്നത് 40-ലധികം സൈനിക ഹെലികോപ്റ്ററുകൾ, ചോപ്പർ ക്രാഷുകൾക്കു പിന്നിൽ

ചോപ്പർ ക്രാഷുകൾ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

40 + crashes of military helicopters in last 10 years, reasons for chopper crashes
Author
Delhi, First Published Dec 8, 2021, 3:56 PM IST
  • Facebook
  • Twitter
  • Whatsapp

സംയുക്ത സേനാ മേധാവി(Chief of Defence Staff) ബിപിൻ റാവത്ത് സഞ്ചരിച്ച  Mi 17 V5 സൈനിക ഹെലികോപ്റ്റർ (Helicopter) തകർന്നു വീണ് ഇതുവരെ 11 പേർ മരിച്ചു കഴിഞ്ഞു. ഇതിനുമുമ്പ് ഇതേ സൈനിക ഹെലികോപ്റ്റർ തന്നെയാണ് 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ ബദ്ഗാമിൽ തകർന്നു വീണ് ആറു സൈനികർ കൊല്ലപ്പെട്ടത്. 2021 സെപ്റ്റംബറിൽ ജമ്മു കശ്മീരിലെ തന്നെ ഉധംപൂരിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ്, രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. ഇങ്ങനെ ഹെലികോപ്റ്ററുകൾ തുടർച്ചയായ ക്രാഷുകളിൽ പെടുന്നത് എന്തുകൊണ്ടാണ്? ചോപ്പർ ക്രാഷുകൾ ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

ഈ ഭീമൻ യന്ത്രപ്പക്ഷികൾ ഉപയോഗിക്കപ്പെടുന്നത് അത്രമേൽ വിപരീത സ്വഭാവമുള്ള സാഹചര്യങ്ങളിലാണ് എന്നതുതന്നെയാണ് അപകടങ്ങൾക്കുള്ള ഒരു പ്രധാന കാരണം. ആകാശത്ത് ഒരു വിമാനം പറന്നുയരണം എന്നുണ്ടെങ്കിൽ റൺവേ, എയർ ട്രാഫിക് കൺട്രോളർ, മുൻ‌കൂർ നിശ്ചയിച്ച ഫ്ലൈറ്റ് പ്ലാനുകൾ എന്നിങ്ങനെ പലതിന്റെയും അകമ്പടിയുണ്ടായേ തീരൂ. എന്നാൽ, അത്തരം സൗകര്യങ്ങൾ ഒന്നുമില്ലാത്ത, വിദൂരസ്ഥവും വിമാനങ്ങൾക്ക് ചെന്നിറങ്ങാൻ പറ്റാത്തതുമായ ഇടങ്ങളിലേക്കാണ് സാധാരണ ചോപ്പറുകൾ തങ്ങളുടെ സോർട്ടികൾ നടത്താറുള്ളത്. 

ഒരുവിധം എല്ലായിടത്തും ലാൻഡ് ചെയ്യാം എന്നതുകൊണ്ട് ഹെലികോപ്ടറുകൾക്ക് ഉപയോഗം ഏറെയാണ്. സൈന്യത്തിന്റെ ഓപ്പറേഷനുകൾ, സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ, എയർ ആംബുലൻസ് സർവീസ്, അഗ്നിശമന സേവനം തുടങ്ങി പല കാര്യങ്ങൾക്കും ഇന്ന് ഹെലികോപ്ടറുകളാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട്, അവയ്ക്ക് പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളും പലപ്പോഴും ഏറെ ദുഷ്കരമായി എന്നുവരാം. 

അതുപോലെ, വിമാനങ്ങളെക്കാൾ മോശം കാലാവസ്ഥ ബാധിക്കുന്നത് ഹെലികോപ്ടറുകളെ ആണെന്നും പറയേണ്ടി വരും. അതുപോലെ യുദ്ധസാഹചര്യങ്ങളിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ വെടിവെച്ചിടപ്പെടുന്നതും വിമാനങ്ങളെക്കാൾ ഹെലികോപ്റ്ററുകൾ ആണ്. പ്രഷറൈസേഷൻ കൂടാതെ ഒരു ചോപ്പറിന് പറക്കാനാവുന്ന പരമാവധി ഉയരം 12,000 അടി മാത്രമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും, മൂടൽമഞ്ഞു പോലുള്ള വിപരീത സാഹചര്യങ്ങളിൽ  മലനിരകൾ, ഉയരം കൂടിയ കെട്ടിടങ്ങൾ തുടങ്ങിയവയിലേക്ക് അവ ഇടിച്ചിറങ്ങാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതിനെല്ലാറ്റിനും പുറമെയാണ്, സാഹചര്യം അടിയന്തര സ്വഭാവമുള്ളതാണ് എന്നതുകൊണ്ട് പൈലറ്റ് പ്രകടിപ്പിക്കാൻ സാധ്യതയുള്ള വെപ്രാളം. 

ആകാശത്തുകൂടി പറക്കുന്ന ഏതൊരു യന്ത്രവും ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് അതിന്റെ ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിംഗ് സമയത്താണ്. വിമാനങ്ങളെക്കാൾ കൂടുതൽ തവണ ടേക്ക് ഓഫ്/ ലാൻഡിംഗ് എന്നിവ നടത്തേണ്ടി വരുന്നത് കൊണ്ട് ആ കാരണത്താലും ഹെലികോപ്റ്ററുകൾ കൂടുതൽ അപകടങ്ങളിൽ ചെന്ന് പെടാറുണ്ട്. 

ഹെലികോപ്ടറുകൾക്ക് വിമാനങ്ങളെക്കാൾ കൂടുതൽ കറങ്ങുന്ന ഭാഗങ്ങളുണ്ട്. ഘടകങ്ങൾ കൂടുതലാണ് എന്നതുകൊണ്ട് തന്നെ ആ ഘടകങ്ങൾ പരാജയപ്പെടാനുളള സാധ്യതയും ഹെലികോപ്ടറുകളിൽ കൂടുതലുണ്ട്. ഒരു മെയിൻ റോട്ടർ, ഒരു ടെയിൽ റോട്ടർ, ഒരു ഗിയർ ബോക്സ്, ഒരു ഡ്രൈവ് ഷാഫ്റ്റ് എന്നീ പ്രധാന ഭാഗങ്ങളിൽ ഏതിനു തകരാറു വന്നാലും ചോപ്പർ നിയന്ത്രണം വിട്ടു ചുറ്റിത്തിരിഞ്ഞു നിലം പൊത്താൻ സാധ്യതയുണ്ട്. കറക്കം കൂടുതൽ ആണ് എന്നത് ഈ ഭാഗങ്ങൾക്ക് കേടുപാടുകൾ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. 

പുതുതായി അഭ്യസിക്കുന്ന ഒരാൾക്ക് ഹെലികോപ്റ്റർ അത്ര എളുപ്പത്തിൽ വഴങ്ങണമെന്നും ഇല്ല. ചോപ്പറിനെ മുന്നോട്ടോ പിന്നോട്ടോ നയിക്കുന്ന ജോയ്‌സ്‌റ്റിക്ക് എന്ന സൈക്ലിക് കൺട്രോൾ, അതിനെ മുകളിലേക്ക് ഉയർത്തുന്ന, താഴേക്കിറക്കുന്ന കളക്ടീവ് കൺട്രോൾ, ആന്റി ടോർക്ക് പെഡലുകൾ, എഞ്ചിനിൽ നിന്നുള്ള പവർ നിയന്ത്രിക്കുന്ന ത്രോട്ടിൽ കൺട്രോൾ, തുടങ്ങി ഏറെ ക്ലിഷ്ടമായ പലതും ഒരു ഹെലികോപ്റ്ററിൽ ഉണ്ട്. അതുകൊണ്ടുതന്നെ, പഠനകാലത്തെ അപകടങ്ങൾ ഹെലികോപ്റ്ററിൽ വിമാനത്തിൽ നടക്കുന്നതിന്റെ ഇരട്ടിയോളം നടക്കുന്നു എന്നാണ് കണക്ക്. 

ഇതിനു പുറമെ, നേരത്തെ കൃത്യമായി ഒരു ഫ്ലൈറ്റ് പ്ലാൻ ഉണ്ടാക്കി അത് പിന്തുടരാതിരിക്കുക, ഹെലികോപ്റ്റർ വേണ്ട വിധത്തിൽ സർവീസ് ചെയ്തു കൊണ്ട് നടക്കാതിരിക്കുക, വീണ്ടും വിധം അത് പ്രവർത്തിപ്പിക്കാതിരിക്കുക, സുരക്ഷിതമല്ല എന്നുറപ്പുണ്ടായിരുന്നിട്ടും വിപരീത സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ പറത്തുക, പൈലറ്റിനും മറ്റും വേണ്ട പരിശീലനം നൽകാതിരിക്കുക, കൃത്യമായ ഓപ്പറേറ്റിങ് മാനുവലുകളോ, പരിശീലന പദ്ധതികളോ ഇല്ലാതിരിക്കുക, സേഫ് ഓപ്പറേറ്റിങ് പ്രൊസീജ്യർ(SOP) അഥവാ സുരക്ഷിതമായ പ്രവർത്തന പദ്ധതി പിന്തുടരാതിരിക്കുക, ഹെലികോപ്റ്ററിനെ അപകടത്തിൽ പെടുത്താനുള്ള മനഃപൂർവ്വമായ അട്ടിമറി നടക്കുക തുടങ്ങിയ പല കാരണങ്ങളും വേറെയും ഉണ്ടാകാം.

Follow Us:
Download App:
  • android
  • ios