Asianet News MalayalamAsianet News Malayalam

5ജി സ്പെക്ട്രം ലേലം ഇന്ന് തുടങ്ങും;4കമ്പനികൾ രംഗത്ത്,5ജി ആദ്യമെത്തുക 13 നഗരങ്ങളിൽ

ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലൈയ്ൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികള്‍ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി

5g spectrum auction from today
Author
Delhi, First Published Jul 26, 2022, 6:31 AM IST

ദില്ലി: 5 ജി സ്പെക്ട്രം(5g spectrum) ലേലം(auction) ഇന്ന് ആരംഭിക്കും. മുൻ ലേലങ്ങളിലെ വിവാദങ്ങളും കമ്പനികളുടെ മത്സരവും അദാനിയുടെ കടന്ന് വരവുമെല്ലാം ഇത്തവണത്തെ ലേലത്തിന്‍റെ പ്രധാന്യം വർധിപ്പിച്ചിട്ടുണ്ട്. 

 

ജിയോ, അദാനി, എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ എന്നിവർ ആണ് മത്സരത്തിന് രംഗത്തുള്ളത്. ലേലം ചെയ്യുന്നത് 20 വര്‍ഷത്തേക്ക് 72 ഗിഗാഹെർഡ്സ് ആണ്.ആകെ മൂല്യം 4.3 ലക്ഷം കോടി രൂപയാണ്. 4ജി യേക്കാൾ പത്ത് ഇരട്ടി വേഗം ലഭിക്കും.എഎംഡി തുക ഏറ്റവും നിക്ഷേപിച്ചത് റിലൈയന്‍സ് ജിയോ ആണ്. 

ടെലികോം രംഗത്തേക്കില്ലെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട് ലക്ഷ്യം സ്വകാര്യ നെറ്റവര്‍ക്കെന്നും അദാനി പറയുന്നു. നാല് സ്ഥലങ്ങളില്‍ 5ജി പരീക്ഷണം നടത്തിയിട്ടുണ്ട് ട്രായ്.സർക്കാരും വ്യവസായ ലോകവും ആകാംഷയോടെ കാത്തിരിക്കുകയാണ്

ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. പിന്നാലെ റിലൈയ്ൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കന്പനികള്‍ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി. 

ലോ ഫ്രീക്വൻസി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വൻസ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ഉള്ളത്. ഇതില്‍ മിഡ് , ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളാണ് ടെലികോം കന്പനികള്‍ പ്രധാനമായും നോട്ടമിടുന്നത്. 5 ജി ഇന്‍റർനെറ്റ് നിലവിലെ 4ജിയേക്കാള്‍ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കും എന്നാണ് വിലയിരുത്തല്‍.

ലേലത്തില്‍ പങ്കെടുക്കുന്ന കന്പനികളുടെ എണ്ണം പരിമിതമായതും സ്പെക്ട്രം ആവശ്യത്തിന് ലഭ്യമായ സാഹചര്യവും ഉള്ളതിനാല്‍ വാശിയേറിയ ലേലം വിളികള്‍ ഒരുപക്ഷെ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെയൊക്കെ വിലയിരുത്തല്‍.

നിലവില്‍ നാല് കന്പനികളും കൂടി എഎംഡി എന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്.അതില്‍ റിലൈയ്ൻസ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്. എത്രത്തോളം എയര്‍വേവുകള്‍ കന്പനി വാങ്ങാന്‍ പോകുന്നുവെന്നതിന്‍റെ സൂചനകൂടിയാണ് ഈ തുകകള്‍. 

ഇത്തവണത്തെ ലേലത്തില്‍ ഒരു പ്രത്യേകതയുള്ളത് ആദ്യമായി സ്വകാര്യ കന്പനികള്‍ക്ക് നെറ്റ് വര്‍ക്കിനായി സ്പെക്ട്രം അനുവദിക്കുന്നു എന്നതാണ്. വ്യവസായ മേഖലയെ അത്ഭുതപ്പെടുത്തികൊണ്ട് ലേലത്തിലേക്ക് അദാനി കടന്നു വന്നത്. അത് പക്ഷെ ചർച്ചയായപ്പോള്‍ അഭ്യൂഹങ്ങള്‍ തള്ളി കന്പനി പറഞ്ഞത് തങ്ങള്‍ ടെലികോം രംഗത്തെക്കല്ലെന്നും അദാനി വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ഉടമസ്ഥതയിലുള്ള അനുബന്ധ കന്പനികളിലുമെല്ലാം സ്വകാര്യ നെറ്റ്‍വർക്ക് ഒരുക്കാനായാണ് സ്പെക്ട്രം മേടിക്കുന്നത് എന്നാണ്. ഇതൊടൊപ്പം കന്പനിയുടെ ഇന്‍റ‍ർനെറ്റ് സുരക്ഷയും ഒരൂ വിഷയമാണെന്ന് അദാനി ചൂണ്ടിക്കാട്ടിയിരുന്നു. അത് എന്തായാലും മറ്റ് നെറ്റ്‍വർക്ക് ഉപയോഗിക്കുന്പോഴുള്ള വിവരചോർച്ചയും സുരക്ഷയും അടക്കമുള്ള ഗൗരവമുള്ള വിഷയങ്ങള്‍ വീണ്ടും ചർച്ചയാക്കുന്നതിന് കാരണമാകുകയും ചെയ്തു.

ലേലം നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ട്രായ് ഭോപ്പാല്‍ , ദില്ലി വിമാനത്താവളം , ബെഗളൂരു മെട്രോ, കാണ്ട്‍ല തുറമുഖം തുടങ്ങിയിടങ്ങളില്‍ 5 ജി ലേലം പരീക്ഷിച്ചു കഴിഞ്ഞു. ഇനിയെന്തായാലും ലേലം എങ്ങനെ പോകുമെന്ന് വ്യവസായ ലോകവും ഒപ്പം വലിയ വരുമാനം പ്രതീക്ഷുന്നു സർക്കാരും ആകാംഷയോടെ കാത്തിരിക്കുന്നത്. 

സാധാരണക്കാരന്‍റെ ജീവിതത്തിൽ എന്ത് മാറ്റമാണ് 5ജി കൊണ്ടുവരാൻ പോകുന്നത്

5 ജി.5 ജി. 5 ജി. പറയാനും കേൾക്കാനും തുടങ്ങിയിട്ട് കുറച്ചായി. കണ്ണഞ്ചുന്ന വേഗത്തെക്കുറിച്ചാണ് കേൾക്കുന്നതിൽ കൂടുതലും, സെക്കൻഡുകൾ കൊണ്ട് സിനിമ ഡൗൺലോഡ് ചെയ്യാമെന്നതിനപ്പുറം ശരിക്കും എന്താണ് 5 ജി. .

കൂടുതൽ വേഗം,,കൂടുതൽ ബാൻഡ്‍വിഡ്ത്ത്. സെക്കന്റുകൾ കൊണ്ട് ഒരു സിനിമ ഡൌൺലോഡ് ചെയ്യാമല്ലോ എന്നതിൽ മാത്രം ഫൈവ് ജി വിപ്ലവത്തെ ഒതുക്കരുത്. ഇത് തുറന്നുതരുന്ന സാധ്യതകൾ വളരെ വലുതാണ്.ഒരു വാട്സാപ്പ് വീഡിയോ കോളോ ഓഡിയോ കോളോ ഒക്കെ ചെയ്യുന്പോൾ അപ്പുറമുളളയാൾക്ക് കേൾക്കാൻ താമസം നേരിടുന്നില്ലേ? നെറ്റ്വർക്കിലെ ഡിവൈസുകൾ പരസ്പരം സംസാരിക്കുന്നതിന് കാലതാമസം നേരിടുന്ന പ്രശ്നം അതായത് ലേറ്റൻസി ഇല്ലാതാകും ഫൈവ് ജി വരുന്പോൾ.

ഒരു വലിയ ആൾക്കൂട്ടത്തിൽ നിൽക്കുന്പോൾ, അതായത് പൊതുസമ്മേളനമോ ഉത്സവമോ പെരുന്നാളോ ഒക്കെ നടക്കുന്ന സ്ഥലങ്ങളിൽ നെറ്റ്വർക്ക് കിട്ടാത്ത പ്രശ്നമുണ്ടലോ. ഫൈവ് ജി വരുന്പോൾ ഇതും പരിഹരിക്കപ്പെടും.

5ജി നൽകുന്ന സൗകര്യം നെറ്റ്വർക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ്. സർവ്വീസ് പ്രൊവൈഡർമാർക്ക് പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനുമാകും.

കൂടുതൽ ഉപകരണങ്ങൾ ഓൺലൈനാകുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. വീട്ടിലെ ഫ്രിഡ്ജും എസിയുമൊക്കെ ഇപ്പോൾ തന്നെ ഓൺലൈനായിക്കഴിഞ്ഞു. പുതിയ കാല സ്മാർട്ട് വാഹനങ്ങൾ സ്വന്തം സിം കാ‍ർഡും ഡാറ്റ കണക്ഷനുമായി നിരത്തിലിറങ്ങി തുടങ്ങിയിട്ടുമുണ്ട്. ഈ മാറ്റത്തിനെ അടുത്ത പടിയിലേക്കുയർത്തും ഫൈവ് ജി. ഒരു വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരവും ഓൺലൈനാകുന്ന കാലമാണ് വരുന്നത്.

സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾക്ക് നെറ്റ്വർക്കിലേക്ക് അനായാസം കണക്ട് ചെയ്യാം. അതുമല്ലെങ്കിൽ വീട്ടിലിരുന്ന റിമോട്ട് കൺട്രോൾ പോലെ കാറിനെ നിയന്ത്രിക്കാം. മൊബൈലിൽ നൽകുന്ന കമാൻഡ് അതിവേഗം കാർ പ്രാവർത്തികമാക്കും. പര്സപരം ബന്ധപ്പെടുന്ന കാറുകളും ട്രാഫിക് നിയന്ത്രണ സംവിധാനവും ഒന്ന് ചേർന്നാൽ റോഡിലെ തടസവും തിരക്കുമെല്ലാം പരിഗണിച്ച് പരമാവധി സുഗമമായ യാത്രാ പാത തെരഞ്ഞെടുക്കാനാകും. നഗരമൊന്നാകെ ഓൺലൈനാകുമ്പോൾ സ്മാർട്ട് സിറ്റിയെന്നത് വെറും വാക്കല്ലാതാകും.

മെഡിക്കൽ മേഖലയിലും ഇത് അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്. റോബോട്ടുകളെ ഉപയോഗിച്ച് ദൂരത്തിരുന്ന് ശസ്ത്രക്രിയ നടത്താം.

നെറ്റ്വർക്ക് കൂടുതൽ ശക്തമാകുന്നത് ലൈവ് ടിവി ബ്രോഡ്കാസ്റ്റിംഗ് സങ്കൽപ്പത്തെ തന്നെ മാറ്റിമറിച്ചേക്കാം. നിലവിൽ 4ജിയിൽ പോലും ടിവിയോളം വേഗത്തിലല്ല കായിക മത്സരങ്ങളും മറ്റും ലൈവായി എത്തുന്നത്., ഫൈവ് ജി ടിവിയേക്കാൾ വേഗത്തിൽ ലൈവ് നിങ്ങലിലേക്കെത്തിക്കും. 4കെ ദൃശ്യമികവോടെ തന്നെ സെക്കൻഡുകളുടെ വൈകൽ പോലുമില്ലാതെ ലൈവ് ഫുട്ബോളും ക്രിക്കറ്റും പ്രേക്ഷകനിലേക്കെത്തും.

 

വെ‍ർച്വുൽ റിയാലിറ്റിയും ആഗ്മെന്‍റഡ് റിയാലിറ്റിയും കൂടുതൽ മെച്ചപ്പെടുമെന്നും ഉറപ്പ്. കളി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രേക്ഷകനെ വെ‍ർച്വലായി എത്തിക്കാം. ഓൺലൈൻ മീറ്റിംഗിൽ കളങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഇഷ്ട അന്തരീക്ഷത്തിൽ ഒരു റൂമിലിരുന്ന സംസാരിക്കുന്നത് പോലെ തന്നെ സംസാരിക്കാം. ഇതെല്ലാം കൂടുതൽ വേഗതയുള്ള നെറ്റ്വർക്ക് തുറന്നിടുന്ന ചില സാധ്യതകൾ മാത്രം.

പക്ഷേ നേരിടാൻ പോകുന്ന എറ്റവും വലിയ വെല്ലുവിളി 5 ജി തരംഗങ്ങൾക്ക് അധിക ദൂരം സഞ്ചരിക്കാനാവില്ല എന്നതാണ്. സിഗ്നൽ സ്രോതസിനും ഉപയോക്താവിനുമിടയിൽ ഒരു ചുമരുവന്നാൽ പോലും അത് വേഗതയെ ബാധിക്കും. അത് കൊണ്ട് തന്നെ 4ജിയേക്കാൾ കൂടുതൽ ടവറുകൾ വേണ്ടി വരും 5ജി എല്ലാവരിലേക്കുമെത്തിക്കാൻ അത് കൊണ്ട് തന്നെ നഗരമേഖലയിലായിരിക്കും സർവ്വീസ് പ്രൊവൈഡർമാർ ശ്രദ്ധ കേന്ദ്രീകരിക്കുക,. ഗ്രാമങ്ങളിലേക്കും ചെറു പട്ടണങ്ങളിലേക്കും 5ജിയെത്താൻ വൈകുമെന്ന് ചുരുക്കും.

മറ്റൊരു സാധ്യത കൂടി 5ജി തുറന്നിടുന്നുണ്ട്. നിലവിൽ മൊബൈൽ സേവന ദാതാക്കളുടം സിം ഉപയോഗിച്ചാണ് നമ്മൾ നെറ്റ്വർക്കിലേക്ക് കയറുന്നത്. 5ജി സ്പ്കെട്രം വാങ്ങാൻ പരമ്പരാഗത മൊബൈൽ കമ്പനികൾക്കപ്പുറം ചിലർ കൂടി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. സ്വന്തം ആഭ്യന്തര നെറ്റ്വർക്ക് ശക്തിപ്പെടുത്തലാണ് ഇപ്പോൾ ലക്ഷ്യമെങ്കിലും സാധാരണക്കാരനിലേക്കും ഈ നെറ്റ്വർക്ക് എത്തിയേക്കാം. സ്വന്തം നെറ്റ്വർക്കിലൂടെ മാത്രം കണക്ട് ചെയ്യാൻ അനുവദിക്കുന്ന വീഡിയോ സ്ട്രീമിംഗ് സർവ്വീസുകളുണ്ടായേക്കാം. നെറ്റ്ഫ്ലിക്സ് കാണാൻ നെറ്റ്ഫ്ലിക്സിന്റെ മോ‍ഡം വാങ്ങേണ്ടി വരുന്നത് പോലെയുള്ള സാഹചര്യം ഒരു പക്ഷേ സമീപ ഭാവിയിൽ കണ്ടേക്കാം.

Follow Us:
Download App:
  • android
  • ios