ലാൽ കൃഷ്ണ അദ്വാനി എന്ന ബിജെപിയുടെ പ്രബലനായ നേതാവ്,  1990  സെപ്തംബർ 25 -ന് ഒരു രഥയാത്ര പുറപ്പെട്ടു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നും തുടങ്ങി അയോധ്യയിലെ വിവാദ ക്ഷേത്രഭൂമിയായ്‌ അയോധ്യയിലേക്കായിരുന്നു ആ യാത്ര. പല സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്ന ആ യാത്ര ഒടുവിൽ ഒക്ടോബർ 30-ന് അയോധ്യയിൽ എത്തുമെന്നും ആ രഥയാത്രയെ അനുഗമിക്കുന്നവർ ചേർന്ന് ശ്രീരാമ ക്ഷേത്രം നിർമിക്കാനുള്ള 'കർ സേവ' തുടങ്ങുമെന്നും ആയിരുന്നു സങ്കൽപം.  കാര്യങ്ങളൊക്കെ അദ്വാനിയും ബിജെപിയും പ്രതീക്ഷിച്ച പോലെ തന്നെ നടന്നുകൊണ്ടിരുന്നു. രഥയാത്ര ഒക്ടോബർ 23-ന് ബിഹാറിലെ സമഷ്ടിപൂർ എന്ന സ്ഥലത്തെത്തിയപ്പോൾ, മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഉത്തരവനുസരിച്ച് പൊലീസ് അദ്വാനിയെ അറസ്റ്റു ചെയ്തു. അയോധ്യയിലേക്കുള്ള രഥയാത്രയും അവിടെ തടഞ്ഞു നിർത്തി. 

അതോടെ രാജ്യത്ത് രാഷ്ട്രീയ കോളിളക്കങ്ങൾ നടന്നു. ബിജെപി കേന്ദ്രം ഭരിച്ചിരുന്ന വിപി സിങ്ങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ലാലുവിന്റെ പാർട്ടി കൂടി പങ്കാളിയായിരുന്നു ആ സർക്കാരിൽ. ബിജെപിയുടെ പിന്തുണ നഷ്ടമായതോടെ സർക്കാർ മൂക്കും കുത്തി താഴെവീണു. ലാലു താൽക്കാലികമായി തടഞ്ഞു നിർത്തിയെങ്കിലും, രഥയാത്രയിൽ കൊളുത്തപ്പെട്ട കാട്ടുതീ 1992  ആയപ്പോഴേക്കും ആളിപ്പടരുകയും ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. 

ഈ പ്രശ്നങ്ങളുടെ അനുരണനങ്ങൾ ഗുജറാത്തിലും ഉണ്ടായി. ബിജെപിയും വിഎച്ച്പിയും സംയുക്തമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ അന്നുണ്ടായ അക്രമ സംഭവങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ അവിടെ ഒരു സാമുദായിക ലഹളയ്ക്ക് കാരണമായത്. ജാം നഗർ, ജംജോഡ്പൂർ എന്നിവിടങ്ങളിൽ വമ്പിച്ച ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. അവിടേക്ക് ലഹളകൾ അടിച്ചമർത്തി ക്രമസമാധാനനില നിയന്ത്രണവിധേയമാക്കാൻ വേണ്ടി സ്റ്റേറ്റ് പോലീസ് കൺട്രോൾ റൂമിൽ നിന്നും നിയോഗിക്കപ്പെട്ടതായിരുന്നു അന്ന് എ എസ്‌ പി റാങ്കിലുള്ള സഞ്ജീവ് ഭട്ട് ഐപിഎസിന്റെ കീഴിലുള്ള സ്പെഷ്യൽ ടീം. ഒരു മുസ്‌ലിം പള്ളിയും, പന്ത്രണ്ട് വീടുകളും ചുട്ടെരിച്ച് അക്രമാസക്തരായി നിന്ന ബിജെപി-വിഎച്ച്പി  സംഘത്തെ നേരിടുക എന്നതായിരുന്നു ആ  ടീമിന്റെ  ദൗത്യം. പ്രദേശത്ത്  കർഫ്യു പ്രഖ്യാപിക്കപ്പെട്ടു. 133  വിഎച്ച്പി പ്രവർത്തകർ അറസ്റുചെയ്യപ്പെട്ടു. ലാത്തി ചാർജിൽ 33  ലഹളക്കാർക്ക് പരിക്കുപറ്റി. അവരെ പോലീസ് തന്നെ ആശുപത്രിയിലാക്കി. 

അന്ന് കസ്റ്റഡിയിൽ എടുക്കപ്പെട്ട കൂട്ടത്തിൽ ഒരു പ്രഭുദാസ് വൈഷ്‌ണാനിയും ഉണ്ടായിരുന്നു. ലാത്തിച്ചാർജ്ജിൽ ആശുപത്രിയിലായവരുടെ കൂട്ടത്തിൽ പക്ഷേ, വൈഷ്‌ണാനി എന്നൊരു പേരുണ്ടായിരുന്നില്ല. അടുത്ത ദിവസം അറസ്റ്റുചെയ്ത നൂറോളം പേരെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അക്കൂട്ടത്തിൽ ഒരാളായിരുന്നു വൈഷ്‌ണാനിയും. കോടതിയിൽ വൈഷ്‌ണാനി പോലീസ് മർദനത്തെപ്പറ്റി പരാതിപ്പെട്ടതിന്റെ രേഖകളില്ല. ജയിലിലേക്ക് അയക്കുന്നതിനു മുമ്പും റിമാൻഡിൽ പാർപ്പിക്കുന്നതിനു മുമ്പും നടത്തിയ വൈദ്യപരിശോധനകളിലും ഒന്നും രേഖപ്പെടുത്തപ്പെട്ടിരുന്നില്ല. മൂന്നു ദിവസം ജയിലിൽ കിടന്നു വൈഷ്‌ണാനി. നാലാം ദിവസം കടുത്ത പുറം വേദനയും, കാലുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്നു അദ്ദേഹത്തെ ജയിലധികൃതർ സർക്കാർ ആശുപത്രിയിലേക്കയക്കുകയും, അവിടത്തെ ഓ പിയിൽ ചികിത്സിച്ച ശേഷം തിരികെ ജയിലിലേക്ക് അയക്കുകയും ചെയ്തു. ഏഴു ദിവസം റിമാൻഡിൽ കിടന്ന ശേഷം വൈഷ്‌ണാനിക്ക് ജാമ്യം കിട്ടി. 

വീട്ടിലെത്തി 3-4  ദിവസം കഴിഞ്ഞപ്പോൾ വൈഷ്‌ണാനി വീണ്ടും പുറം വേദന അനുഭവപ്പെടുന്നതായി അറിയിച്ചു. മൂത്രമൊഴിക്കാനും വലിയ പ്രയാസം അദ്ദേഹത്തിന് അനുഭവപ്പെടാൻ തുടങ്ങി. ജംജോഡ്പൂറിലേ ഡോക്ടർമാർ അദ്ദേഹത്തെ രാജ്‌കോട്ടിലെ ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അവിടെ വെച്ച് കിഡ്‌നിയുടെ തകരാറാണ് പ്രയാസങ്ങൾക്ക് കാരണം എന്ന് കണ്ടുപിടിക്കപ്പെടുകയും, ഡയാലിസിസ് നടത്താൻ നിർദേശിക്കുകയും ചെയ്തു. രാജ്‌കോട്ടിലെ ആശുപത്രിയിൽ വെച്ച് അഞ്ചാമത്തെ ദിവസം     വൈഷ്‌ണാനി മരിച്ചു. പോസ്റ്റ്മോർട്ടം നടത്താതെ  വൈഷ്‌ണാനിയുടെ സഹോദരൻ അദ്ദേഹത്തിന്റെ  മൃതദേഹം ഏറ്റുവാങ്ങി. മരണകാരണമായ ഡിസ്ചാർജ്ജ് സമ്മറിൽ രേഖപ്പെടുത്തപ്പെട്ടത് റാബ്‌ഡൊമൈലോസിസ് ആയിരുന്നു. തിരികെ വീട്ടിലേക്ക് പോവും വഴി, വണ്ടി തടഞ്ഞു നിർത്തിയ ബിജെപി-വിഎച്ച്പി പ്രവർത്തകർ വണ്ടി തിരികെ ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടത്താനും, കസ്റ്റഡിയിലെടുത്ത പോലീസുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടു. അന്ന് ആദ്യം ഗുജറാത്ത് പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിഐഡി അന്വേഷിക്കുകയുണ്ടായി. അവർ മജിസ്റ്റീരിയൽ കോടതി മുന്നാകെ സമർപ്പിച്ച ക്ളോഷർ റിപ്പോർട്ടിലും സഞ്ജീവ് ഭട്ടിനെതിരെയോ എഫ്‌ഐആറിൽ പേരുള്ള മറ്റു പോലീസുകാർക്കെതിരെയോ പരാമര്ശങ്ങളുണ്ടായിരുന്നില്ല. കോടതി പക്ഷേ, ആ ക്ളോഷർ റിപ്പോർട്ട് അംഗീകരിച്ചില്ല. അന്ന് സിഐഡി സഞ്ജീവ് ഭട്ട് അടക്കമുള്ള ബന്ധപ്പെട്ട പോലീസ് ഓഫീസർമാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സമ്മതം ചോദിച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നല്കുകയുണ്ടായില്ല. ആ കേസ് പിന്നീട് നടപടിക്രമങ്ങളുടെ നൂലാമാലകളിൽ പെട്ട് ഏറെ നാൾ പ്രത്യേകിച്ചൊരു കോലാഹലവുമുണ്ടാക്കാതെ ഇരുന്നു. ഗുജറാത്ത് കലാപങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാരും സഞ്ജീവ് ഭട്ടും തമ്മിൽ തെറ്റുന്നത്. വിശേഷിച്ചും ഹരേൻ പാണ്ഡ്യ വധക്കേസിലും, ഗുജറാത്ത് കലാപക്കേസുകളിലും സഞ്ജീവ് ഭട്ട് സംസ്ഥാനസർക്കാരിനെതിരെ തിരിഞ്ഞപ്പോഴാണ്, സർക്കാർ പഴയ കേസിൽ തങ്ങളുടെ പോലീസ് സേനയ്ക്ക് നൽകിയിരുന്ന സംരക്ഷണം പിൻവലിച്ചുകൊണ്ട് അവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദം നൽകിയത്. 

അന്നത്തെ ആ കസ്റ്റഡി മരണക്കേസാണ് ഇപ്പോൾ 29  വർഷങ്ങൾക്കു ശേഷം അന്തിമവിധിയായിരിക്കുന്നതും, സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ജയിൽ ശിക്ഷയിലേക്ക് നയിച്ചിരിക്കുന്നതും.